പതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ താന്‍ രാഷ്ട്രീയം സംസാരിക്കാനില്ലെന്ന് എല്‍ ഡി എഫ് സ്വതന്ത്രസ്ഥാനാര്‍ഥി മനു റോയി. നൂറു ശതമാനവും കറപുരളാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണ് താന്‍ നടത്താന്‍ ആഗ്രഹിക്കുന്നതെന്നും ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ വിജയം സുനിശ്ചിതമെന്നും അദ്ദേഹം പ്രതികരിച്ചു. 

മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന് 

മുന്നണികള്‍ തമ്മില്‍ ശക്തമായ മത്സരം 

എറണാകുളത്ത് മൂന്ന് സ്ഥാനാര്‍ഥികളും ശക്തമായ മത്സരമാണ് കാഴ്ച വെക്കുന്നത്. എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സാനു മാഷിന്റെ പിന്തുടര്‍ച്ചയെന്നോണം എറണാകുളം മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ താന്‍ ജയിക്കുമെന്ന് എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയി അഭിപ്രായപ്പെട്ടു. സേവ്യര്‍ അറയ്ക്കല്‍, സെബാസ്റ്റിയന്‍ പോള്‍ അടക്കമുള്ളവര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായി ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. കടുത്ത മത്സരമാണ് മുന്നണികള്‍ തമ്മിലുള്ളതെങ്കിലും വിജയ പ്രതീക്ഷയിലാണ്. പിതാവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കെ എം റോയിക്ക് ജനങ്ങളുമായുള്ള ബന്ധം വോട്ടെടുപ്പില്‍ തനിക്ക് അനുകൂലമാകുമെന്ന് വിശ്വസിക്കുന്നു 

എറണാകുളം ഇത്തവണ മാറി ചിന്തിക്കും
 
എറണാകുളം മണ്ഡലത്തില്‍ ഇത്തവണ മാറ്റം പ്രകടമാകും. വോട്ടഭ്യര്‍ഥനയുമായി എത്തുന്ന എല്ലാ സ്ഥലങ്ങളിലും ജനങ്ങള്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണ്. അത് വോട്ടായി മാറുമെന്നും വിജയിക്കാന്‍ സാധിക്കുമെന്നും വിശ്വസിക്കുന്നു 

പ്രതിബദ്ധതയുള്ള നേതാവായിരിക്കും 

എന്നെ ജയിപ്പിക്കുകയാണെങ്കില്‍ ആ ജനങ്ങളുടെ എന്ത് ആവശ്യത്തിനുവേണ്ടിയും നിലകൊള്ളും. നൂറു ശതമാനവും കറപുരളാത്ത ഒരു രാഷ്ട്രീയ ജീവിതമാണ് താന്‍ ആഗ്രഹിക്കുന്നത്. വോട്ട് നല്‍കി ജയിപ്പിച്ചുവിടുമ്പോള്‍ അവരോട് പ്രതിബദ്ധതയുള്ളൊരു നേതാവായിരിക്കും.  

ജനങ്ങളുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കും
 
ഓരോ മേഖലയിലെയും ജനങ്ങള്‍ പറയുന്നത് വിവിധ പ്രശ്നങ്ങളാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചേരാനല്ലൂരിലെത്തിയപ്പോള്‍ അവിടുത്തെ ജനങ്ങള്‍ കുടിവെള്ള പ്രശ്നം ചൂണ്ടിക്കാട്ടി. അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ പരിഹാരം ഉണ്ടാക്കുകയെന്നതാണ് ആദ്യം തന്നെ ചെയ്യുക.  കൊച്ചി നഗരത്തിലെത്തിയാല്‍ റോഡുകളുടെ നിലവിലത്തെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. കൂടാതെ മാലിന്യപ്രശ്നം പരിഹരിക്കണം. 

പുതുമുഖം എന്നത് സ്വീകാര്യത നല്‍കുന്നു 

മുന്‍പ് സീറ്റ് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും നിയമസഭയോ, കോര്‍പറേഷനിലേക്കോ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരിചയമില്ല. കോളേജിലും, അഡ്വക്കേറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും മത്സരിച്ച പരിചയം മാത്രമേയുള്ളൂ. എന്നാല്‍ 20 വര്‍ഷത്തെ അഭിഭാഷക പരിചയമുള്ളതുകൊണ്ട് തന്നെ ജനങ്ങളെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവരോടൊപ്പം നില്‍ക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ട്.

