മ്മനത്തെ തൈവേലികത്ത് വീടിന് ആൾക്കൂട്ടവും തിരഞ്ഞെടുപ്പും പുതുമയല്ല... 24 വർഷമായി പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞുനിൽക്കുകയാണ് ഇവിടത്തെ ഗൃഹനാഥൻ ടി.ജെ. വിനോദ്. യു.ഡി.എഫ്. സ്ഥാനാർഥിയായ ടി.ജെ. വിനോദിന് മുഖ്യ പരിഗണന പൊതുപ്രവർത്തനം തന്നെയാണെന്ന് ഭാര്യ ഷിമിത പറയുന്നു. കോൺഗ്രസ് കുടുംബമാണ് ഇരുവരുടെയും.

സ്ഥാനമാനങ്ങൾ മോഹിപ്പിച്ചിട്ടില്ല. ഏറ്റെടുക്കുന്ന ജോലി മികവോടെ ചെയ്യുന്നതാണ് വിനോദിന്റെ ലക്ഷ്യം. 97-ലായിരുന്നു വിവാഹം. അന്ന് കോർപ്പറേഷൻ കൗൺസിലറായിരുന്നു. ഇതുവരെയുള്ള 22 വർഷവും പാർട്ടി പ്രവർത്തനത്തിന് നിശ്ശബ്ദ പിന്തുണയേ നൽകിയിട്ടുള്ളു. പക്ഷേ, ഇക്കുറി വിനോദിന്റെ വിജയത്തിന് കഴിയാവുന്ന സഹായങ്ങൾ ചെയ്യുകയാണെന്ന് ഷിമിതയും മക്കളും.

കോൺഗ്രസിന്റെ വനിതാ വിങ്ങിനൊപ്പം സഞ്ചരിക്കുകയാണ് ഷിമിത. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വോട്ട് ഉറപ്പിച്ചുകഴിഞ്ഞു. ഇനി മണ്ഡലത്തിലെ സ്ത്രീവോട്ടർമാരെ പരമാവധി നേരിൽ കാണുകയാണ് ലക്ഷ്യം. പല വാർഡുകളിലും ഇതിനോടകം പോയി. അച്ഛന്റെ പൊതുപ്രവർത്തനത്തിന് മക്കളുടെ പൂർണ പിന്തുണയുണ്ട്. പ്രചാരണത്തിന് ഇറങ്ങുന്നില്ലെങ്കിലും പരിചയക്കാരുടെ വാട്സാപ്പിലേക്ക് അച്ഛനുവേണ്ടി മക്കൾ വോട്ടഭ്യർഥിക്കുന്നുണ്ട്. മകൾ സ്നേഹ രാജഗിരി കോളേജിൽ ബി.ടെക് രണ്ടാംവർഷ വിദ്യാർഥിയാണ്. മകൻ വരുൺ എളമക്കര ഭവൻസിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിയും.

ചേർത്തല തങ്കിയിൽ പൊതു പ്രവർത്തകനായിരുന്നു വിനോദിെൻെറ പിതാവ്. പത്താം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട വിനോദിനെ വളർത്തിയതും പഠിപ്പിച്ചതും അമ്മ സെലിനാണ്. കളമശ്ശേരി സെയ്‌ന്റ് പോൾസ് കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യു. വിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. രാഷ്ട്രീയമാണ് മകന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് എല്ലാ പിന്തുണയും നൽകിയ അമ്മയാണ് വിനോദിന്റെ കരുത്തെന്ന് ഷിമിത പറയുന്നു. 92 വയസ്സുള്ള അമ്മ സെലിൻ ജോസഫ് മകന്റെ വിജയത്തിനായുള്ള പ്രാർത്ഥനയിലാണ്. തമ്മനത്തുതന്നെ താമസിക്കുന്ന ഇരുവരുടെയും കുടുംബങ്ങളും പിന്തുണയുമായി കൂടയുണ്ട്.

അത്താഴം എന്നും കുടുംബത്തിനൊപ്പം

വിവാഹത്തിന് മുമ്പും ശേഷവും പൊതുപ്രവർത്തന രംഗത്തായിരുന്നെങ്കിലും തങ്ങൾക്കിടയിൽ ഒരിക്കലും രാഷ്ട്രീയം ചർച്ചയ്ക്ക് വന്നിട്ടില്ലെന്ന് ഷിമിത. രാഷ്ട്രീയത്തിലെ തിരക്കും സമ്മർദവും വീട്ടിലേക്ക് കൊണ്ടുപോകാറില്ല. സ്ഥാനാർഥിയാകുന്നതിനു മുമ്പും കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എന്ന നിലയിൽ തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു വിനോദിന്. എത്ര തിരക്കുണ്ടായലും രാത്രി എട്ടുമണിയോടെ വീട്ടിലെത്തുമായിരുന്നു. അത്താഴം മക്കൾക്കൊപ്പം വേണമെന്നത് നിർബന്ധമാണ്. മക്കളുടെ പഠന കാര്യങ്ങളും അന്വേഷിക്കും. പൊതു പ്രവർത്തനത്തിന്റ ആരവങ്ങൾ വ്യക്തി ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഇഷ്ടമില്ലാത്തയാളാണ്. കുടുംബത്തോടൊപ്പമുള്ള യാത്രകൾ ഏറെ പ്രിയങ്കരമാണ്. എല്ലാവരും ഒന്നിച്ച് വർഷത്തിൽ ഒരു യാത്ര പതിവാണ്.

പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുത്തതോടെ തിരക്ക് കൂടി. രാത്രി 11 കഴിയും വീട്ടിലെത്താൻ. പക്ഷേ, അത്താഴം കഴിക്കാതെ മക്കൾ അപ്പോഴും കാത്തിരിക്കും. പ്രചാരണത്തിനായി രാവിലെ ആറുമണി കഴിഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങും. പ്രാതൽ വീട്ടിൽനിന്ന് കഴിക്കും. ഉച്ചഭക്ഷണം പുറത്തുനിന്നാണ്. ഇടവേളകളിൽ കഴിക്കാൻ പഴങ്ങളും പച്ചക്കറികളും തിളപ്പിച്ചാറ്റിയ വെള്ളവും കൊണ്ടുപോവും.

ഇത്രയും വർഷത്തെ അനുഭവസമ്പത്ത് വിജയത്തിലേക്കുള്ള പടിയായിത്തീരുമെന്നാണ് വിശ്വാസം. യു.ഡി.എഫിനെ എറണാകുളം കൈവിടില്ലെന്ന വിശ്വാസത്തിലാണ് പ്രചാരണം മുന്നേറുന്നത്.

 

Content Highlights: Ernakulam UDF Candidate T J Vinod With Family, Kerala Byelection