മിയാപ്പദവ് നൂര്‍ ജുമാമസ്ജിദ് പരിസരം. സമയം രാവിലെ പത്തര. റദ്ദുച്ച നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു കൊല്ലമാകുന്നു. ചെര്‍ക്കളവും റദ്ദുച്ചയും തുടങ്ങിവെച്ച വികസനം തുടര്‍ന്ന് കൊണ്ടുപോകേണ്ടത് നാടിന്റെ ആവശ്യമാണ്. ഉപതിരഞ്ഞെടുപ്പ് ഒരുവര്‍ഷം നീട്ടിക്കൊണ്ടുപോയി വികസനം മുരടിപ്പിച്ചവര്‍ക്കെതിരേ വിധിയെഴുതാന്‍ ഇതാ അവസരമായിരിക്കുന്നു. നമ്മുടെ സ്ഥാനാര്‍ഥി എം.സി.ഖമറുദ്ദീനെ ഏണി അടയാളത്തില്‍ വോട്ടുചെയ്ത് വിജയിപ്പിക്കണമെന്ന മീഞ്ച പഞ്ചായത്ത് യു.ഡി.എഫ്. കണ്‍വീനര്‍ ബി.മുഹമ്മദ്കുഞ്ഞിയുടെ സ്വാഗതപ്രസംഗം തീരുംമുമ്പേ ആള്‍ക്കൂട്ടത്തിനിടയില്‍ നിറഞ്ഞ ചിരിയും വിടര്‍ന്ന കൈകളുമായി യു.ഡി.എഫ്. സ്ഥാനാര്‍ഥി ഖമറുദ്ദീനെത്തി.

മഞ്ചേശ്വരത്തിന്റെ മതേതരസ്വാഭാവം ചരിത്രസംഭവങ്ങളുടെ പിന്തുണയോടെ തുളുവില്‍ നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ അടിവരയിട്ടുപറഞ്ഞ് യു.ഡി.എഫ്. ചെയര്‍മാന്‍ ദിവാകര്‍ മജിര്‍പ്പള്ള മൈക്ക് ഖമറുദ്ദീന് കൈമാറി. നിങ്ങളുടെ പ്രശ്‌നങ്ങളറിയാന്‍ ഞാനും കന്നഡയും തുളുവും പഠിക്കും. ഭാഷാന്യൂനപക്ഷങ്ങളുടെ കാര്യങ്ങള്‍ നിയമസഭയില്‍ മലയാളത്തില്‍ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ എനിക്കൊരവസരം നല്‍കണം. ബാലറ്റില്‍ ഒന്നാംനമ്പര്‍ പേര് എം.സി.ഖമറുദ്ദീനാണ്. ഒന്നാം നമ്പറുകാരനെ ഒന്നാംതരം ഭൂരിപക്ഷത്തോടെ ജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. ഖമറുദ്ദീന്‍ വോട്ടഭ്യര്‍ഥന അവസാനിപ്പിക്കുമ്പോഴേക്കും പ്രചാരണവാഹനം ബട്ടിപ്പദവിലേക്ക് കുതിച്ചു.

ബട്ടിപ്പദവില്‍ കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം അഡ്വ. ബി.സുബ്ബയ്യറൈ തുളുവില്‍ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് മൈക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷറഫിന് കൈമാറി. തുളുവിലും കന്നഡയിലും അഷറഫിന്റെ പ്രസംഗം കത്തിക്കയറുന്നതിനിടയില്‍ സ്ഥാനാര്‍ഥിയുമായി വാഹനമെത്തി. ആത്മീയ മധുവായി ബന്ധുജനഗളെ...എല്ലാവര്‍ക്കും നമ്മ വിനീത നമസ്‌കാര...മൈക്കില്‍ കന്നഡയുമായി ഖമറുദ്ദീനും ഒരു കൈ നോക്കി. പിന്നെ മലയാളത്തില്‍ വോട്ടഭ്യര്‍ഥന.

അപ്പോഴേക്കും ബേബിയണ്ണയെന്ന് പ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന മുന്‍ കര്‍ണാടകമന്ത്രി ബി.രമാനാഥറൈയും എം.എസ്.മുഹമ്മദുമെത്തി. ഇതാ കര്‍ണാടക നേതാക്കള്‍ എത്തിക്കഴിഞ്ഞെന്നും ഒന്നാംഘട്ടത്തില്‍ നമ്മള്‍ ജയിച്ചുകഴിഞ്ഞെന്നും ഖമറുദ്ദീന്റെ വാക്കുകള്‍ അണികള്‍ ആവേശത്തോടെ കൈയടിച്ച് സ്വീകരിച്ചു. തൊട്ടടുത്ത ഗാന്ധിനഗറിലെ സ്വീകരണപരിപാടിയില്‍ മൈക്കെടുത്തത് രമാനാഥറൈയായിരുന്നു. തന്ത്രി തന്ത്രിയായിരിക്കുന്നതാണ് തന്ത്രിക്കും നാടിനും നല്ലതെന്നും തന്ത്രിയെ തന്ത്രിയായിരുത്താന്‍ എല്ലാവരും ഒന്നിച്ചിറങ്ങണമെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ജനങ്ങള്‍ക്കിടയില്‍ ചിരിയും കൈയടിയും ഉയര്‍ത്തി.

