കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ലീഗില്‍ പൊട്ടിത്തെറി. മണ്ഡലത്തിന്‌ പുറത്തുനിന്നുള്ള ആളെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി യൂത്ത് ലീഗ് രംഗത്തെത്തി. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകില്ലെന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

ഇന്ന് നടന്ന ചര്‍ച്ചകളില്‍ എം.സി ഖമറുദ്ദീന്‍ സ്ഥാനാര്‍ഥിയാകണം എന്നുള്ള അഭിപ്രായമാണ് മുസ്ലീം ലീഗ് നേതൃത്വം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രദേശിക നേതൃത്വത്തിലുള്ള ഒരുവിഭാഗവും യൂത്ത് ലീഗ് നേതാക്കളും തയ്യാറായില്ല. പ്രാദേശിക തലത്തില്‍ യൂത്ത് ലീഗ് നേതാവ് കൂടിയായ എ.കെ.എം അഷറഫിനെ സ്ഥാനാര്‍ഥിയാക്കണം എന്നുള്ള ആവശ്യമാണ് ഉയര്‍ന്നുവന്നത്.

പ്രാദേശിക ഭാഷകള്‍ ഉള്‍പ്പടെ കൈകാര്യം ചെയ്യാന്‍ കഴിയുന്നതും മണ്ഡലത്തിലെ ജനപിന്തുണയുമാണ് എ.കെ.എം അഷറഫിനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ്  എം.സി ഖമറുദീനെ നേരത്തെ പലതവണ സ്ഥാനാര്‍ഥിത്വത്തിലേക്ക്‌ പരിഗണിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഇത്തവണയെങ്കിലും അവസരം കൊടുക്കണമെന്നുള്ളതാണ് പ്രാദേശിക തലത്തിലുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം.

ഇത്തരത്തിലുള്ള വാക്കുതര്‍ക്കങ്ങളാണ് ഉന്നതാധികാര സമിതി യോഗത്തിലുണ്ടായത്. ഇതേ തുടര്‍ന്നാണ് ഇന്ന് തീരുമാനമെടുക്കേണ്ട എന്ന് ധാരണയായത്‌.

എം.സി ഖമറുദ്ദീന്‍, എ.കെ.എം അഷറഫ് എന്നിവര്‍ക്ക് വേണ്ടി വലിയ തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ മൂന്നാമതൊരാളെ സ്ഥാനാര്‍ഥിയാക്കുന്നതിനെ കുറിച്ചും പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്.

content highlights: Manjeshwaram by election, Youth League, Muslim league, UDF