പുതുമുഖം ആയതുകൊണ്ട് തന്നെ ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. പ്രായമായവര്‍ പോലും അഭിപ്രായപ്പെടുന്നത് ഇക്കാര്യങ്ങളാണ്. ഇന്നത്തെ ടെക്നോളജിയേയും മറ്റ് സാഹചര്യങ്ങളേയും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ജനങ്ങള്‍ അഭിപ്രായപ്പെടുന്നത്. മണ്ഡലത്തിന്റെ വികസനത്തിന് വലിയൊരു പങ്ക് വഹിക്കാന്‍ ഇത്തരമൊരു സാഹചര്യത്തില്‍ സാധിക്കുമെന്നും ഇവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാകണം ഉപതിരഞ്ഞെടപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ ഡി എഫ് പുതുമുഖങ്ങളെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നതെന്നാണ് വിശ്വസിക്കുന്നത്. 

ബി ജെ പി മുന്നേറ്റത്തെക്കുറിച്ച് സംസാരിക്കാനില്ല

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലായി ബി ജെ പി വോട്ട് ഷെയര്‍ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പറയാന്‍ അറിയില്ല. എന്നാല്‍ അതിനെക്കുറിച്ച് ഇത്തവണത്തെ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കുറച്ച് വോട്ട് കൂടുതല്‍ നേടാന്‍ സാധിച്ചത് അന്ന് മോദി സര്‍ക്കാരാണ് അധികാരത്തിലെന്നതുകൊണ്ടാണ്.   

ശബരിമല തിരഞ്ഞെടുപ്പിലെ വിഷയമല്ല
 
കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് ശബരിമല. എന്നാല്‍ ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കരുതുന്നില്ല. അങ്ങനെയെങ്കില്‍ അത് പാലായില്‍ പ്രതിഫലിക്കുമായിരുന്നു. അത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയമേയല്ല. കൂടാതെ കോടതി വിധിയുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് എടുത്തത്. മരട് ഫ്ളാറ്റ് സംബന്ധിച്ച വിഷയത്തിലും കോടതി വിധിക്കൊപ്പമാണ് സര്‍ക്കാര്‍.

അഴിമതിക്കെതിരേ സര്‍ക്കാര്‍ ശക്തമായി പോരാടുന്നു 
 
പാലാരിവട്ടം അഴിമതി ജനങ്ങള്‍ക്കുള്ളില്‍ വലിയ വിള്ളലുണ്ടാക്കിയ സംഭവമാണ്. പൊതുമുതല്‍ നശിപ്പിക്കുന്ന തരത്തിലാണ് അഴിമതി നടത്തിയിരിക്കുന്നത്. അഴിമതിക്കെതിരേ എല്‍ ഡി എഫ് സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാരായവരെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്. അതിലെ പ്രതികള്‍ ആരൊക്കെയാണെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. അത് തിരഞ്ഞെടുപ്പ് ഫലത്തിലും കൃത്യമായി പ്രതിഫലിക്കും.

വോട്ട്മറിക്കല്‍ എന്നത് വെറും ആരോപണം മാത്രം 

വോട്ട് മറിക്കല്‍ എന്നത് എല്ലാകാലത്തും തോറ്റ സ്ഥാനാര്‍ഥിയും അവരുടെ പാര്‍ട്ടിയും ഉന്നയിക്കുന്ന ആരോപണമാണ്. അത് ജനങ്ങള്‍ കണക്കിലെടുക്കില്ല. 

എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാകും 

കറപുരളാത്ത രാഷ്ട്രീയ പ്രവര്‍ത്തനമായിരിക്കും നടത്തുക. ആദര്‍ശ രാഷ്ട്രീയമായിരിക്കണം നടത്തേണ്ടത്. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും അവരോടൊപ്പം ഉണ്ടാകുമെന്ന ഉറപ്പാണ് തനിക്ക് നല്‍കാനുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

content highlights: Manu C Roy LDF candidate interview