ദ്ഭുതങ്ങളും അട്ടിമറികളുമൊന്നും സംഭവിച്ചില്ല, വര്‍ഷങ്ങളായുള്ള പതിവുതെറ്റിക്കാതെ തുളുനാടിന്റെ മണ്ണ് വീണ്ടും യുഡിഎഫിനൊപ്പം നിന്നു. എന്നാല്‍, ഇത്തവണ വിജയത്തിന് പൊന്നിന്റെ തിളക്കമുണ്ട്. കഴിഞ്ഞ തവണ ഭൂരിപക്ഷം രണ്ടക്കം കടന്നില്ലെങ്കില്‍ ഇത്തവണ അത് നാലക്കത്തിലേക്ക് ഉയര്‍ന്നു. മുന്‍ എംഎല്‍എ പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായെത്തിയ എം.സി കമറുദ്ദീന് 7923 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ചാണ് മഞ്ചേശ്വരം നിയമസഭയിലേക്ക് അയയ്ക്കുന്നത്. 

വിജയം പോലെതന്നെ രണ്ടാം സ്ഥാനത്തിലും മൂന്നാം സ്ഥാനത്തിലും മാറ്റങ്ങള്‍ സംഭവിച്ചില്ല. പരാജയത്തിലും കയ്പിന്റെ ആധിക്യം ഏറിയിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍ 57484 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ 38233 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2016-ലെ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കാണ് യുഡിഎഫ് മഞ്ചേശ്വരം പിടിച്ചതെങ്കില്‍ ഇത്തവണ ഭൂരിപക്ഷം 7923 ആയി ഉയര്‍ത്തിയാണ് മഞ്ചേശ്വരം നിലനിര്‍ത്തിയത്. 

ഇടതുപക്ഷത്തെ സംബന്ധിച്ച് താരതമ്യേന പരിക്ക് കുറഞ്ഞ വീഴ്ചയാണിതെങ്കില്‍, ബിജെപിയെ സംബന്ധിച്ച് ഇത് വന്‍ വീഴ്ചയാണ്. കാരണം, 2016-ല്‍ 89 വോട്ടുകള്‍ക്കു മാത്രം കൈവിട്ടുപോയ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 11,000-ത്തില്‍ അധികം വോട്ടുകള്‍ നേടിയ നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ 7923 വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്.

കള്ളവോട്ട് എന്ന കള്ളക്കഥയുണ്ടാക്കി ഒരുവര്‍ഷത്തിലധികം മഞ്ചേശ്വരത്തിന് എംഎല്‍എ ഇല്ലാതാക്കിയത് ബിജെപിക്ക് തിരിച്ചടിയാകുമെന്ന് മുസ്‌ലീം ലീഗ് പ്രചാരണത്തിലുടനീളം ആരോപിച്ചിരുന്നു. ഇതിനുപുറമെ, സംസ്ഥാന സര്‍ക്കാരിനെതിരേ ശബരിമല വിഷയവും പെരിയയിലെ ഇരട്ടകൊലപാതവും പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫിന് സാധിച്ചതാണ് മഞ്ചേശ്വരത്തെ വിജയത്തിന്റെ പ്രധാന ഘടകങ്ങള്‍.

ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്ന് ബിജെപി അടിയുറച്ച് വിശ്വസിച്ചിരുന്ന മണ്ഡലമാണ് മഞ്ചേശ്വം. അതുകൊണ്ടുതന്നെ മണ്ഡലത്തിനിണങ്ങുന്ന സ്ഥാനാര്‍ഥിയെ ഇറക്കുകയും വിജയത്തിനായി പാര്‍ട്ടി സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ലെന്ന് മാത്രമല്ല, കാര്യമായ വോട്ടുചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍.    

89 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ കൈവിട്ടുപോയ മഞ്ചേശ്വരം പിടിച്ചെടുക്കണമെന്ന ഉദ്ദേശ്യത്തോടെ ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെയാണ് എന്‍ഡിഎ ഗോഥയിലിറക്കിയത്. 2016 നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു രവീശ തന്ത്രി കുണ്ടാര്‍. എന്നാല്‍, കഴിഞ്ഞ തവണ സുരേന്ദ്രന്‍ നേടിയ വോട്ടുപോലും ബിജെപിക്ക് നേടാന്‍ സാധിച്ചില്ല.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ വിശ്വസികള്‍ക്കെതിരാണെന്ന പ്രചാരണവുമായിരുന്നു മഞ്ചേശ്വരത്തെ ബിജെപിയുടെ പ്രധാന പ്രചാരണായുധങ്ങള്‍. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളും പ്രചാരണത്തില്‍ ഉന്നയിക്കപ്പെട്ടെങ്കിലും അതൊന്നും പ്രതീക്ഷിച്ച തോതില്‍ വോട്ടായി മാറിയില്ലെന്നു വേണം കരുതാന്‍.

കേരളത്തിലെ 140 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഏറ്റവും കുറഞ്ഞ സംഘടനാ ശേഷിയുള്ള മണ്ഡലമായാണ് മഞ്ചേശ്വരം വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ എല്‍ഡിഎഫിനെ സംബന്ധിച്ച് വലിയ നിരാശ നല്‍കുന്ന പരാജയമായി മഞ്ചേശ്വരത്തെ തോല്‍വിയെ കാണേണ്ടതില്ല. 2006-ല്‍ സി.കുഞ്ഞമ്പു വിജയിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം രണ്ടും മൂന്നും സ്ഥാനത്തേക്ക് ഇടതുപക്ഷം പിന്തള്ളപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്.

അതേസമയം, മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി എല്‍ഡിഎഫ് ഇത്തവണ മത്സരരംഗത്ത് ശക്തമായ സാന്നിധ്യമായിരുന്നു. ഇതിന്‍റെ ഭാഗമായാണ് പ്രദേശിക സിപിഎം നേതാവും ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടയാളുമായ ശങ്കര്‍ റൈയെ മത്സരരംഗത്തെത്തിച്ചത്. ഇതിനുപുറമെ, മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മറ്റ് മന്ത്രിമാരുമടക്കം പാര്‍ട്ടി സംവിധാനങ്ങളെല്ലാം പ്രചാരണരംഗത്ത് സജീവമായിരുന്നു.

മഞ്ചേശ്വരത്തെ വിജയത്തെ മുസ്‌ലീം ലീഗിന്‍റെ സ്വന്തം നേട്ടമായും വിശേഷിപ്പിക്കാം. നിലവില്‍ യുഡിഎഫ് മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്‌ലീം ലീഗ് ഈ വിജയത്തോടെ കോണ്‍ഗ്രസിനോളം തന്നെ ശക്തരാകുകയാണെന്ന് വേണം വിലയിരുത്താന്‍. മഞ്ചേശ്വരത്തെ വിജയത്തുടര്‍ച്ചയോടെ 18 എംഎല്‍എമാരും മൂന്ന് എംപിമാരുമുള്ള പാര്‍ട്ടിയായി മാറുകയാണ് മുസ്‌ലീം ലീഗ്.