കൊച്ചി: പോളിങ് ശതമാനം കുറഞ്ഞെങ്കിലും വിജയ പ്രതീക്ഷ കൈവിടാതെ എറണാകുളത്തെ സ്ഥാനാര്‍ഥികള്‍. കനത്ത മഴകാരണം പോളിങ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളേയും ഒരുപോലെ ബാധിക്കുമെങ്കിലും വലിയ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്നാണ് ഇടത് വലത് മുന്നണികള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വിജയവാദങ്ങളൊന്നും ഇല്ലെങ്കിലും മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ വോട്ട് എറണാകുളത്ത് നിന്ന് നേടുമെന്നാണ് ബി.ജെ.പിയുടെ വാദം.
എറണാകുളത്ത് മുന്‍ വര്‍ഷങ്ങളെക്കാള്‍ ഭൂരിപക്ഷം കുറയുമെങ്കിലും ടി.ജെ.വിനോദിന് മികച്ച ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കാനാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് വി.ഡി.സതീശന്‍ എം എല്‍ എ പറഞ്ഞു. 70 മുതല്‍ 72 ശതമാനം വരെ പോളിങ് രേഖപ്പെടുത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മഴയും വെള്ളക്കെട്ടും കാരണം പലര്‍ക്കും പോളിങ് ബൂത്തിലേക്ക് എത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു. എറണാകുളം മണ്ഡലത്തില്‍ 15000 ത്തോളം വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട്. ഇതില്‍ യു ഡി എഫിന് 7000, എല്‍ ഡി എഫിന് 5000, ബി ജെ പിക്ക് 3000 എന്നിങ്ങനെ വോട്ടുകള്‍ നഷ്ടമായിട്ടുണ്ടെന്നാണ് യു ഡി എഫ് വിലയിരുത്തല്‍.
മണ്ഡലത്തിലെ നിരവധി പ്രദേശങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. കലൂര്‍, അയ്യപ്പന്‍കാവ്, എളംകുളം ഭാഗങ്ങളിലാണ് മഴയും വെള്ളക്കെട്ടും ഏറ്റവും കൂടുതല്‍ ബാധിച്ചത്. അവിടുത്തെ ബൂത്തുകളിലും പോളിങ് ശതമാനത്തില്‍ കുറവുണ്ടായി. പോളിങ് രണ്ട് മണിക്കൂര്‍ കൂടി നീട്ടിനല്‍കണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സമയം അനുവദിച്ചിരുന്നെങ്കില്‍ പോളിങ് അഞ്ച് ശതമാനം കൂടി വര്‍ധിക്കുമായിരുന്നു. ഇത് മൂന്ന് സ്ഥാനാര്‍ഥികളേയും ഒരുപോലെ ബാധിക്കുമെന്നാണ് കരുതുന്നതെന്നും വി.ഡി.സതീശന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു.
എല്‍ ഡി എഫിന് കിട്ടേണ്ട വോട്ടുകളെല്ലാം കിട്ടുമെന്നും വിജയിക്കുമെന്ന പൂര്‍ണ വിശ്വാസമുണ്ടെന്നും എറണാകുളത്തെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയി പറഞ്ഞു. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടാകുമെന്നായിരുന്നു നേരത്തെ കണക്ക് കൂട്ടിയിരുന്നത്. മഴയും വെള്ളക്കെട്ടുമെല്ലാം കാരണം പലര്‍ക്കും വോട്ടുചെയ്യാന്‍ കഴിയാതെവന്നു. എന്നാല്‍പോലും നേരത്തെയുള്ള കണക്കുകൂട്ടല്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. പോളിങ് ശതമാനം കുറഞ്ഞത് ആര്‍ക്ക് അനുകൂലമാകുമെന്നും പ്രതികൂലമാകുമെന്നുമുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ബി ജെ പി സ്ഥാനാര്‍ഥി സി.ജി.രാജഗോപാല്‍ ജയിക്കുമെന്ന അവകാശവാദങ്ങളൊന്നും മുന്നോട്ടുവെക്കുന്നില്ല. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി തുടര്‍ന്നുവരുന്ന വോട്ടിങ് പാറ്റേണിലെ പിന്തുടര്‍ച്ച എറണാകുളത്തും ഉണ്ടാകുമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ നിന്ന് നേടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ ബി ജെ പി സ്ഥാനാര്‍ഥി സ്വന്തമാക്കും.
വോട്ടെടുപ്പ് ദിവസം മഴ പെയ്ത് ജനങ്ങള്‍ മുഴുവന്‍ വെള്ളത്തിലായി. അത്തരമൊരു സാഹചര്യത്തില്‍ അവരുടെ പ്രതികരണം വോട്ടിലൂടെ ഉണ്ടാകണം. എന്നാല്‍ അത്തരമൊരു വേഗത്തിലുള്ളൊരു പ്രതികരണം ജനങ്ങള്‍ വോട്ടിലൂടെ നടത്തിയോ എന്ന ആശങ്കയുണ്ട്. കാരണം സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍വരെ രണ്ട് മുന്നണികള്‍ ജാതീയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു നടത്തിയത്. വികസനത്തെക്കാള്‍ വര്‍ഗീയതക്കാണ് രണ്ട് മുന്നണികളും പ്രാധാന്യം നല്‍കിയത്. അത് ജനങ്ങളെ സ്വാധീനിച്ചിട്ടുമുണ്ടാകും. വര്‍ഗീയതയുടെ ഫലമായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kerala byelection 2019; Eranakulam