യു ഡി എഫിന്റെയും കോണ്‍ഗ്രസിന്റേയും ശക്തികേന്ദ്രമാണ് എറണാകുളം നിയോജക മണ്ഡലം. കഴിഞ്ഞ എട്ട് വര്‍ഷമായി ഹൈബി ഈഡന്‍ എം എല്‍ എ എന്ന നിലയില്‍ വളരെ ശക്തമായി പ്രവര്‍ത്തിച്ചു എന്നത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജനങ്ങളുമായി അടുത്ത് സംസാരിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞു. അത് തിരഞ്ഞെടുപ്പില്‍ വളരെയധികം ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ നല്ല മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഹൈബി ഈഡന്‍ എം എല്‍ എ എന്ന രീതിയില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചു. അതിന്റെ തുടര്‍ച്ചയെന്നോണമാകും എന്റെ പ്രവര്‍ത്തനങ്ങള്‍.- എറണാകുളം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ടി.ജെ.വിനോദ് പ്രതികരിച്ചു. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന് 

സംസ്ഥാനസര്‍ക്കാരിനെ വിലയിരുത്തുന്നതാകും ഈ തിരഞ്ഞെടുപ്പ് 
ഇത് സംസ്ഥാന നിയമസഭയിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പാണ്. സര്‍ക്കാരിന്റെ വിലയിരുത്തലായി ഈ തിരഞ്ഞെടുപ്പ് മാറും എന്നതാണ് വിശ്വാസം. കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരിക്കുന്നു. ഈ സംസ്ഥാനത്ത് പ്രളയം, പി എസ് സി തട്ടിപ്പ് എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളുണ്ടായി. തദ്ദേശവികസന സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചു, ആശ്രയ കിറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങളുണ്ട്. ഇതെല്ലാം ചര്‍ച്ച ചെയ്യുന്ന തിരഞ്ഞെടുപ്പാകും ഇത്.  

ഉപതിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിന് എറണാകുളം നഷ്ടമാകാറാണല്ലോ പതിവ് 
കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിട്ടും തിരിച്ചുപിടിച്ചിട്ടുമുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. മുന്‍പത്തെ തിരഞ്ഞെടുപ്പുകളെക്കാലും വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. മുന്‍പത്തെക്കാളും വ്യത്യസ്തമായി എല്ലാ പ്രവര്‍ത്തകരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. യുഡിഎഫിന്റെ ഘടകകക്ഷികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെല്ലാം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തവണ വിജയം ഉറപ്പാണ്.

ഞാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കെ എസ് യു യൂണിറ്റ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡിസിസി ഭാരവാഹിയായി, ഡെപ്യൂട്ടി മേയറായുമെല്ലാം ജനങ്ങളെ അറിഞ്ഞ് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന സാധാരണ ജനപ്രതിനിധിയായിട്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. നിയോജകമണ്ഡലത്തിലെ ജനങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അത് എല്ലാ തരത്തിലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശ്രദ്ധയില്‍പെട്ടില്ല 
എറണാകുളം ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം എന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. യൂത്ത്‌കോണ്‍ഗ്രസ് പാര്‍ലമെന്റേറിയന്‍ കമ്മിറ്റി അംഗങ്ങളടക്കം എനിക്കറിയാവുന്ന ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം വളരെ സജീവമായി തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

നഗരസഭയില്‍ ഭരണത്തുടര്‍ച്ച പ്രതിസന്ധിയുണ്ടാകില്ല  
ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ സ്വാഭാവികമായും ഭരണ പ്രതിസന്ധിയുണ്ടാകും. ഒരു ജനാധിപത്യപാര്‍ട്ടിയെന്ന നിലയില്‍ അക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കും.

കെ വി തോമസ് സ്ഥാനാര്‍ഥിത്വ തര്‍ക്കം 
കെ വി തോമസ് മാഷ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായി തന്നെ പങ്കെടുക്കുന്നുണ്ട്. എതിരഭിപ്രായമോ അകല്‍ച്ചയോ ഒന്നും ഉള്ളതായി എിക്ക് തോന്നിയിട്ടില്ല. ജില്ലയിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരേയും പ്രവര്‍ത്തകരേയും ഒരുപോലെ കൂട്ടിയിണക്കി കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമായിരിക്കണം എന്റെ ഈ സ്ഥാനാര്‍ഥിത്വമെന്നാണ് വിശ്വസിക്കുന്നത്. 

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ വിലയിരുത്തുന്നതാകും തിരഞ്ഞെടുപ്പ് 
വ്യക്തിപരമായ അഭിപ്രായത്തിന് സാധുതയില്ല. ഇത് സംസ്ഥാന സര്‍ക്കാരിനെതിരേയും കേന്ദ്രസര്‍ക്കാരിനെതിരായുമുള്ള വിധിയെഴുത്തായി എറണാകുളത്തെ ജനങ്ങള്‍ ഈ അവസരത്തെ പ്രയോജനപ്പെടുത്തുന്നതാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. നഗരത്തില്‍ മാലിന്യപ്രശ്‌നങ്ങളടക്കം നിരവധി പ്രശ്‌നങ്ങളുണ്ട്. ഇപ്പോള്‍ അത് പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. വേയ്സ്റ്റു ടു എനര്‍ജി പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചതാണ്. ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ച് ഷോര്‍ട് ലിസ്റ്റ് ചെയ്ത് ഒരു കമ്പനിയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഭരണമാറ്റം വന്നതോടുകൂടി ആവിശ്യമായ വേഗതയില്‍ സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാതെ വന്നതോടെയാണ് പദ്ധതിക്ക് കാലതാമസമുണ്ടായത്. 

എന്നാല്‍ ഇത് അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അതോടൊപ്പം നഗരത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതും യു ഡി എഫ് സര്‍ക്കാരാണ്. മെട്രോ റെയില്‍ അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കി. നഗരത്തിലെ ഏത് വികസന പദ്ധതികളെടുത്ത് പരിശോധിച്ചാലും അത് യു ഡി എഫിന്റേയും കോണ്‍ഗ്രസിന്റേയും സംഭാവനയാണ്. അതുകൊണ്ട് തന്നെ അത്തരം വികസന പ്രവര്‍ത്തനങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് നടപ്പാക്കുന്ന സംവിധാനം എന്റെ ഭാഗത്ത് നിന്നുമുണ്ടാകും. 

Content Highlights:  Confident of udf victory