കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി മനു റോയിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കോമ്പാറ പ്രദേശത്ത് ഗൃഹസന്ദർശനത്തോടെ ആരംഭിച്ചു. കോമ്പാറയിലെ ജനവാസ മേഖലകളിലൂടെ കടന്നുപോയ സ്ഥാനാർഥിയ്ക്ക് വിവിധയിടങ്ങളിൽ സ്വീകരണം നൽകി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖാമുഖം പരിപാടിയിലും പങ്കുചേർന്നു. വേദിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽനിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കേണ്ടെന്നു കരുതി പതിയെ വേദിയിൽ കയറി ഇരിക്കാനൊരുങ്ങിയ സ്ഥാനാർഥിയെ പിണറായി പ്രസംഗം നിർത്തി കൈപിടിച്ച് സ്വീകരിച്ച് സദസ്സിന് പരിചയപ്പെടുത്തി.

കുന്നുംപുറം പെന്തക്കോസ്റ്റൽ ആരാധനാലയത്തിൽ ചെന്ന മനു റോയി ആളുകളെ കണ്ട് പിന്തുണ തേടി. വൈകിട്ട് നാലിന് രവിപുരത്തും അഞ്ചിന് എളമക്കരയിലും മുഖ്യമന്ത്രി പങ്കെടുത്ത പൊതു യോഗങ്ങളിൽ സ്ഥാനാർഥി പങ്കെടുത്തു. അതിനു ശേഷവും കടവന്ത്രയിലും പെരുമാനൂരിലുമായി വിവിധയിടങ്ങളിൽ ജനങ്ങളെ കണ്ടായിരുന്നു എൽ.ഡി.എഫ്. സ്ഥാനാർഥി മനു റോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.

സി.പി.ഐ. നേതാവ് കെ.പി. രാജേന്ദ്രൻ എളമക്കരയിൽ മുഖ്യമന്ത്രി പങ്കെടുത്ത പൊതു യോഗത്തിലും കുടുംബയോഗങ്ങളിലും ഭവന സന്ദർശനങ്ങളിലും പങ്കെടുത്തു.

 

Content Highlights: Ernakulam LDF Candidate Manu Roy, Kerala ByElection