കാസർകോട്: ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചുകൊണ്ട് യുവതികൾക്കും പോകാമെന്ന അഭിപ്രായക്കാരനാണ് താനെന്ന് മഞ്ചേശ്വരം മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി എം.ശങ്കർ റൈ വ്യക്തമാക്കി. ഞാൻ ശബരിമലയിൽ പോയ ആളാണ്. ആചാരങ്ങൾ പാലിച്ചുകൊണ്ടാണ് പോയത്. എന്റെ ഗുരസ്വാമി കർശനചിട്ടയുള്ള ആളായിരുന്നു. യഥാർഥ വിശ്വാസിയായ കമ്യൂണിസ്റ്റാണ് ഞാൻ. മാത്രമല്ല, അമ്പലക്കമ്മിറ്റി പ്രസിഡന്റുമാണ്. അതിനൊന്നും ഞാൻ വിശ്വസിക്കുന്ന പാർട്ടി എതിരല്ല -മഞ്ചേശ്വരം മണ്ഡലത്തിലെ മുഖ്യ സ്ഥാനാർഥികളുമായി കാസർകോട് പ്രസ് ക്ലബ്ബ് നടത്തിയ മുഖാമുഖം പരിപാടിയിൽ ശബരിമലപ്രശ്നത്തിൽ നിലപാട് ആരാഞ്ഞപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വ്രതാനുഷ്ഠാനങ്ങൾ പാലിച്ചുവേണം ശബരിമലയിൽ പോകാൻ. അതു പാലിക്കാതെ ഞാൻ പോയാലും നിങ്ങൾ പോയാലും നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ പോയാലും തെറ്റാണ് -ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് അദ്ദേഹം പറഞ്ഞു. ഈ വ്രതാനുഷ്ഠാന കർമങ്ങൾക്കകത്തുനിന്നുകൊണ്ട് യുവതികൾക്കും പ്രവേശിക്കാം. അത് തട്ടിക്കളഞ്ഞുകൊണ്ടോ അതിനെതിരായോ പ്രവേശിക്കാൻ പാടില്ല -അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിൽ കോടതിവിധി നടപ്പാക്കണമെന്ന അഭിപ്രായക്കാരനാണോ എന്ന ചോദ്യത്തിന് ‘കോടതിവിധി നടപ്പാക്കും. അത് വേറെ കാര്യം, അത് സർക്കാർ ചിന്തിക്കേണ്ട കാര്യമാണ്, അതേപ്പറ്റി കോടതി പിന്നെയും ചിന്തിക്കുന്നുണ്ടല്ലോ’ എന്നായിരുന്നു മറുപടി. ചിലർ തലയിൽ മുണ്ടിട്ട് കയറാൻ ശ്രമിച്ചല്ലോ എന്ന ചോദ്യത്തിന് അതേപ്പറ്റിയൊന്നും തനിക്കറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

content highlights: manjeswar byelection ldf candidate shankar rai on sabarimala women entry