മഞ്ചേശ്വരം:  കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളി യുവതിയുടെ കുടുംബം. ആശയക്കുഴപ്പത്തെ തുടര്‍ന്ന് സംഭവിച്ച കാര്യമാണെന്നും കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും പോലീസ് കസ്റ്റഡിയിലെടുത്ത നബീസയുടെ ഭര്‍ത്താവ് അബൂബക്കര്‍ പറയുന്നു. 

40, 42 എന്നിങ്ങനെ രണ്ട് ബൂത്തുകളാണ് ബാക്രബയിലെ സ്‌കൂളിലുള്ളത്. 40-ാം നമ്പര്‍ ബൂത്തില്‍ നബീസയ്ക്ക് നേരത്തെ വോട്ടുണ്ടായിരുന്നു. വിവാഹം കഴിച്ചതിനെ തുടര്‍ന്ന് 42-ാം ബൂത്തിലേക്ക് മാറി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇതേ ബൂത്തില്‍ വോട്ട് ചെയ്തിരുന്നുവെന്നും കുടുംബം പറയുന്നു. 

ഇത്തവണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി വോട്ടിങ് സ്ലിപ്പുകള്‍ നല്‍കിയിരുന്നില്ല. ഭര്‍ത്താവ് അബൂബക്കറിന്  രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ സ്ലിപ്പില്‍ നബീസ എന്ന പേരുണ്ടായിരുന്നുവെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു കുടുംബത്തിന്റെ സ്ലിപ്പ് മാറി തങ്ങള്‍ക്ക് ലഭിച്ചതാണെന്നാണ് ഇയാള്‍ വിശദീകരിക്കുന്നത്.

സ്ലീപ്പ് മാറി ലഭിച്ചതാണ് ആശയക്കുഴപ്പത്തിലേക്കും കള്ളവോട്ട് ശ്രമം നടത്തിയെന്ന ആരോപണത്തിലേക്കുമെത്താന്‍ കാരണമായതെന്ന് നബീസയുടെ ഭര്‍ത്താവ് അബൂബക്കര്‍ പറയുന്നു. അതേസമയം യുവതിയെയും കുടുംബത്തെയും പിന്തുണച്ച് യുഡിഎഫ് നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ പരാതിയുമായി മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം. 

Content Highlights: Bogus voting bid,  women's family dismisses allegations