23 വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പ് അവസാനിച്ചു. ഒടുവില്‍ കെ.യു ജനീഷ് കുമാറിലൂടെ കോന്നി ചുവപ്പണിഞ്ഞു. യു.ഡി.എഫിന്റെ പി മോഹന്‍രാജും എന്‍.ഡി.എയുടെ കെ. സുരേന്ദ്രനും ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ജനീഷ് കുമാറിന്റെ വിജയം. 1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശിനൊപ്പം നിന്ന ജനങ്ങള്‍ ഇത്തവണ മാറ്റിക്കുത്തുകയായിരുന്നു. 

70.07 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ കോന്നിയില്‍ 9953 വോട്ടിന്റെ ഭൂരിപക്ഷമാണ് ജനീഷ് നേടിയത്. 54099 വോട്ട് ജനീഷ് കുമാറിന്റെ അക്കൗണ്ടിലെത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജിന് ലഭിച്ചത് 44146 വോട്ട് ആണ്. എന്‍.ഡി.എയുടെ കെ.സുരേന്ദ്രന്‍ 39786 വോട്ട് നേടി. 2016-ലെ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് 72,800 വോട്ട് പിടിച്ചിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍.സനല്‍കുമാറിനേക്കാള്‍ 20748 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു അടൂര്‍ പ്രകാശിന്റെ വിജയം. ആ ഭൂരിപക്ഷം മറികടക്കാന്‍ ജനീഷ് കുമാറിന് കഴിഞ്ഞില്ലെങ്കിലും യു.ഡി.എഫിന്റെ കോട്ട തകര്‍ക്കാന്‍ കഴിഞ്ഞു എന്നത് തന്നെ വിലമതിക്കാനാകാത്ത നേട്ടമാണ്. 

എന്നാല്‍ 2016 നിയസഭാ തിരഞ്ഞെടുപ്പിലെ മികവ് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ അടൂര്‍ പ്രകാശിനും കഴിഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് വിജയിച്ചത് നേരിയ ഭൂരിപക്ഷത്തിനാണ്. 2721 വോട്ടായിരുന്നു ഭൂരിപക്ഷം. യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിലെ ഈ ഇടിവ് ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നല്‍കിയ പ്രതീക്ഷ ചെറുതല്ല. ഈ കണക്കുകൂട്ടലുകളുമായി യുവസ്ഥാനാര്‍ത്ഥി ജനീഷ് കുമാറിനെ കളത്തിലിറക്കിയ എല്‍.ഡി.എഫിന് തെറ്റിയില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫിനുള്ളിലുണ്ടായ തമ്മിലടിയും എല്‍.ഡി.എഫിന് ഗുണകരമായി. അടൂര്‍ പ്രകാശിന്റെ നോമിനിയായി അവതരിപ്പിച്ച റോബിന്‍ പീറ്ററെ പരിഗണിക്കാതിരുന്നതും എ ഗ്രൂപ്പ് പ്രതിനിധി സ്ഥാനാര്‍ത്ഥി ആയതും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ അനിഷ്ടമുണ്ടാക്കി. ഇതും മത്സരഫലത്തെ സ്വാധീനിച്ചു എന്നുവേണം വിലയിരുത്താന്‍. 

പത്തനംതിട്ട ഉള്‍പ്പെട്ട കോന്നിയില്‍ ശബരിമല വിഷയം പിന്തുണക്കുമെന്ന് കണക്കുകൂട്ടിയാണ് എന്‍.ഡി.എ സുരേന്ദ്രനെ കളത്തിലിറക്കിയത്.എന്നാല്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ 45,506 വോട്ട് പിടിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞില്ല. 39786 വോട്ട് ആണ് സുരേന്ദ്രന്‍ നേടിയത്. എന്നാല്‍ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ എന്‍.ഡി.എയ്ക്കായി. നാല് വര്‍ഷം മുമ്പ് 16713 വോട്ട് ആണ് എന്‍.ഡി.എ നേടിയിരുന്നത്. 

1965-ല്‍ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എം.എല്‍.എ കോണ്‍ഗ്രസിന്റെ പി.ജെ തോമസ് ആയിരുന്നു. പിന്നീട് മണ്ഡലം ഇടതു വലതു മുന്നണികളെ മാറിമാറി പിന്തുണച്ചു. 1982 മുതല്‍ 1996 വരെ ഇതായിരുന്നു ട്രെന്‍ഡ്. പക്ഷേ മുന്നണിഭേദമില്ലാതെ നിയസമഭയില്‍ എത്തിയവരെല്ലാം പ്രതിപക്ഷത്തായിരുന്നു ഇരുന്നത്. എന്നാല്‍ 2001-ല്‍ അടൂര്‍ പ്രകാശ് മണ്ഡലം നിലനിര്‍ത്തിയതോടെ ഇതിന് മാറ്റംവുന്നു.

1996-ല്‍ സിറ്റിങ് എം.എല്‍.എ ആയിരുന്ന എ.പത്മകുമാറിനെ 806 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് അടൂര്‍ പ്രകാശ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് അങ്ങോട്ട് യു.ഡി.എഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2001-ല്‍ ആറന്‍മുള എം.എല്‍.എയും കവിയുമായ കടമ്മനിട്ട രാമകൃഷ്ണനെ ഇറക്കി തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചിരുന്നു. എന്നാല്‍ 14050 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അടൂര്‍ പ്രകാശ് കടമ്മനിട്ടയെ തോല്‍പ്പിച്ചു. 2006-ല്‍ വിആര്‍ ശിവരാജനും ( ഭൂരിപക്ഷം 14895) 2011-ല്‍ എം.എസ് രാജേന്ദ്രനും ഭൂരിപക്ഷം 7774) അടൂര്‍ പ്രകാശിന് മുന്നില്‍ തോറ്റു. ആറ്റിങ്ങലില്‍ നിന്ന് ഇത്തവണ അടൂര്‍ പ്രകാശ് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോന്നിയില്‍ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Content Highlights: Konni By election KU Jenish Kumar LDF