മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചെന്ന പരാതിയില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്രബയല്‍ സ്വദേശി നബീസയാണ് അറസ്റ്റിലായത്.

മുസ്ലിം ലീഗ് പ്രവര്‍ത്തകയാണ് ഇവരെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ബാക്രബയലിലെ 42-ാം ബൂത്തിലാണ് സംഭവം.

മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടുള്ളയാളല്ല നബീസ. വോട്ടര്‍പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് രേഖപ്പെടുത്താന്‍ നബീസ ശ്രമിക്കുകയായിരുന്നു.

പ്രിസൈഡിങ് ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നബീസയെ അറസ്റ്റ് ചെയ്തത്. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കുമേല്‍ ചുമത്തിയിരിക്കുന്നത്. അതേസമയം നബീസയുടെ കുടുംബാംഗങ്ങള്‍ ആരോപണം നിഷേധിച്ചു.

 

content highlights: bogus voting bid; woman in custody