ന്തരീക്ഷത്തിലെ ചൂടിനെക്കാള്‍ ഉയര്‍ന്ന തിരഞ്ഞെടുപ്പ് ചൂടിലാണ് മഞ്ചേശ്വരം. കോട്ട കാക്കാന്‍ യുഡിഎഫും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട വിജയം നേടാന്‍ എന്‍ഡിഎയും ഒരു പതിറ്റാണ്ടിനുശേഷം മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ആ നാട്ടുകാരനെ, അതും ഭാഷാ ന്യൂനപക്ഷ മേഖലയില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ് എല്‍ഡിഎഫിന് വേണ്ടി മത്സരരംഗത്തുള്ളത്. എല്‍ഡിഎഫിന്റെ പ്രതീക്ഷകളെ കുറിച്ച് സ്ഥാനാര്‍ഥി ശങ്കര്‍ റൈ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

? പാലായില്‍ നേടിയ വിജയം മഞ്ചേശ്വരത്തും ആവര്‍ത്തിക്കുമോ

പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെയും എന്റെയും വിശ്വാസം. കാരണം മഞ്ചേശ്വരത്തെ ജനങ്ങള്‍ അവര്‍ക്കിടയില്‍ നിന്നുള്ള ഒരാള്‍ ജനപ്രതിനിധിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്.

? എല്‍ഡിഎഫിന്റെ പ്രധാന എതിരാളി

മഞ്ചേശ്വരം മണ്ഡലത്തില്‍ പ്രധാന എതിരാളിയും പ്രധാന്യം കുറഞ്ഞ എതിരാളിയും ഇല്ല. ഈ മണ്ഡലത്തില്‍ യുഡിഎഫിനെയും എന്‍ഡിഎയേയും പരാജയപ്പെടുത്തുകയെന്നതാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.

? മഞ്ചേശ്വരത്ത് എന്‍ഡിഎഫിനുള്ള അനുകൂല ഘടകങ്ങള്‍

പ്രാദേശിക നേതാവ് എന്നുള്ളത് അനുകൂല ഘടകമാണ്. ഏത് പ്രവര്‍ത്തനങ്ങളിലും ഒരു വിലയിരുത്തല്‍ നടത്തുന്ന പാര്‍ട്ടിയാണ് സിപിഎം. അത്തരം വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്ത് ഒരു പ്രാദേശിക നേതാവ് മത്സരിച്ചാല്‍ വിജയിക്കാമെന്ന നിഗമനത്തില്‍ എത്തുകയും എന്നെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയുമായിരുന്നു.

? എല്‍ഡിഎഫിന്റെ പ്രചാരണായുധം

എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിയായി മുന്നോട്ട് കൊണ്ടുപോകുക, ഇവിടുത്തെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തി പിടിക്കുക, മഞ്ചേശ്വരത്തിന്റെ സമൂല വികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൈത്താങ്ങ് എന്നിവയാണ് പ്രധാന പ്രചാരണായുധങ്ങള്‍.

? വോട്ട് കച്ചവടം എന്ന ബിജെപി ആരോപണം

ക്രോസ് വോട്ടിങ്ങ് എന്ന ആരോപണത്തിനോട് ഒറ്റ മറുപടിയേയുള്ളൂ. പിടിക്കപ്പെടും എന്ന് ഉറപ്പാകുമ്പോള്‍ പ്രതി എടുക്കുന്ന മുന്‍കൂര്‍ ജാമ്യമാണ് ഈ ആരോപണം.


? അവസാന നിമിഷം സ്ഥാനാര്‍ഥി മാറിയതെങ്ങനെ

എന്റെ സ്ഥാനാര്‍ഥിത്വത്തില്‍ യാതൊരു ഇടപെടലും നടന്നിട്ടില്ല. പാര്‍ട്ടിയുടെ സംവിധാനം അങ്ങനെയാണ്. ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഒരാള്‍ക്കും അറിയാന്‍ കഴിയില്ല. പ്രഖ്യാപിക്കുന്നവര്‍ക്കും മത്സരിക്കുന്നവര്‍ക്കും മാത്രമേ ആദ്യഘട്ടത്തില്‍ അറിയൂ. അതാണ് സിപിഎമ്മിന്റെ രീതി.

? വോട്ടുകള്‍ ഭിന്നിച്ചുപോകുമെന്ന ആശങ്കയുണ്ടോ

എല്‍ഡിഎഫിന്റെയും എന്‍ഡിഎയുടേയും സ്ഥാനാര്‍ഥികള്‍ ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാണ്. ഞാന്‍ ഈ മണ്ഡലത്തിലെയാളാണ്. എന്നെ ഇവിടെയുള്ള മണല്‍തരികള്‍ക്ക് പോലുമറിയാം. ഈ മണ്ഡലത്തിലെ ഓരോ വീട്ടിലേക്കുമുള്ള വഴികള്‍ എനിക്കറിയാം. സ്വന്തം വീട്ടില്‍ പോകുന്നത് പോലെ എല്ലാ വീട്ടിലും പോകാനുള്ള സ്വാതന്ത്ര്യം എനിക്ക് ഈ മണ്ഡലത്തിലുണ്ട്.

