കൊച്ചി നഗരത്തില്‍ വരുന്ന ഒരാള്‍ക്ക് മൂക്ക് മറച്ച് പിടിക്കാതെ നടക്കാന്‍ കഴിയണം. ഇവിടുത്ത റോഡുകളെല്ലാം തോടുകളായി. കെട്ടിയ പാലം പൊളിക്കുന്നു...ഇതെല്ലാം ജനവഞ്ചനയാണെന്ന് ജനങ്ങള്‍ തിരിച്ചറിയും. മുള്ളുള്ള മരത്തില്‍ കയറിപ്പിടിച്ച അവസ്ഥയാണ് എറണാകുളത്തെ ജനങ്ങളുടേത്. അതിന് മാറ്റം വേണം. അടുത്തു തന്നെയുള്ള ബി ജെ പി എന്ന ചന്ദനമരത്തില്‍ പിടിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.  എറണാകുളത്ത് വോട്ട് ഷെയര്‍ വര്‍ധിപ്പിക്കുകയല്ല വിജയിക്കുക തന്നെ ചെയ്യുമെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി സി.ജി.രാജഗോപാല്‍ പറയുന്നു. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന് 

വോട്ട് ഷെയര്‍ വര്‍ധിപ്പിക്കുകയല്ല, വിജയിക്കും 

രണ്ടാമതാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി എത്തുന്നത്. ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ സാധിക്കും. കൊച്ചി നഗരത്തിലെത്തുന്ന ഒരാള്‍ മൂക്കുപൊത്താതെ നടക്കുന്ന സാഹചര്യം ഉണ്ടാകണം. ഇവിടെ മാറി മാറി ഭരിക്കുന്ന ഭരണകര്‍ത്താക്കള്‍ക്ക് അതിന്റെ പ്രാധാന്യം മനസിലായിട്ടുണ്ടോയെന്ന് അറിയില്ല. ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളെ മാറി മാറി വഞ്ചിക്കുകയാണ് ചെയ്യുന്നത്. കൊച്ചിയില്‍ മാലിന്യപ്രശ്‌നം അതി രൂക്ഷമാണ്. ഇവിടുത്ത റോഡുകളെല്ലാം തോടുകളായി. കെട്ടിയ പാലം പൊളിക്കുന്നു. ഇതെല്ലാം ജനവഞ്ചനയാണെന്ന് ജനങ്ങള്‍ തിരിച്ചറിയും. 

സ്ഥാനാര്‍ഥി എന്ന നിലയില്‍ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കാനില്ല. എന്നാല്‍ മണ്ഡലത്തിലെ ഈ പ്രശ്‌നങ്ങളെല്ലാം മനസിലാക്കി അവരോടൊപ്പം ഉണ്ടാകും. എന്റെ നഗരം സുന്ദരനഗരമായി കാണാനാണ് ആഗ്രഹിക്കുന്നത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും എതിരേ നടക്കുന്ന അഴിമതി ആരോപണങ്ങളെ വോട്ടിന് വേണ്ടി എടുത്തുപറയുന്നില്ല. എന്നാല്‍ ജനവഞ്ചനയാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഇതെല്ലാം ചര്‍ച്ചയാകും. സാധാരണക്കാരായ ജനങ്ങളുടെ പോക്കറ്റില്‍ കൈയിട്ട് വാരുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബി ജെ പി ഇതിനെല്ലാം എതിരാണ്. നിതിന്‍ ഗഡ്കരിയുടെ കാലത്താണ് റോഡുകളുടെ നില മെച്ചപ്പെടുത്തുന്ന രീതിയിലേക്ക് എത്തിയത്. നാടിന്റെ വികസനത്തിനും റോഡുകളെ ഗതാഗത യോഗ്യമാക്കുന്നതിനും വേണ്ട നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചു. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും

എറണാകുളം മാറ്റം ആഗ്രഹിക്കുന്നു 

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളെ കാണുമ്പോള്‍ അവര്‍ അഭിപ്രായപ്പെടുന്നത് മാറ്റം വേണമെന്നാണ്. മുള്ളുള്ള മരത്തില്‍ കയറിപ്പിടിച്ച അവസ്ഥയാണ് എറണാകുളത്തെ ജനങ്ങളുടേത്. അതിന് മാറ്റം വേണം. അടുത്തു തന്നെയുള്ള ബി ജെ പി എന്ന ചന്ദനമരത്തില്‍ പിടിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇവിടുത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നവരാണ്. അത്തരമൊരു മാറ്റം ഈ തിരഞ്ഞെടുപ്പോടുകൂടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എറണാകുളം ആര്‍ക്കും കുത്തകയല്ല 

ആര്‍ക്കും കുത്തക നല്‍കാന്‍ കഴിയുന്ന മണ്ഡലമല്ല എറണാകുളം എന്ന് പറയാന്‍ ഈ തിരഞ്ഞെടുപ്പോടു കൂടി സാധിക്കും. ഒരിക്കലും പാലായെപ്പോലൊരു സ്ഥിതിവിശേഷമല്ല എറണാകുളത്തിന്. ആ ഘടകം എന്‍ ഡി എ മുന്നണിക്ക് അനുകൂലമാണ്. 

