കൊച്ചി: മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും പരിഹാരം നിർദേശിച്ചുമാണ് എൻ.ഡി.എ. എറണാകുളം നിയോജകമണ്ഡലം സ്ഥാനാർഥി സി.ജി. രാജഗോപാലിന്റെ ഗൃഹസമ്പർക്ക പരിപാടി മുന്നേറുന്നത്. കൊച്ചി നഗരത്തിന്റെ മുഖച്ഛായ ദേശീയ ശ്രദ്ധ നേടുന്ന തരത്തിലേക്ക് ഉയർത്തുമെന്ന് സ്ഥാനാർഥി ഉറപ്പുനൽകുന്നു. മാലിന്യപ്രശ്നം പരിഹരിക്കുക മാത്രമല്ല, ശാസ്ത്രീയമായ സംവിധാനം ഒരുക്കുമെന്നും രാജഗോപാൽ ഉറപ്പുനൽകുന്നുണ്ട്.

നഗരസഭയുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം മാലിന്യപ്രശ്നം പരിഹാരമാകാതെ നീളുകയാണ്. ഇതിനു ശാശ്വത പരിഹാരമുണ്ടാക്കും. വെള്ളക്കെട്ട്, അശാസ്ത്രീയമായ ഓടകൾ എന്നിവയ്ക്കെല്ലാം റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ജനകീയ പങ്കാളിത്തമുള്ള പരിഹാര ശ്രമങ്ങളുണ്ടാകുമെന്നും സ്ഥാനാർഥി ജനങ്ങൾക്ക് ഉറപ്പുനൽകുന്നു. ബുധനാഴ്ച രവിപുരം, എറണാകുളം സെൻട്രൽ മണ്ഡലം പ്രദേശങ്ങളിലായിരുന്നു സമ്പർക്ക പരിപാടി.

സുരേഷ് ഗോപി ഇന്നെത്തും

സി.ജി. രാജഗോപാലിന്റെ പ്രചാരണത്തിനായി സുരേഷ് ഗോപി എം.പി. വ്യാഴാഴ്ച എത്തും. ഉച്ചയ്ക്ക് രണ്ടിന് ലക്ഷ്മി ഹോസ്പിറ്റലിനു പിറകിലുള്ള ദേവി കോളനി സന്ദർശനത്തോടെയാണ് പ്രചാരണം തുടങ്ങുന്നത്. തുടർന്ന് തേവര കോളേജിൽ സന്ദർശനം നടത്തും.

എളമക്കരയിൽ കുടുംബസംഗമത്തിലും പങ്കെടുക്കും. അഞ്ചര മണിക്ക്‌ ചിറ്റൂരിൽനിന്ന്‌ കച്ചേരിപ്പടി വരെ സുരേഷ് ഗോപി പങ്കെടുക്കുന്ന റോഡ്‌ ഷോ നടക്കും.

 

Content Highlights: Kerala Byelection 2019, Kerala Bypolls 2019