കൊച്ചി: അനുകൂലമല്ലാതിരുന്ന രാഷ്ട്രീയ കാലാവസ്ഥയിലും എറണാകുളം സീറ്റ് നിലനിര്‍ത്തി യു.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് 3750 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ 21,949 വോട്ടിന് ജയിച്ച മണ്ഡലമാണ് എറണാകുളം.

വിജയം എറണാകുളത്തെ ജനാവലിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നതായി ടിജെ വിനോദ് പ്രതികരിച്ചു. യുവാക്കളുടെ വോട്ട് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളക്കെട്ട് തനിക്കുള്ള വോട്ട് കുറയാന്‍ കാരണമായെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ മനു റോയി പ്രതികരിച്ചു. സി.ജി രാജഗോപാലായിരുന്നു ബിജെപി സ്ഥാനാര്‍ഥി.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലുമുണ്ടായിരുന്ന ഭൂരിപക്ഷത്തില്‍ നിന്നും ഗണ്യമായ കുറവാണ് ഇത്തവണ യുഡിഎഫിനുണ്ടായത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും അമ്പത് ശതമാനത്തിലേറെ വോട്ട് യു.ഡി.എഫിനായിരുന്നു.

കനത്ത മഴയും വെള്ളക്കെട്ടും കാരണം പോളിങ് നിലയില്‍ ഗണ്യമായ കുറവുണ്ടായിരുന്നു എറണാകുളത്ത് യു.ഡി.എഫ് കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു. 57.89 %  പോളിങ് മാത്രമായിരുന്നു ഇവിടെ ലഭിച്ചത്. 71.60% പോളിങ് നടന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21,949 വോട്ടായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ ലീഡ്. 73.29% പോളിങ് നടന്ന കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഹൈബി 31,178 വോട്ടാണ് എറണാകുളത്തു നിന്നും നേടിയത്. 

വോട്ട് നില

ടി.ജെ വിനോദ് (യു.ഡി.എഫ്) - 37516  (*57819)
മനു റോയ് (എല്‍.ഡി.എഫ്) - 33843  (*35870)
സി.ജി രാജഗോപാല്‍ - 13259  (*14,878)
നോട്ട - 1297

* 2016 ലെ വോട്ടുനില

 

Content highlights:TJ Vinod UDF Candidate win Ernakulam By election