മഞ്ചേശ്വരം: ഉപതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. മഞ്ചേശ്വരം മണ്ഡലം കണ്‍വെന്‍ഷനിടെ പാര്‍ട്ടി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശനെ ബന്ദിയാക്കി.

സാധ്യതാപ്പട്ടികയില്‍ മുന്നിലുണ്ടായിരുന്ന ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിനു പകരം പാര്‍ട്ടി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. അഡ്വ. കെ. ശ്രീകാന്ത്, മുന്‍ പ്രസിഡന്റ് പി. സുരേഷ് കുമാര്‍ ഷെട്ടി, സംസ്ഥാന സമിതിയംഗം വി. ബാലകൃഷ്ണ ഷെട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം.

 പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരം മനസ്സിലാക്കാതെയാണ് നേതൃത്വം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. സ്ഥാനാര്‍ഥിപ്രഖ്യാപനം വൈകിയതിലെ അതൃപ്തിയും ഇവര്‍ പരസ്യമായി പ്രകടിപ്പിച്ചു. കുമ്പള, മീഞ്ച, മംഗല്‍പ്പാടി, പുത്തിഗെ പഞ്ചായത്തുകളില്‍നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളെക്കണ്ട് പ്രതിഷേധമറിയിച്ചു.