മലപ്പുറം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എം.സി.ഖമറുദ്ദീനെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ്  സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതല പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ്.

നേരത്തെ ഖമറുദ്ദീന്റെ പേര് സംസ്ഥാന നേതൃത്വം പരാമര്‍ശിച്ചപ്പോള്‍ മഞ്ചേശ്വരത്തെ യൂത്ത്ലീഗ് ഭാരവാഹികള്‍ പരസ്യപ്രതിഷേധവുമായി മുന്നോട്ടുവന്നിരുന്നു. എന്നാല്‍ യൂത്ത് ലീഗ് ഭാരവാഹികളുമായും മറ്റും ചര്‍ച്ച നടത്തിയ ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു.

കാസര്‍കോട് മുസ്ലിംലീഗ് ജില്ലാപ്രസിഡന്റാണ് എം.സി ഖമറുദ്ദീന്‍. യൂത്ത്ലീഗ് നേതാവ് എ.കെ.എം. അഷ്റഫായിരുന്നു ഖമറുദ്ദീനെ കൂടാതെ നേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നത്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള സ്വാധീനമാണ് അഷ്റഫിന്റെ യോഗ്യതയായി യൂത്ത്ലീഗ് ഉയര്‍ത്തിക്കാട്ടിയത്.

Content Highlights: Kamaruddin MC UDF candidate in manjeswar