മലപ്പുറം: മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻവേണ്ടി പാണക്കാട്ടുചേർന്ന മുസ്‌ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗം തർക്കംകാരണം തീരുമാനമാവാതെ പിരിഞ്ഞു. രണ്ടരമണിക്കൂറോളം ചർച്ച നടത്തിയതിനുശേഷമാണ് യോഗം അവസാനിപ്പിച്ചത്.

കാസർകോട്ടെ മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളെയും മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളെയുമാണ് നേതൃത്വം പാണക്കാട്ടേക്ക് ചർച്ചയ്ക്ക് വിളിപ്പിച്ചത്.

രാവിലെ 11.30-ഓടെ യോഗം തുടങ്ങി. സ്ഥാനാർഥികളായി കാസർകോട് മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് എം.സി ഖമറുദ്ദീൻ, യൂത്ത്‌ലീഗ് നേതാവ് എ.കെ.എം. അഷ്‌റഫ്, മുൻമന്ത്രി സി.ടി. അഹമ്മദാലി, എ.ജി.സി. ബഷീർ, മായിൻഹാജി എന്നിവരുടെ പേരുകളാണ് ഉയർന്നിരുന്നത്. അവസാനഘട്ടത്തിൽ ഖമറുദ്ദീന്റെയും അഷ്‌റഫിെന്റയും പേരിൽത്തട്ടി നിന്നു.

ജില്ലാനേതൃത്വം ഖമറുദ്ദീന്റെ പേര് നിർദേശിച്ചപ്പോൾ പ്രാദേശികനേതാക്കൾ അഷ്‌റഫിനുവേണ്ടി വാദിച്ചു. ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിലുള്ള സ്വാധീനമാണ് അഷ്‌റഫിന്റെ യോഗ്യതയായി യൂത്ത്‌ലീഗ് ഉയർത്തിക്കാട്ടിയത്. മാത്രമല്ല, മഞ്ചേശ്വരം സ്വദേശികൂടിയാണ് ഇദ്ദേഹം.

ഖമറുദ്ദീന്റെ പേര് സംസ്ഥാന നേതൃത്വം പരാമർശിച്ചപ്പോൾ മഞ്ചേശ്വരത്തെ യൂത്ത്‌ലീഗ് ഭാരവാഹികൾ പരസ്യപ്രതിഷേധവുമായി മുന്നോട്ടുവന്നു. മണ്ഡലത്തിനു പുറത്തുള്ള സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് അവർ അറിയിച്ചു. ചർച്ച വഴിമുട്ടിയതോടെ തീരുമാനമാവാതെ പിരിയുകയായിരുന്നു.

ചർച്ചയ്ക്കുശേഷം മാധ്യമങ്ങളെക്കണ്ട മുസ്‌ലിംലീഗ് ദേശീയസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ തർക്കങ്ങളൊന്നുമില്ലെന്ന് പറഞ്ഞു. ഒരു തീരുമാനത്തിൽ പല അഭിപ്രായങ്ങളുമുണ്ടാവും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ തീരുമാനമുണ്ടാവും. എല്ലാ കാര്യങ്ങളും വിലയിരുത്തിയാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതാധികാര യോഗത്തിൽ ജില്ലാ- പ്രാദേശിക നേതാക്കൾക്കുപുറമേ സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.എ. മജീദ്, പി.വി. അബ്ദുൾ വഹാബ് എം.പി തുടങ്ങിയവരും പങ്കെടുത്തു.