യു.ഡി.എഫ്.  

ഉപ്പളയിലെ യു.ഡി.എഫ്. മഞ്ചേശ്വരം മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എം.സി.ഖമറുദ്ദീന് വോട്ടുറപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നോട്ടീസുകളും പോസ്റ്ററുകളും തരംതിരിച്ച് പഞ്ചായത്ത് കമ്മിറ്റികളിലേക്ക് എത്തിക്കാനുള്ള ഒരുക്കം നടക്കുകയാണ്. അതിനിടയിലേക്കാണ് കണ്ണൂരിൽനിന്നുള്ള സണ്ണി ജോസഫ് എം.എൽ.എ.യുമായി ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ കടന്നുവന്നത്. യു.ഡി.എഫ്. മണ്ഡലം ജനറൽ കൺവീനർ എം.അബ്ബാസും മഞ്ജുനാഥ ആൾവയും വനിതാലീഗ് മണ്ഡലം പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ഫരീദ സക്കീര അഹമ്മദും നേതാക്കളെ സ്വീകരിച്ചിരുത്തി.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്റഫ് നോട്ടീസിന്റെ ഒരു വലിയ കെട്ടുമായി ഓഫീസിൽനിന്ന് പുറത്തേക്ക് വന്നു. മുംബൈയിൽ പ്രചാരണത്തിന് പുറപ്പെടുകയാണ് അദ്ദേഹം. മണ്ഡലത്തിലെ കുറെ വോട്ട് മുംബൈയിൽ ഉണ്ടെന്നും അവരെ ബൂത്തിലെത്തിക്കുന്നതുവരെ വിശ്രമിക്കാനാവില്ലെന്നും തിരക്കുകൾക്കിടയിൽ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് സമിതി കൺവീനർ കൂടിയായ അഷ്റഫ് പറഞ്ഞു.

ഒന്നിച്ചിരുന്നൊരു ചെറുചർച്ച. എല്ലാം തീരുമാനിച്ചുറപ്പിച്ച് ജനങ്ങൾക്കിടയിലേക്ക് അതാണ് നമ്മുടെ രീതിയെന്ന് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം സി.മുഹമ്മദ് കുഞ്ഞി. കാഞ്ഞങ്ങാട്ട് നിന്ന് പുലർച്ചെയെത്തി മഞ്ചേശ്വരത്തെ തിരക്കിലലിയുകയാണ് അദ്ദേഹം.

പള്ളിയിൽ നിസ്കാരത്തിനുശേഷം ഭക്ഷണം കഴിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലിയും ഓഫീസിലേക്കെത്തി. മുന്നിൽ കണ്ടവരുടെയെല്ലാം കൈപിടിച്ചുകുലുക്കി സൗഹൃദം പകർന്ന് തന്റെ പതിവ് ശൈലിയിൽ സി.ടി. കസേരയിലേക്ക്. അപ്പോഴേക്കും മുന്നിൽ ചുവന്ന വലിയ അക്ഷരത്തിൽ ‘എം.പി.’ എന്നെഴുതിയ വലിയ കാറിൽ

രാജ്മോഹൻ ഉണ്ണിത്താൻ എം.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെത്തി. നേതാക്കന്മാരെല്ലാം കൂടി അദ്ദേഹത്തെ സ്വീകരിച്ചു. ഉച്ചയ്ക്കുശേഷം നടക്കുന്ന പരിപാടികൾ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമാക്കിയശേഷം എല്ലാവരും ഭക്ഷണത്തിനായി ചെറിയൊരു ഇടവേളയിലേക്ക് പിരിഞ്ഞു.

മാറാതെ മക്കാർ

: ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.എ.മക്കാർ അറിയാതെ മഞ്ചേശ്വരം മണ്ഡലത്തിൽ ഇന്ന് യു.ഡി.എഫിലെ ഒരിലപോലും അനങ്ങില്ല. പത്താം തവണയാണ് അദ്ദേഹം യു.ഡി.എഫ്. മണ്ഡലം സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്. ചെർക്കളം അബ്ദുള്ളയുടെ കാലം മുതൽ മക്കാർ ആണ് ഈ സ്ഥാനത്ത്. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന മക്കാർ ഒരു അധ്യാപകന്റെ ചിട്ടയോടെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

മഞ്ചേശ്വരത്തുനിന്ന് അഞ്ച് തവണ ചെർക്കളം ജനവിധി തേടിയപ്പോഴും മക്കാറായിരുന്നു സെക്രട്ടറി. മുൻ എം.എൽ.എ. പി.ബി.അബ്ദുൾ റസാഖ് രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും കടിഞ്ഞാൺ മക്കാറുടെ കൈയിലായിരുന്നു. തീർന്നില്ല. ടി.സിദ്ദീഖും ഷാഹിദാ കമാലും കാസർകോട്ട് നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടിയപ്പോഴും മക്കാറിനായിരുന്നു ഓഫീസ് ചുമതല.

