തിരുവനന്തപുരം: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് അട്ടിമറി വിജയത്തിലേക്കടുക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. പകുതിയോളം ബൂത്തുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത് ഏഴായിരത്തിലധികം വോട്ടുകള്‍ക്കും കോന്നിയില്‍ കെ.യു.ജനീഷ് കുമാര്‍ അയ്യായിരത്തിലധികം വോട്ടുകള്‍ക്കും മുന്നിട്ട് നില്‍ക്കുകയാണ്.

ഈ രണ്ടു മണ്ഡലങ്ങളിലെ യുഡിഎഫ്-ബിജെപി ശക്തികേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ഈ രണ്ടു മണ്ഡലങ്ങളിലും വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോന്നിയില്‍ കെ.സുരേന്ദ്രന്‍ ഒരു ഘട്ടത്തിലും രണ്ടാം സ്ഥാനത്തേക്കെത്തിയിട്ടില്ല. മുന്നാം സ്ഥാനത്ത് തുടരുകയാണ്. വട്ടിയൂര്‍ക്കാവിലും സ്ഥിതി സമാനമാണ്. എന്‍എസ്എസ് യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് മുന്നേറ്റം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേ സമയം എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ വന്‍ കുതിപ്പ് നടത്തി. രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് ഷാനിമോള്‍ ഉസ്മാന്‍ ഇവിടെ മുന്നേറുകയാണ്. എന്നാല്‍ 184 ബൂത്തുകളില്‍ 55 ഓളം ബൂത്തുകളില്‍ മാത്രമേ വോട്ടെണ്ണിയിട്ടൂള്ളുവെന്നതാണ് എല്‍ഡിഎഫിന് ഇവിടെ ആശ്വാസം നല്‍കുന്നത്.

മഞ്ചേശ്വരത്ത് ഏകപക്ഷീയമായ മുന്നേറ്റമാണ് മുസ്ലിംലീഗിലെ എം.സി.ഖമറുദ്ദീന്‍ തുടക്കം മുതലേ നടത്തുന്നത്. ഏഴായിരത്തോളം വോട്ടിന്റെ ലീഡ് ഖമറുദ്ദീന്‍ ഇവിടെ നേടിക്കഴിഞ്ഞു. ബിജെപിയുടെ രവീശ തന്ത്രി കുണ്ടാറാണ് ഇവിടെ രണ്ടാമത്. സിപിഎമ്മിന്റെ ശങ്കര്‍ റേ മൂന്നാം സ്ഥാനത്താണ് തുടരുന്നത്.

എറണാകുളത്ത് യുഡിഎഫ് വ്യക്തമായ ആധിപത്യത്തോടെയാണ് മുന്നേറുന്നത്. മഴമൂലം പോളിങ് കുറഞ്ഞത് യുഡിഎഫ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിരുന്നെങ്കിലും ജയത്തെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണവര്‍. അയ്യായിരത്തോളം വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ.വിനോദ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. എറണാകുളത്ത് 136 ബൂത്തുകളില്‍ 113 ഉം എണ്ണി തീര്‍ന്നിട്ടുണ്ട്.

Content Highlights: Kerala byelection result-konni-vattiyoorkavu-aroor-eranakulam-manjeshwaram