കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുന്ന ഫലങ്ങളല്ല ഇത്. നിലവില്‍ നിയമസഭയില്‍ ഇടതുമുന്നണിക്ക് സുവ്യക്തമായ ഭൂരിപക്ഷമുണ്ട്. അഞ്ചില്‍ അഞ്ചും  യുഡിഎഫ് പിടിച്ചിരുന്നെങ്കില്‍ പോലും  പിണറായി വിജയന്റെ മന്ത്രിസഭയ്ക്ക് ഒരു തരത്തിലുമുള്ള ഭീഷണിയുമുണ്ടാകുമായിരുന്നില്ല. പക്ഷേ, 2021 ല്‍ വരാനിരിക്കുന്ന നിയമസഭാ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള കൃത്യമായ ചില സൂചനകള്‍ അരൂരും കോന്നിയും വട്ടിയൂര്‍ക്കാവും എറണാകുളവും മഞ്ചേശ്വരവും തുറന്നിടുന്നുണ്ട്.

എന്‍ എസ് എസ് എടുത്ത നിലപാടായിരുന്നു ഈ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയം. സമദൂര സിദ്ധാന്തം വിട്ടുകൊണ്ട് എന്‍ എസ് എസ്  യു ഡി എഫിനോട് ചേര്‍ന്നു നില്‍ക്കുന്ന ശരിദൂരത്തിലേക്ക് വന്നു. വലിയൊരു റിസ്‌കാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ എടുത്തത്. അതിനുള്ള വില സുകുമാരന്‍നായര്‍ തീര്‍ച്ചയായും കൊടുക്കേണ്ടി വരും. പെരുന്നയിലെ നേതാവ് പറയുന്നതിനനുസരിച്ചല്ല കേരളത്തിലെ നായര്‍ സമുദായം വോട്ട് ചെയ്യുന്നതെന്ന എതിരാളികളുടെ പരിഹാസത്തിന് വരും ദിനങ്ങളില്‍ മൂര്‍ച്ച കൂടുമെന്നതില്‍ സംശയമില്ല.

അരൂരില്‍ ഷാനിമോളുടെ വിജയം എസ്എന്‍ഡിപിയുടെ അവകാശവാദങ്ങളും പൊളിക്കുന്നുണ്ട്. ഷാനിമോള്‍ക്കെതിരെ പലപ്പോഴും പരസ്യ നിലപാടുകള്‍ എടുത്തിട്ടള്ള വെള്ളാപ്പള്ളിയുടെ വീരവാദങ്ങളും അരൂരില്‍ തകര്‍ന്നടിഞ്ഞു. സാമുദായിക സമവാക്യങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ പ്രതികരണം എന്ന നിലയിലും അതുകൊണ്ടുതന്നെ ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തപ്പെടേണ്ടതായുണ്ട്. ശബരിമല എന്ന അതിവൈകാരികത കളം വിട്ടതിന്റെ സൂചനയും ഈ ഫലങ്ങളില്‍ നിന്നും വായിച്ചെടുക്കാം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള  സര്‍ക്കാരിന് തീര്‍ച്ചയായും ഇടതുമുന്നിയുടെ നേട്ടങ്ങളില്‍ നിര്‍ണ്ണായക പങ്ക് അവകാശപ്പെടാം. പക്ഷേ, ഭരണത്തിന്റെ വിലയിരുത്തല്‍ എന്ന അതിവായന ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

എറണാകുളത്ത് കോണ്‍ഗ്രസിന് അടിപതറിയിരുന്നുവെങ്കില്‍ അതൊരു അട്ടിമറിയാകുമായിരുന്നു. വട്ടിയൂര്‍ക്കാവും കോന്നിയും കോണ്‍ഗ്രസ് മണ്ഡലങ്ങളെന്നതിനക്കോളുപരി മുരളീധരന്റെയും അടൂര്‍പ്രകാശിന്റെയും മണ്ഡലങ്ങളായിരുന്നു. ഈ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മണ്ഡലം എന്നു വിശേഷിപ്പിക്കാവുന്ന ഒരിടം എറണാകുളമായിരുന്നു. എറണാകുളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ മഴയില്‍ മുങ്ങിപ്പോയ ദിവസമായിരുന്നു തിരഞ്ഞെടുപ്പ്. 

കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദാണ് എറണാകുളത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ഭരണത്തിന്റെ വിലയിരുത്തലായിരുന്നെങ്കില്‍ എറണാകുളത്ത് വിനോദ് രക്ഷപ്പെടുമായിരുന്നില്ല. വട്ടിയൂര്‍ക്കാവും കോന്നിയും ഇടതുപക്ഷത്തിന്റെ ശിരസ്സുയര്‍ത്തുമ്പോള്‍ തന്നെ എറണാകുളം കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നത് കാണാതിരിക്കരുത്.

