കേരളത്തിന്റെ തെക്കേയറ്റത്തെ മണ്ഡലമായ നേമം പിടിച്ചെടുത്തതുപോലെ വടക്കേയറ്റമായ മഞ്ചേശ്വരത്തും സാന്നിധ്യമറിയിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. കഴിഞ്ഞ തവണ 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കൈവിട്ടുപോയ മണ്ഡലം വ്യക്തമായ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാനുറച്ചാണ് ഈ നാട്ടുകാരനായ രവീശ തന്ത്രി കുണ്ടാറിനെ ബിജെപി കളത്തില്‍ ഇറക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ വിജയസാധ്യതയും പ്രതീക്ഷകളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.

? മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിയുടെ അനുകൂല ഘടകങ്ങളും വിജയസാധ്യതയും

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭരണമുന്നേറ്റം മഞ്ചേശ്വരത്തും ചര്‍ച്ചാവിഷയമാണ്. അതിനുപുറമെ, ശബരിമലയിലെ ആചാരസംരക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങളും മഞ്ചേശ്വരത്ത് ആളുകളുടെ മനസിലുള്ളതിനാല്‍ ഇത്തവണ ഇവിടുത്തെ വോട്ടര്‍മാര്‍ എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുമെന്നും മികച്ച വിജയം നേടാന്‍ കഴിയുമെന്നും ആത്മവിശ്വാസമുണ്ട്.

1987 മുതല്‍ തന്നെ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിക്ക് വിജയിക്കാനുള്ള സാഹചര്യം നിലനിന്നിരുന്നു. പക്ഷെ, എന്ത് വിലകൊടുത്തും ബിജെപിയെ പരാജയപ്പെടുത്തുമെന്ന തീരുമാനവും, എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയവും മൂലം ഈ മണ്ഡലം ബിജെപിക്ക് നഷ്ടപ്പെടുകയായിരുന്നു. 2016-ല്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. ഒത്തുതീര്‍പ്പ് രാഷ്ട്രീയവും കള്ളവോട്ടുമാണ് പരാജയത്തിന് കരണം.

? മഞ്ചേശ്വരം മണ്ഡലത്തിലെ ക്രോസ് വോട്ടിങ്ങ് ആരോപണം

ഇത്തവണയും മഞ്ചേശ്വരത്ത് ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടന്നേക്കാം. എങ്കിലും എന്‍ഡിഎയ്ക്ക് അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ലോകത്താകമാനം നടക്കുന്ന സംഭവവികാസങ്ങള്‍ ഒരോ ആളുകളും കാണുന്നതുകൊണ്ട് ഇവിടെയും ഒരു മാറ്റം ആവശ്യമാണെന്ന തോന്നല്‍ ആളുകളിലുണ്ട്. അതുകൊണ്ടുതന്നെ നിഷ്പക്ഷമായ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് പ്രചാരണങ്ങളിലുടനീളം മനസിലാകുന്നത്.

? മഞ്ചേശ്വരത്ത് എന്‍ഡിഎയുടെ പ്രധാന എതിരാളി

ഇവിടെ എന്‍ഡിഎയുടെ എതിരാളി യുഡിഎഫ് ആണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഒരു തവണമാത്രം ഇവിടെ എല്‍ഡിഎഫ് ജയിച്ചത് ഒഴിച്ചാല്‍ ബാക്കി വര്‍ഷങ്ങളില്‍ ഈ മണ്ഡലം യുഡിഎഫിനൊപ്പമായിരുന്നു. നിലവിലെ വോട്ട് ശതമാനം പരിശോധിച്ചാല്‍ ഒന്നാം സ്ഥാനത്ത് എന്‍ഡിഎയും തൊട്ടുപിന്നില്‍ യുഡിഎഫുമാണ്. അതുകൊണ്ട് ഇവിടെ എന്‍ഡിഎ മത്സരിക്കുന്നത് യുഡിഎഫിനോടാണ്.

? മണ്ഡലത്തില്‍ എന്‍ഡിഎയുടെ പ്രധാന പ്രചാരണായുധം

മഞ്ചേശ്വരത്ത് ബിജെപിക്ക് നിരവധി പ്രചാരണായുധങ്ങളാണുള്ളത്. കേരളത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ഇത് ഞങ്ങളുടെ ആരോപണമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു. കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, റോഡ്, കൃഷി, തുടങ്ങി ഒരു മേഖലയിലും ഇവിടെ വികസനം നടന്നിട്ടില്ല. 

വികസനത്തിന് രാഷ്ട്രീയമില്ലെന്ന മുദ്രാവാക്യമാണ് നരേന്ദ്ര മോദി ഉന്നയിച്ചിട്ടുള്ളത്. മഞ്ചേശ്വരത്ത് കാലങ്ങളായി ജയിച്ചുവന്നവര്‍ ഒരു വികസനവും നടപ്പാക്കിയിട്ടില്ല. ഞങ്ങള്‍ക്ക് ഒരു ഒന്നരവര്‍ഷം സമയം തന്നാല്‍ വികസനം ഞങ്ങള്‍ നടപ്പാക്കി കാണിക്കും. ഇത് നടപ്പാക്കിയില്ലെങ്കില്‍ 2021-ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് തീരുമാനം തിരുത്താനുള്ള സാഹചര്യം ലഭിക്കും.

