കാസര്‍കോട്: മഞ്ചേശ്വരത്ത് പാര്‍ട്ടിയിലുണ്ടായ തര്‍ക്കം കീഴ്ഘടകങ്ങളില്‍ അഭിപ്രായം പ്രകടനം മാത്രമാണെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍. ഓരോ നേതാക്കളും സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രിഹിക്കുന്ന അണികളുണ്ടാകും. ആദ്യ ഘട്ടത്തിലുണ്ടായ ഒരു വികാരം ചില അണികള്‍ പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഒന്നിച്ച് പ്രവര്‍ത്തിക്കും. അതാണ് ബിജെപിയുടെ സംസ്‌കാരം. പ്രവര്‍ത്തകരില്‍ വന്ന ചെറിയ ചെറിയ വികാരങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ശരിയാകുമെന്നും അദ്ദേഹം പറഞ്ഞു.

അതൃപ്തികള്‍ നേതാക്കളെ അറിയിക്കുന്നത് സ്വാഭാവികമാണ്. ഒരു കന്നഡ സ്ഥാനാര്‍ത്ഥി വേണമെന്ന് മഞ്ചേശ്വരത്തെ ജനങ്ങള്‍ ഒരുപാട് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. കന്നഡ, തുളു, മലയാളം എന്നീ ഭാഷകളില്‍ സ്വാധീനമുള്ള തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത് അത് കൊണ്ടാണ്. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും രവീശ തന്ത്രി പറഞ്ഞു. 

കഴിഞ്ഞ ദിവസം മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷനിടെ പാര്‍ട്ടി സംഘടനാ സെക്രട്ടറി എം.ഗണേശനെ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്തിന് പകരം രവീശ തന്ത്രിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. പ്രാദേശിക നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വികാരം മനസ്സിലാക്കാതെയാണ് നേതൃത്വം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

Content Highlights: Manjeswaram bjp conflict-Ravisha tantri kuntar