തിരുവനന്തപുരം: മഞ്ചേശ്വരം, എറണാകുളം, കോന്നി മണ്ഡലങ്ങൾ യുഡിഎഫ് നിലനിര്‍ത്തുമെന്നും അരൂരിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് ജയിക്കുമെന്നും മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്‌സിറ്റ് പോള്‍ പ്രവചനം.  

മഞ്ചേശ്വരം

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം. സി കമറുദ്ദീന്‍ മൂന്ന്‌ ശതമാനം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം. കമറുദ്ദീന് 40 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിന് 37 ശതമാനം വോട്ട് ലഭിക്കും. സിപിഎം സ്ഥാനാര്‍ഥി ശങ്കര്‍ റൈക്ക് 21 ശതമാനം വോട്ട് മാത്രമാകും ലഭിക്കുകയെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

അരൂര്‍

ഉപതിരഞ്ഞെടുപ്പ് നടന്ന അരൂരില്‍ നേരിയ മാര്‍ജിനില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് പ്രവചനം. ഒരു ശതമാനം വോട്ടിന്റെ മുന്‍തൂക്കമാണ് സര്‍വെ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി പുളിക്കലിന് 44 ശതമാനം വോട്ട് കിട്ടിയേക്കാമെന്നാണ് പ്രവചനം. 

യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് 43 ശതമാനം വോട്ടും സര്‍വെ പ്രവചിക്കുന്നു. അതേസമയം, ബിജെപി വോട്ട് ഗണ്യമായി കുറഞ്ഞ് 11 ശതമാനമായി ചുരുങ്ങുമെന്നും സര്‍വെ പറയുന്നു.

എറണാകുളം

ഡിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ടി.ജെ വിനോദ് അഞ്ച് ശതമാനത്തോളം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. 

ടി.ജെ വിനോദിന് 44 ശതമാനം വോട്ട് പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 39 ശതമാനം വോട്ട് നേടുമെന്നും പ്രവചനം. എന്‍ഡിഎ 15 വോട്ട് നേടിയേക്കാമെന്നാണ് സര്‍വെയുടെ പ്രവചനം.

കോന്നി

കോന്നി യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് പ്രവചനം. അടൂര്‍ പ്രകാശ് 23 വര്‍ഷം പ്രതിനിധീകരിച്ച സീറ്റില്‍ രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസത്തില്‍ യുഡിഎഫ് തന്നെ ജയിക്കുമെന്നും എക്സിറ്റ് പോള്‍ പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജിന് 41 ശതമാനം വോട്ട് പ്രവചിക്കുമ്പോള്‍ 39 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് സാധ്യത കല്‍പിക്കുന്നത്.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ച ബിജെപിക്കും കെ. സുരേന്ദ്രനും വലിയ വോട്ട് നഷ്ടമുണ്ടാകുമെന്നാണ് സര്‍വെ പറയുന്നത്. 19 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു.

വട്ടിയൂര്‍ക്കാവ്

മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ വിജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും സര്‍വെ പറയുന്നു. വി.കെ പ്രശാന്തിന് 41 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യുഡിഎഫിന്റെ കെ.മോഹന്‍കുമാറിന് 37 ശതമാനം വോട്ട് മാത്രമേ നേടാനാകൂ.

അതേസമയം, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ടാമതെത്തിയ ബിജെപി കേവലം 20 ശതമാനം വോട്ടിലേക്ക് വീഴുമെന്നാണ് പ്രവചനം.

Content Highlights: BJP in Second position says survey, Kerala Byelection 2019