Alappuzha

വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുത്തുകൊണ്ട് ഇടതുപക്ഷം വന്‍ മുന്നേറ്റമുണ്ടാക്കുമ്പോള്‍ ഐക്യമുന്നണിയും കോണ്‍ഗ്രസ് വലിയ ആത്മപരിശോധന നടത്തേണ്ടി വരും. സിപിഎമ്മില്‍ നിന്ന് അരൂര്‍ പിടിച്ചെടുത്തതാണ് കോണ്‍ഗ്രസിനെ ഈ ഘട്ടത്തില്‍ കുറച്ചെങ്കിലും ആശ്വസിപ്പിക്കുന്നത്. പക്ഷേ, അരൂരിലെ വിജയം കോണ്‍ഗ്രസിന്റെയും ഐക്യമുന്നണിയുടെയും എന്നതിനേക്കാള്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയമാണ്. ഷാനിമോള്‍ എന്ന വനിതാ നേതാവിന്റെ മികവില്‍ മാത്രമാണ് ഈ മണ്ഡലം ഇപ്പോള്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയിരിക്കുന്നത്. അതിലാണെങ്കില്‍ സഹാനുഭൂതി എന്ന ഘടകം വഹിച്ച പങ്ക് കാണാതിരിക്കാനാവില്ല. പതിറ്റാണ്ടുകള്‍ക്കു ശേഷം മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു വനിത കോണ്‍ഗ്രസിന്റെ ബാനറില്‍ കേരള നിയമസഭയിലേക്കെത്തുകയാണെന്നതും ഷാനിമോളുടെ വിജയത്തിന് കൂടുതല്‍ തിളക്കം നല്‍കുന്നുണ്ട്.

ഈ തിരഞ്ഞെടുപ്പുകളില്‍ വീണത് ആരാണെന്ന് ചോദിച്ചാല്‍ ബിജെപി എന്നു തന്നെയായിരിക്കും ഉത്തരം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ ബിജെപി നടത്തിയിരുന്ന മുന്നേറ്റത്തിന്റെ മുനയൊടിയുന്ന കാഴചയാണ് ഇപ്പോള്‍ ദൃശ്യമാവുന്നത്. മഞ്ചേശ്വരത്ത് 348 വോട്ടുകള്‍ കൂടിയെന്നതുകൊണ്ട് തീരുന്ന കോട്ടമല്ലിത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്കുണ്ടായ തിരിച്ചടികളും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. മഹാരാഷ്ട്രയില്‍ ബിജെപി അധികാരം നിലനിര്‍ത്തുന്നുണ്ടെങ്കിലും അവരുടെ കണക്കുകൂട്ടലുകള്‍ വല്ലാതെ പാളിപ്പോയി. 150 സീറ്റില്‍ മത്സരിച്ച ബിജെപിയുടെ ലക്ഷ്യം 145 സീറ്റുകള്‍ പിടിച്ച് തനിച്ച് കേവല ഭൂരിപക്ഷം നേടുക എന്നതായിരുന്നു. 288 അംഗ നിയമസഭയില്‍ ശിവസേനയെ ആശ്രയിക്കാതെയുള്ള ഭരണമാണ് ബിജെപി സ്വപ്നം കണ്ടത്. ആ അജണ്ട മഹാരാഷ്ട്രയിലെ ജനങ്ങള്‍ തിരസ്‌കരിച്ചിരിക്കുന്നു.

ഹരിയാനയില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ബിജെപി ശരിക്കും വിയര്‍ക്കേണ്ടി വരും. കോണ്‍ഗ്രസും ജനനായക ജനതാപാര്‍ട്ടിയും ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ലാത്ത സാഹചര്യവും  ഹരിയാനയിലുണ്ട്. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വിധിയെഴുത്തില്‍ ബിജെപി സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനരോഷം തീര്‍ച്ചയായും പ്രതിഫലിക്കുന്നുണ്ട്. സമ്പദ് മേഖലയിലെ പ്രതിസന്ധികള്‍ എക്കാലത്തും ദേശീയതകൊണ്ട് നേരിടാം എന്ന വിചാരം ബിജെപി ഉപേക്ഷിക്കേണ്ടിവരുമെന്ന സൂചന കൂടി മഹാരാഷ്ട്രയും ഹരിയാനയും നല്‍കുന്നുണ്ട്.

കേരളത്തില്‍ ബിജെപിയുടെ വോട്ടുകള്‍ കുറയുമ്പോള്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഇടതുമുന്നണിക്കൊപ്പമായിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം പക്ഷേ, കോണ്‍ഗ്രസിനും ഐക്യമുന്നണിക്കുമൊപ്പം നീങ്ങി. ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം വീണ്ടും തിരിച്ചുവരികയാണ്. ലോക്സഭയില്‍ 20 ല്‍ പത്തൊമ്പതും കൈവിടേണ്ടിവന്ന ദയനീയ അവസ്ഥയില്‍ നിന്നാണ് ഈ തിരിച്ചുവരവ്. 

പാലായിലെ വിജയം ഒരു അപഭ്രംശം മാത്രമായിരുന്നില്ല എന്നും ഇടതുപക്ഷം ഈ വിജയങ്ങളിലൂടെ തെളിയിക്കുന്നു. മഞ്ചേശ്വരത്തു ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ തണല്‍ മായുകയാണെന്ന് കോണ്‍ഗ്രസും ഐക്യമുന്നണിയും തിരിച്ചറിയുന്നുണ്ട്. എന്‍ എസ് എസ് കൂടെ നില്‍ക്കുന്നതുകൊണ്ടുമാത്രം കളം തങ്ങള്‍ക്കനുകൂലമാവില്ലെന്നും യുഡിഎഫ് തിരിച്ചറിഞ്ഞേ തീരൂ.

Congress: Congress lost in Vattiyoorkkavu & Konni