? സ്ഥാനാര്‍ഥിത്വത്തിലെ ഭിന്നസ്വരങ്ങള്‍ പ്രചാരണത്തെ പ്രതികൂലത്തിലാക്കുമോ

സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധം ഉണ്ടായിട്ടില്ല. സാധ്യത പട്ടികയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകാന്ത്, പ്രാദേശിക നേതാവായ സതീഷ് ചന്ദ്ര ഭണ്ഡാരി, രവീശ തന്ത്രി കുണ്ടാര്‍ എന്നീ മൂന്നുപേരുകളാണ് ഉണ്ടായിരുന്നത്. ഈ പേരുകളില്‍ യാതൊരു പ്രതിഷേധവും ഉയര്‍ന്നിട്ടില്ല. പ്രതിഷേധം എന്നത് വെറും മാധ്യമ സൃഷ്ടിയാണ്. 

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പരാജയം ഉറപ്പായപ്പോള്‍ ബിജെപിയുടെ ശക്തി കുറയ്ക്കുന്നതിനായി പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടെന്ന് പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇത് വിലപ്പോയില്ല, മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലും ബിജെപി പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നുണ്ട്.

? ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയില്‍ ആശങ്കയുണ്ടോ

കാസര്‍കോട് മാത്രമല്ല, കേരളത്തിലൂടനീളമുണ്ടായിരുന്ന വികാരം എന്തുവില കൊടുത്തും എല്‍ഡിഎഫിനെ പരാജയപ്പെടുത്തണമെന്നതായിരുന്നു. ഇതിന് ശബരിമല പ്രശ്‌നം ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ ഉണ്ടായിരുന്നു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ ജയിക്കില്ല എന്നുള്ളത് കൊണ്ട് ജനങ്ങള്‍ യുഡിഎഫിന് വോട്ടുനല്‍കുകയായിരുന്നു. 

അതേസമയം, മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞതവണ സുരേന്ദ്രന്‍ നേടിയ വോട്ടിനെക്കാള്‍ വോട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നു. ഞങ്ങളുടെ വോട്ട് എവിടെയും പോയിട്ടില്ലെന്ന് മാത്രമല്ല, 600 വോട്ടുകള്‍ കൂടിയിട്ടുമുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ വികസനം കാത്തിരിക്കുന്ന ജനങ്ങളും വിശ്വാസി സമൂഹവും എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുമെന്നും മികച്ച വിജയം സമ്മാനിക്കുമെന്നും വിശ്വാസമുണ്ട്.

? ഭാഷ ന്യൂനപക്ഷ മേഖലകളില്‍നിന്ന് രണ്ട് സ്ഥാനാര്‍ഥികളുണ്ട്, ഇത് വോട്ട് ഭിന്നിപ്പിക്കുമോ

ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളില്‍ ഏറ്റവുമധികം ഇടപെട്ടിട്ടുള്ള പാര്‍ട്ടിയേതാണെന്ന് ജനങ്ങള്‍ക്ക് അറിയാം. ഈ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമരമുഖത്തുണ്ടായിരുന്ന ഏക ഭരണകക്ഷി എന്‍ഡിഎയാണ്. അതുകൊണ്ടുതന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഭാഷാന്യൂനപക്ഷ വിഭാഗകാരനായത് എന്‍ഡിഎയ്ക്ക് യാതൊരു വെല്ലുവിളിയും സൃഷ്ടിക്കില്ല. ഭാഷാന്യൂനപക്ഷത്തിലെ നിഷ്പക്ഷ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കും. 

? തിരഞ്ഞെടുപ്പ് മേഖലയിലെ നേരിടുന്ന പ്രതികൂല സാഹചര്യം

മണ്ഡലത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഒന്നുമില്ല. ഉപതിരഞ്ഞെടുപ്പ്‌ ആയതിനാല്‍ തന്നെ മറ്റ് മണ്ഡലങ്ങളില്‍ നിന്നുപോലും എല്ലാ രാഷ്ട്രീയ കക്ഷികളിലേയും ആളുകള്‍ പ്രവര്‍ത്തന മേഖലയിലുണ്ട്. ഇത് എന്‍ഡിഎയ്ക്കുമുണ്ട്. അതുകൊണ്ട് തന്നെ ഇതുവരെ പ്രതികൂല സാഹചര്യങ്ങള്‍ ഒന്നും മണ്ഡലത്തിലില്ല.