ചുണ്ടില്‍ ഗാന്ധിയും ഹൃദയത്തില്‍ ഗോഡ്സെയുമായി നടക്കുന്ന ബി.ജെ.പി.ക്കാരനെ ചെറുക്കാനുള്ള അവസരമാണ് ഈ ഉപതിരഞ്ഞെടുപ്പെന്ന് തുടങ്ങി എന്‍.ഡി.എ.യുടെ തെറ്റായ നയങ്ങള്‍ ഓരോന്നും എണ്ണിപ്പറഞ്ഞ് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയംഗം ബഷീര്‍ വെള്ളിക്കോത്ത് മൊറത്തണയില്‍ കത്തിക്കയറി. ഉച്ചഭാഷിണിയിലൂടെ ഉയര്‍ന്ന വാക്കുകളുടെയും ആശയങ്ങളുടെയും ചൂടില്‍ നാട് ഉച്ചവെയില്‍ച്ചൂട് മറന്ന് സ്ഥാനാര്‍ഥിയെ കാത്തുനിന്നു. റദ്ദുച്ചയുടെ പിന്‍ഗാമിയാകാനും ഈ നാട്ടില്‍ വര്‍ഗീയതയില്ല, ജാതീയതയില്ല എന്ന് നിയമസഭയില്‍ പറയാനും എനിക്കൊരവസരം തരണമെന്ന് ഖമറുദ്ദിന്റെ അഭ്യര്‍ഥന.

ബജ്ജയില്‍ പ്രവര്‍ത്തകരൊത്ത് ഉച്ചയൂണ്‍. അതിനിടയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.യെത്തി. 'ഉപതിരഞ്ഞെടുപ്പ് നേരിട്ട് പരിചയമില്ലാത്തതിന്റെ ചില പ്രശ്‌നങ്ങളുണ്ട്. മണ്ഡലത്തിലെ വോട്ട് മാത്രമല്ല, ഇതില്‍ വിധി നിര്‍ണയിക്കുക. സൂക്ഷിക്കണം. എല്ലാ അടവുകളും കണ്ടറിഞ്ഞ് നീങ്ങണം.'- ഖമറുവിന്റെ ജയം ഉറപ്പാക്കുംവരെ മഞ്ചേശ്വരത്ത് കൈമെയ് മറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ തഴക്കംവന്ന രാഷ്ട്രീയക്കാരന്റെ ആത്മവിശ്വാസം.

കുറ്റ്യാടി എം.എല്‍.എ. പാറക്കല്‍ അബ്ദുള്ളയ്ക്കും വയനാട്ടില്‍നിന്നുള്ള കെ.പി.സി.സി. സെക്രട്ടറി കെ.കെ.അബ്രഹാമിനും ഹര്‍ഷാദ് വൊര്‍ക്കാടിക്കും ഒപ്പം ഖമറുദ്ദീനും പ്രാദേശികനേതാക്കളും നേരെ മൊഡബയലിലേക്ക്. സൈക്കിളില്‍പോലും പോകാനാകാത്ത റോഡുകള്‍ ഇന്നും തന്റെ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടെന്നും ചെര്‍ക്കളവും റദ്ദുച്ചയും മഞ്ചേശ്വരത്തെ റോഡുകളില്‍ തീര്‍ത്ത വിപ്ലവം കണ്ട് താന്‍ തരിച്ചുപോവുകയാണെന്നും പാറക്കലിന്റെ പ്രസംഗം.

ഈ വികസനം പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കണം. വികസനത്തുടര്‍ച്ചയ്ക്ക് ഖമറുദ്ദീനെ വിജയിപ്പിക്കണം -അദ്ദേഹം വാക്കുകള്‍ നിര്‍ത്തുമ്പോഴേക്കും മൈക്ക് ഏറ്റുവാങ്ങി ഖമറുദ്ദീന്‍ പ്രസംഗം തുടങ്ങി. പിന്നെ മൊഗറിലേക്ക്...പ്രചാരണവാഹനത്തില്‍നിന്ന് മാപ്പിളപ്പാട്ടിന്റെ ഇശലില്‍ പാട്ടുയര്‍ന്നു -മഞ്ചേശ്വരം മണ്ഡലത്തിന് സാരഥിയായി... മുന്നിലിതാ എം.സി.ഖമറുദ്ദീന്‍ സാഹിബ്..