കണ്ണന്താനം അടിത്തറ നല്‍കി, ഞാന്‍ കെട്ടിപ്പടുക്കുന്നു 

എറണാകുളം മണ്ഡലത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറെ ജനപ്രിയനായ കണ്ണന്താനം മത്സരിച്ചു. എന്നാല്‍ അദ്ദേഹം വിജയിച്ചില്ലായെന്ന് പറയാന്‍ കഴിയില്ല. മുന്‍ വര്‍ഷങ്ങളെക്കാള്‍ ശക്തമായ രീതിയില്‍ വോട്ട് ഷെയര്‍ കൂട്ടാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം അടിത്തറ നല്‍കി ഞാന്‍ കെട്ടിപ്പടുക്കുകയാണ് ചെയ്യുന്നത്. 

ഉപതിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ബി ജെ പി ജയിക്കും 

രണ്ട് സീറ്റുകളില്‍ മാത്രമുണ്ടായിരുന്ന പ്രസ്ഥാനത്തെ ജനങ്ങള്‍ നെഞ്ചിലേറ്റുകയാണ് ചെയ്തത്. പിന്നീട് രാജ്യത്ത് ബി ജെ പി വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിന്റെ അലയൊലികള്‍ കേരളത്തിലുമുണ്ടാകും. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലും എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ വിജയിക്കും. അതിൽ എറണാകുളവും ഉണ്ടാകും. 

ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ട് അഭിപ്രായമില്ല 

ഏതൊരു പ്രസ്ഥാനത്തിനകത്തും രണ്ട് തരത്തിലുള്ള അഭിപ്രായങ്ങളുണ്ടാകും. അതില്‍ സമന്വയമുണ്ടാക്കുക എന്നതാണ് പ്രധാനം. വിശ്വാസികളുടെ കാര്യം നോക്കേണ്ടത് വിശ്വാസികളാണ്. അതില്‍ അവിശ്വാസികള്‍ ഇടപെടേണ്ട കാര്യമില്ല. അതുപോലെ തിരിച്ചും. വിശ്വാസം സംസ്‌കാരത്തിന്റെ ഭാഗമാണ്. ശബരിമല വിഷയത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളായിരിക്കും. എന്നാല്‍ ഒരു പ്രസ്ഥാനമെന്ന നിലയില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ട്. തിരഞ്ഞെടുപ്പില്‍ ശബരിമലയും വികസനവും പ്രധാന ഘടകങ്ങളായി തന്നെ പ്രവര്‍ത്തിക്കും. 

വോട്ട് മറിക്കല്‍ എന്നത് വെറും ആരോപണം

വിദ്യാസമ്പന്നരായ ജനങ്ങളാണ് നാട്ടിലുള്ളത്. വോട്ട് മറിക്കല്‍, വോട്ട് കച്ചവടം എന്നതൊക്കെ പൊള്ളയായ ആരോപണങ്ങള്‍ മാത്രമാണ്. കാരണം ജനങ്ങള്‍ക്ക് അറിയാം ആരെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന്. വോട്ട് മറിക്കല്‍ എന്ന ആരോപണങ്ങളൊക്കെ തമാശയായിട്ടാണ് തോന്നുന്നത്. 

ആര്‍ എസ് എസിനോ ബി ഡി ജെ എസിനോ അകല്‍ച്ചയില്ല 

കുമ്മനം രാജശേഖരന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം ആര്‍ എസ് എസിന് അകല്‍ച്ചയെന്ന തരത്തിലുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ക്കെല്ലാം എത്രത്തോളം അടിസ്ഥാനമുണ്ടെന്ന് അറിയില്ല. രാജ്യത്തിന് മാറ്റി നിര്‍ത്താന്‍ കഴിയാത്ത അവിഭാജ്യഘടകമാണ് ആര്‍ എസ് എസ്. ഞാനുള്‍പ്പെടെയുള്ളവര്‍ അതിലെ സേവകരും ആ പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. 

അതുപോലെ തന്നെയാണ് ബി ഡി ജെ എസ് അകലുന്നു എന്ന വാര്‍ത്ത. അകല്‍ച്ച എന്നൊരു വാക്ക് ഞങ്ങളുടെ നിഘണ്ടുവില്‍ ഇല്ല. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ബി ഡി ജെ എസ് പ്രവര്‍ത്തകര്‍ വിളിക്കുകയും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.  അതുകൊണ്ട് തന്നെ അങ്ങനെയൊരു അകല്‍ച്ച ഉണ്ടെന്നോ ഉണ്ടാകുമെന്ന് വിശ്വസിക്കുകയോ ചെയ്യുന്നില്ല. 

 

Content Highlights: Interview with BJP candidate C G Rajagopal