ചെർക്കളം അബ്ദുള്ളയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം ഒന്ന് വേറിട്ടതായിരുന്നുവെന്ന് ചെർക്കള ഇന്ദിരാനഗർ സ്വദേശിയായ മക്കാർ ഓർത്തെടുക്കുന്നു. ഒരുദിവസം ചെയ്യേണ്ട കാര്യങ്ങളെല്ലാം രാവിലെതന്നെ കൃത്യമായി പറഞ്ഞുതരും. അതിൽ കടുകിട മാറാനും മറ്റാരെയെങ്കിലും ഇടപെടുത്താനും അദ്ദേഹം അനുവദിക്കുമായിരുന്നില്ലെന്ന് മക്കാർ പറയുന്നു.

എൽ.ഡി.എഫ്.

: ഉപ്പള കൈക്കമ്പയിലെ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് ചുറ്റും സ്ഥാനാർഥി എം.ശങ്കർ റൈയുടെ ബാനറുകളാണ്. കർണാടകയിലും മലയാളത്തിലും അച്ചടിച്ച അവ ഓരോ കവലകളിലേക്കുള്ള യാത്രയ്ക്ക് തയ്യാറായി നിൽക്കുകയാണ്.

ഓഫീസിനുള്ളിൽ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ നേതാക്കളുടെ പ്രത്യേക യോഗം ചേരുന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരനും പി.കെ.ശ്രീമതിയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി.സതീഷ് ചന്ദ്രൻ, സി.എച്ച്.കുഞ്ഞമ്പു, ടി.വി.രാജേഷ് എം.എൽ.എ., പി.എ.മുഹമ്മദ് റിയാസ്, പി.കെ.സൈനബ, എം.എൽ.എ.മാരായ കെ.കുഞ്ഞിരാമൻ, എം.രാജഗോപാലൻ, സി.കൃഷ്ണൻ, കെ.ദാസൻ, പുരുഷൻ കടലുണ്ടി, പി.ടി.എ.റഹീം, ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. ഓഫീസിന് പുറത്ത് മണ്ഡലത്തിന് പുറത്തുനിന്നെത്തിയ പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും നിര.

തിരഞ്ഞെടുപ്പ് പ്രചാരണം വികേന്ദ്രീകരിച്ച് കൃത്യമായി നടപ്പാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച ശേഷം നേതാക്കളും പ്രവർത്തകരും ഉച്ചയൂണിന് പിരിഞ്ഞു. ഊണിനുശേഷം പോകേണ്ട സ്ഥലവും വാഹനവും നേതാക്കളെ കാത്ത് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. എട്ട് പഞ്ചായത്തുകളിലെ 19 ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ചാണ് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നത്. ഓരോ ഇടത്തേക്കും പ്രത്യേക സ്ക്വാഡുകൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലോക്കൽ, ഏരിയാ കമ്മിറ്റികളിൽനിന്ന് തിരഞ്ഞെടുത്ത പ്രവർത്തകർ, യുവജന സംഘടനാ നേതാക്കൾ തുടങ്ങി 800 പേർ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഇനിയുള്ള ദിവസങ്ങളിൽ സജീവമായിരിക്കും. പ്രദേശിക തലത്തിലുള്ള പാർട്ടി അനുഭാവികളുടെ വീടുകളിലാണ് പ്രവർത്തകർക്ക് താമസവും ഭക്ഷണവും ഒരുക്കുന്നത്.

മുസ്തഫ ഫാക്ടർ

: 2004-ൽ പി.കരുണാകരൻ കാസർകോട്ട് നിന്ന് ആദ്യം ലോക്‌സഭയിലേക്ക് വിജയിച്ചപ്പോൾ മുതൽ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡോ. വി.പി.പി.മുസ്തഫ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മഞ്ചേശ്വരത്തുണ്ട്. അന്ന് കെ.പി.സതീഷ് ചന്ദ്രനായിരുന്നു മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. പിന്നീട് ചെർക്കളം അബ്ദുള്ളയിൽനിന്ന് അഡ്വ. സി.എച്ച്.കുഞ്ഞമ്പു മണ്ഡലം പിടിച്ചെടുക്കുമ്പോഴും മുസ്തഫയുണ്ട്.

