കൊച്ചി: തുരുത്തുകാരുടെ ദുരിതം നേരിട്ടറിഞ്ഞ് ഇടതുമുന്നണി സ്ഥാനാർഥി മനു റോയി എത്തി. തുരുത്തിലെ ഏറ്റവും പ്രായം ചെന്ന അമ്മ രത്നവല്ലി സ്ഥാനാർഥിയെ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ചു. നഗരത്തിന് വിളിപ്പാടകലെ ആയിരുന്നിട്ടും വേണ്ട വികസനമില്ലാതെ ബുദ്ധിമുട്ടുകയാണ് താന്തോണി തുരുത്തുകാർ. തന്നെ നിയമസഭയിലേക്ക് വിട്ടാൽ ഭരിക്കുന്ന സർക്കാരിന്റെ സഹായത്തോടെ വേണ്ടതു ചെയ്യാമെന്ന് ഉറപ്പുനൽകിയാണ്‌ സ്ഥാനാർഥി മടങ്ങിയത്.

65 വീടുകളിലായി 195 വോട്ടർമാരാണ് തുരുത്തിലുള്ളത്. നഗരത്തിലെത്താൻ വഞ്ചിയും ബോട്ടും മാത്രമാണ് ആശ്രയം. ഹൈക്കോടതി ജങ്ഷനിൽനിന്നുവേണം സാധനങ്ങൾ വാങ്ങാൻ. ഇവിടെ നിന്ന് ആകെയുണ്ടായിരുന്ന വഴിയും ഈയിടെ അടച്ചു. പുതിയ എം.എൽ.എ. വന്നാൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് തുരുത്തുകാർ.

പ്രചാരണം കോന്തുരുത്തി സെയ്ന്റ് ജോൺസ് നെപുംസ്യാൻ പള്ളിയുടെ സമീപത്തുനിന്നാണ് ആരംഭിച്ചത്. സ്നേഹതീരം കോളനി, മുളവരിക്കൽ റോഡ്, ചാവറ റസിഡന്റ്‌സ് മേഖല എന്നിവിടങ്ങളിൽ വോട്ടുതേടി. തുടർന്ന് കറുകപ്പള്ളി മേഖലയിൽ. കൗൺസിലർ സി.കെ. പീറ്റർ, സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം എൻ.കെ. ഷാജി തുടങ്ങിയവർ അനുഗമിച്ചു.

തുറന്ന വാഹനത്തിൽ പര്യടനം തുടങ്ങുന്നു

വ്യാഴാഴ്ച സ്ഥാനാർഥി തുറന്ന വാഹനത്തിൽ പര്യടനം തുടങ്ങും. ഉച്ചകഴിഞ്ഞ് മൂന്നിന് ചേരാനല്ലൂർ ജയകേരള ജങ്ഷനിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് പൊതുപര്യടനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ചേരാനല്ലൂർ, കുന്നുംപുറം മേഖലകളിൽ സ്ഥാനാർഥി തുറന്ന വാഹനത്തിൽ പര്യടനം നടത്തും.

 

Content Highlights: Kerala Byelection 2019, Kerala Bypolls 2019