കൊച്ചി: പ്രചാരണം മുറുകുന്നതിനിടെ തന്റെ പൂർവ കലാലയമായ കളമശ്ശേരി സെയ്ന്റ് പോൾസ് കോളേജിലാണ് യു.ഡി.എഫ്. സ്ഥാനാർഥി ടി.ജെ. വിനോദും പ്രവർത്തകരും സന്ദർശനത്തിനെത്തിയത്. രണ്ടുതവണ വിനോദ് കോളേജ് യൂണിയൻ ചെയർമാനായിരുന്ന കോളേജാണ് സെയ്ന്റ് പോൾസ്. എറണാകുളം നിയമസഭാ മണ്ഡലത്തിന് പുറത്താണെങ്കിലും കോളേജിലെ വിദ്യാർഥികളും അധ്യാപകരുമായി ഒട്ടേറെപ്പേർ എറണാകുളത്തെ വോട്ടർമാരാണ്. അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആവേശപൂർവമാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.

രാവിലെ വടുതല ചിന്മയ വിദ്യാലയയിൽ അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും കണ്ട് വോട്ടഭ്യർഥിച്ചായിരുന്നു പ്രചാരണത്തുടക്കം. സ്കൂൾ പ്രിൻസിപ്പൽ പ്രതിഭയുടെ നേതൃത്വത്തിൽ സ്ഥാനാർഥിയെ സ്വീകരിച്ചു.

ഡോൺബോസ്കോ ഐ.ടി.ഐ.യും വടുതല ഹോളി ഫാമിലി യൂറേഷ്യൻ യു.പി. സ്കൂളും സന്ദർശിച്ചു. ഹൈബി ഈഡൻ എം.പി.യും സ്ഥാനാർഥിക്കൊപ്പം പ്രചാരണത്തിനുണ്ടായിരുന്നു.

വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അമ്മ കളത്തിപ്പറമ്പിൽ ത്രേസ്യ അവറാച്ചനെ വീട്ടിലെത്തി സന്ദർശിച്ച് അനുഗ്രഹം വാങ്ങി.

ഡോൺബോസ്കോ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ച ടി.ജെ. വിനോദിനെയും ഹൈബി ഈഡൻ എം.പി. യെയും പ്രിൻസിപ്പൽ വർഗീസ് എടത്തിച്ചിറ സ്വീകരിച്ചു. അഭിഭാഷക സമൂഹത്തിന്റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള അഭിഭാഷക സംഗമവും യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പര്യടനങ്ങളുടെ ഉദ്ഘാടനവും നടന്നു. രണ്ട് പരിപാടികളുടെയും ഉദ്ഘാടനം വി.എം. സുധീരൻ നിർവഹിച്ചു.

 

Content Highlights: Kerala Byelection 2019, Kerala Bypolls 2019