2016 മുതൽ എൽ.ഡി.എഫ്. മണ്ഡലം സെക്രട്ടറി ചുമതല മുസ്തഫയ്ക്കാണ്. മണ്ഡലത്തിന്റെ മുക്കും മൂലയും കൈവെള്ളയിലെന്നപോലെ മുസ്തഫയ്ക്കറിയാം. വോട്ട് ചോരുന്ന വഴികൾ കണ്ടെത്തി അടയ്ക്കാനും വോട്ട് വരുന്ന വഴികൾ തിരിച്ചറിഞ്ഞ് തുറക്കാനും രാപകൽ മുസ്തഫ മഞ്ചേശ്വരത്തുണ്ടാകും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന നേതാക്കളുടെ കാര്യങ്ങൾ മുതൽ വീടുകൾ കയറിയിറങ്ങി വോട്ടുറപ്പിക്കുന്ന പ്രവർത്തകരിൽ വരെ മുസ്തഫയുടെ കണ്ണെത്തും. അതാണ് മുസ്തഫയുടെ രീതിയും ശൈലിയും.

എൻ.ഡി.എ.

: ഉള്ള കാര്യം പറയാം. മറ്റ് രണ്ട് മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളെക്കാൾ ‘പാങ്ങിലാണ്’ കുമ്പള മാവിനക്കട്ടയിലെ എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചിരിക്കുന്ന സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാറിന്റെ ചിത്രമുള്ള ഫ്ളക്സ് ബോർഡുകളും എൻ.ഡി.എ. ഘടകകക്ഷികളുടെ പതാകകളുംകൊണ്ട് നന്നായി അലങ്കരിച്ചിട്ടുണ്ട് അത്. കെട്ടിടത്തിനുപിന്നിൽ രാവിലെ മുതൽ രാത്രിവരെ വിശാലമായ അടുക്കളയും പ്രവർത്തിക്കുന്നുണ്ട്. മുകളിൽ താമസയോഗ്യമായ ഫ്ളാറ്റ്. താഴെ ഓഫീസ്, യോഗ ഹാൾ. എല്ലാംകൊണ്ടും ഒരു കല്യാണവീടിന്റെ ചേല്.

ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസിന്റെ സാന്നിധ്യത്തിൽ രാവിലെ എൻ.ഡി.എ. ഘടകകക്ഷികളുടെ യോഗം. അതിനുശേഷം മണ്ഡലത്തിലെ പ്രധാന പ്രവർത്തകരുടെ യോഗം. എല്ലാത്തിലും നിറഞ്ഞ് തിരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാന സെക്രട്ടറി വി.കെ.സജീവനും ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്തും ഓടിനടക്കുന്നു. സാമ്പത്തിക കാര്യങ്ങൾ നോക്കി ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വി.ബാലകൃഷ്ണ ഷെട്ടിയും ബൂത്തുതല കാര്യങ്ങൾ ശ്രദ്ധിച്ച് മുൻ ജില്ലാ പ്രസിഡന്റ് പി.സുരേഷ് കുമാർ ഷെട്ടിയും തിരക്കിലാണ്. ജില്ലാ ജനറൽ സെക്രട്ടറി പി.രമേഷിനാണ് സ്ഥാനാർഥിയുടെ പര്യടനച്ചുമതല. എല്ലാം ഏകോപിപ്പിച്ച് മറ്റൊരു ജില്ലാ ജനറൽ സെക്രട്ടറിയായ പി.വേലായുധനും സ്റ്റേറ്റ് സെൽ കോ ഓർഡിനേറ്റർ കെ.രഞ്ജിത്തും സജീവമായുണ്ട്.

തുളുരുചി തുളുമ്പുന്ന അടുക്കളതന്നെ ജില്ലയ്ക്ക് പുറത്തുനിന്നെത്തുന്ന നേതാക്കൾക്കും പ്രവർത്തകർക്കും ആവേശം നൽകുന്നതായി പാചകവിദഗ്ധൻ താരാനാഥ് കൊപ്പളയും അടുക്കളയുടെ കാര്യദർശി സുജന ശാന്തിപ്പള്ളവും പറയുന്നു. മുളക് ബജി ഉൾപ്പെടെ 150 പേർക്കാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം നൽകിയതെന്നും അവർ പറയുന്നു.