? കേന്ദ്രത്തിലും കര്‍ണാടകയിലും ബിജെപി അധികാരത്തിലുള്ളത് എന്‍ഡിഎയ്ക്ക് ഗുണമാകുമോ

2014 മുതല്‍ 2019 വരെ നരേന്ദ്ര മോദി നടത്തിയ നല്ല ഭരണമാണ് എന്‍ഡിഎയ്ക്ക് ഭരണതുടര്‍ച്ച നല്‍കിയത്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും ലക്ഷ്യം നരേന്ദ്ര മോദിയെ തോല്‍പ്പിക്കുക എന്നതായിരുന്നു. എന്നാല്‍, ജനപിന്തുണ അദ്ദേഹത്തിനൊപ്പമായിരുന്നു. കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്താനും കാരണം മോദി ഭരണത്തിന്റെ മികവാണ്. ഇത് മഞ്ചേശ്വരത്തെ ജനങ്ങള്‍ കാണുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി വരും.

? കേരളാ നിയമസഭയിലെ ബിജെപിയുടെ രണ്ടാം പ്രതിനിധിയാകുമോ

കേരളത്തിന്റെ തെക്ക് നിന്ന് രാജഗോപാലും വടക്കുനിന്ന് ഞാനും എന്ന നിലയില്‍ രണ്ടാം പ്രതിനിധിയാകും. എന്നാല്‍, സീനിയോരിറ്റിയുടെ അടിസ്ഥാനത്തില്‍ ഞാന്‍ നാലാമന്‍ ആയിരിക്കും. നിലവില്‍ രാജഗോപാല്‍ നിയമസഭയിലുണ്ട്. ഇനി വട്ടിയൂര്‍കാവില്‍ എസ്.സുരേഷും, കോന്നിയില്‍ സുരേന്ദ്രനും, മഞ്ചേശ്വരത്ത് ഞാനും ജയിക്കും, മറ്റ് രണ്ടുപേരും മുതിര്‍ന്ന നേതാക്കള്‍ ആയതിനാല്‍ ഞാന്‍ നാലാമനായിരിക്കും. 

? മഞ്ചേശ്വരത്ത് നടപ്പിലാക്കേണ്ട വികസനപദ്ധതികള്‍

കുടിവെള്ള പദ്ധതിക്കായിരിക്കും പ്രഥമിക പരിഗണന. മണ്ഡലത്തില്‍ വലിയ ടാങ്കുകളും പൈപ്പുകളുമുണ്ട്. അതില്‍ വെള്ളമുണ്ടായിരുന്നെങ്കില്‍ ഇവിടെ കുടിവെള്ള ക്ഷാമം വരില്ലായിരുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന പണം വാങ്ങി ടാങ്കുകളും പൈപ്പ് ലൈനുകളും നിര്‍മിക്കുന്നതൊഴിച്ചാല്‍ ശാസ്ത്രീയമായ ഒരു പഠനവും മുന്‍ എംഎല്‍എമാര്‍ നടത്തിയിട്ടില്ല. അതുകൊണ്ട് കുടിവെള്ളത്തിന് കൂടുതല്‍ പ്രധാന്യം നല്‍കും.

റോഡ്, കൃഷി, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും മഞ്ചേശ്വരത്ത് പ്രശ്‌നങ്ങളെ ഉള്ളൂ. കേരളത്തിലാണെങ്കില്‍ കൂടി മഞ്ചേശ്വരവും കേരളത്തിലെ മറ്റ് സ്ഥലങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. കര്‍ണാടകയോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലമായതിനാല്‍ ഇവിടുത്തെ ജനങ്ങള്‍ പലതും സഹിച്ചാണ് ജീവിക്കുന്നത്. ഈ അവസ്ഥ ചന്ദ്രഗിരി പുഴയ്ക്ക് അപ്പുറമാണെങ്കില്‍ എംഎല്‍എമാര്‍ക്ക് പല പ്രശ്‌നങ്ങള്‍ നേരിടുമായിരുന്നു.

? മുന്‍ അധികാരികള്‍ വരുത്തിയ വീഴ്ചകള്‍

പല വര്‍ഷങ്ങളായി ഇവിടെ എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചു. ഇവിടെ എന്ത് വികസനം ഉണ്ടായെന്ന് ജനങ്ങള്‍ക്ക് അറിയാം. എന്നാല്‍, ഞങ്ങള്‍ എപ്പോഴും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകും. ഇനി വരാനിരിക്കുന്ന ഒന്നര വര്‍ഷത്തെ വികസനം വിലയിരുത്തി 2021-ല്‍ എന്‍ഡിഎയുടെ എംഎല്‍എ വേണോയെന്ന് ജനങ്ങള്‍ തീരുമാനിക്കും. രാഷ്ട്രീയം മറികടന്ന് വികസനം മതിയെന്ന് പറഞ്ഞ് വലിയ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ എന്‍ഡിഎയെ വീണ്ടും ജയിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 

? ഭൂരിപക്ഷം സംബന്ധിച്ച് പാര്‍ട്ടി കണക്കുകള്‍

ഇത് സംബന്ധിച്ച ഒരു ചര്‍ച്ചകളും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. കഴിഞ്ഞ തവണ വെറും 89 വോട്ടുകള്‍ക്കാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. എന്നാല്‍, ഇത്തവണ ഭേദപ്പെട്ട ഭൂരിപക്ഷം നേടി വിജയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Content Highlights: Manjeshwaram Bypoll- NDA Candidate Raveesha Thanthri Kuntar