? ചെന്നിത്തലയുടെ കപടഹിന്ദു പ്രയോഗം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ

പ്രതിപക്ഷ നേതാവിന്റെ ഈ പ്രയോഗം എനിക്ക് പോസിറ്റീവായി വരും. എനിക്ക് പ്രതിപക്ഷ നേതാവിനോട് ഒരു അപേക്ഷയുണ്ട്. അദ്ദേഹം മണ്ഡലത്തില്‍ നടത്തിയ പ്രയോഗം അവരുടെ അഖിലേന്ത്യാ നേതാവിനെ കൊണ്ടുവന്ന് ഒരിക്കല്‍ കൂടി പറയിപ്പിക്കണം. ഇപ്പോഴത്തെ കണക്കുവെച്ച് ഒരു 500 വോട്ട് ഇങ്ങോട്ട് മറിയാന്‍ സാധ്യതയുള്ളൂ. അഖിലേന്ത്യാ നേതാവ് വന്ന് ഇത് പറഞ്ഞാല്‍ യുഡിഎഫിന്റെ 5000 വോട്ട് ഇങ്ങോട്ട് മറിയും. കോണ്‍ഗസ് എന്ത് അപവാദ പ്രചാരണം നടത്തിയാലും അത് അവര്‍ക്കുതന്നെ പ്രതികൂലമായേ ഭവിക്കൂ.

? ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടേതിന് വിരുദ്ധമായി നിലപാട് സ്വീകരിച്ചിരുന്നില്ലേ

ശബരിമല വിഷയത്തില്‍ എന്റെ അഭിപ്രായവും പാര്‍ട്ടിയുടെ അഭിപ്രായവും സര്‍ക്കാരിന്റെ അഭിപ്രായവും ഒന്നാണ്. ഞാന്‍ പറഞ്ഞതിന്റെ ഉള്ളിലേക്ക് ചെന്നാല്‍ അത് മനസിലാകും. ശബരിമലയില്‍ ആര്‍ക്കും പോകാമെന്നാണ് എന്റെ നിലപാട്. എന്നാല്‍, അവിടെ എത്തുന്നവര്‍ അവിടുത്തെ ആചാരങ്ങള്‍ പാലിക്കണം. ആചാരങ്ങള്‍ പാലിക്കാതെ പോകരുത് എന്നാണ് ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ളത്.

? ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പിന്നാലെയുള്ള തിരഞ്ഞെടുപ്പ്

എല്‍ഡിഎഫിന് ഒരു ചോര്‍ച്ച സംഭവിച്ചുവെന്നും, പാര്‍ട്ടി തളര്‍ന്നുവെന്നും പറയുമ്പോള്‍ ഒന്ന് ആലോചിക്കണം കഴിഞ്ഞ 54 വര്‍ഷമായി യുഡിഎഫിനൊപ്പമുണ്ടായിരുന്ന പാലാ മണ്ഡലം ഒരു പ്രയാസവുമില്ലാതെ എല്‍ഡിഎഫിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവും സംഭവിച്ചിട്ടില്ലെന്നാണ് അര്‍ഥം. പാര്‍ട്ടി ചിലപ്പോള്‍ ഉയരും ചിലപ്പോള്‍ താഴും ചിലപ്പോള്‍ അത് ആകാശത്തോളം ഉയരുമെന്നാണ് എന്റെ നിഗമനം.

? ശബരിമലയും പെരിയ കൊലപാതകവും മഞ്ചേശ്വരത്തും ചര്‍ച്ചയാകുമോ

ഈ രണ്ട് പ്രശ്‌നങ്ങളും മഞ്ചേശ്വരം തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ല. ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയതാരാണെന്നും ശബരിമലയില്‍ പ്രശ്‌നമുണ്ടാകാന്‍ കാരണമാരാണെന്നും ശബരിമലയില്‍ പോയവര്‍ ആരാണെന്നും മഞ്ചേശ്വരത്തുള്ളവര്‍ക്ക് അറിയാം. ഇതിനുള്ള മറുപടി 21-ന് ഇവിടുത്തെ ജനങ്ങള്‍ നല്‍കും.

? കര്‍ണാടകയിലെ ബിജെപിയുടെ സ്വാധീനം മഞ്ചേശ്വരത്ത് പ്രതിഫലിക്കുമോ

ഒരിക്കലുമില്ല, എവിടെ ആര് ഭരിച്ചാലും മഞ്ചേശ്വരത്തെ ജനങ്ങള്‍ക്ക് വേണ്ടത് ഈ നാട്ടുകാരനായ ജനപ്രതിനിധിയെയാണ്. ഇവിടെ അത് ഞാനാണ്. എന്നെ അവര്‍ തിരഞ്ഞെടുക്കുക തന്നെ ചെയ്യും.

? മണ്ഡലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികള്‍

എണ്ണി പറയാന്‍ പറ്റാത്തത്ര വികസന പദ്ധതികള്‍ മനസിലുണ്ട്. ജനകീയ പങ്കാളിത്തത്തോടെ കൂട്ടായ പ്രവര്‍ത്തനമായിരിക്കും നടത്തുക. പ്രാദേശികമായ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞു കൊണ്ടായിരിക്കും ഓരോ പദ്ധതിയും നടപ്പാക്കുക. പ്രാഥമിക പരിഗണന കുടിവെള്ളത്തിനായിരിക്കും. അതിന് ശേഷം മുന്‍ഗണന അനുസരിച്ച് മറ്റ് പദ്ധതികള്‍ ഒരുക്കും.

Content Highlights: Manjeshwaram  Bypoll, LDF Candidate, Sankar Ray