തിരുവനന്തപുരം: അഞ്ചുമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ എല്‍.ഡി.എഫി.ന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യു.ഡി.എഫ്. നേടിയത് മികച്ച വിജയമാണെന്നും അതിനുവേണ്ടി അരയും തലയും മുറുക്കി പ്രവര്‍ത്തിച്ച മുഴുവന്‍ യു.ഡി.എഫ്. പ്രവര്‍ത്തകരെയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

അരൂരിലെ വിജയം ചരിത്രവിജയമാണ്. കേരളത്തില്‍ രാഷ്ട്രീയമായ പോരാട്ടം നടന്ന ഏക മണ്ഡലം അരൂരായിരുന്നു. കെ.വി.തോമസ്, പി.ടി.തോമസ്,എം.ലിജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് അവിടുത്തെ വിജയം. ചരിത്രവിജയം നേടിയ ഷാനിമോള്‍ ഉസ്മാനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഇടതുപക്ഷത്തിന്റെ ചെങ്കോട്ട തകര്‍ത്താണ് അവര്‍ വിജയിച്ചത്. ഇത് സുപ്രധാന വിധിയെഴുത്താണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ഉപതിരഞ്ഞെടുപ്പില്‍നിന്ന് കോണ്‍ഗ്രസ് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ശക്തിദൗര്‍ബല്യങ്ങള്‍ വിലയിരുത്താനായി. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അഭിമാനിക്കാന്‍ ഒന്നുമില്ല. ബി.ജെ.പി.യും സി.പി.എമ്മും തമ്മില്‍ വോട്ടുകച്ചവടമുണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. അത് വീണ്ടും ആവര്‍ത്തിക്കുന്നു. വട്ടിയൂര്‍ക്കാവിലെ ഫലം അത് തെളിയിക്കുന്നതാണെന്നും സി.പി.എം-ബി.ജെ.പി രഹസ്യധാരണ ഇപ്പോള്‍ പരസ്യമായെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

Content Highlights: kpcc president mullappally ramachandran response about kerala byelection results