കൊച്ചി: ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയ്ക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ മുതിര്‍ന്ന നേതാക്കളെ വെട്ടാന് ലക്ഷ്യമിട്ട് എറണാകുളത്ത്‌പോസ്റ്റര്‍. തുടര്‍ച്ചയായി മത്സരിക്കുന്നവരും അധികാരത്തിലിരിക്കുന്നവരും മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്റ്റര്‍.

എറണാകുളത്തെ സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ട് കെ.വി.തോമസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഡിസിസി ഓഫീസിനു മുന്നില്‍ ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ സിറ്റിങ് എംപിയായിരുന്ന കെ.വി.തോമസിന് കഴിഞ്ഞ ഹൈബി ഈഡനുവേണ്ടി വഴിമാറി കൊടുക്കേണ്ടിവന്നിരുന്നു. ഹൈബി എംപിയായ ഒഴിവിലാണ് എറണാകുളത്ത് ഉപതിരഞ്ഞെടുപ്പ് വരുന്നത്.

കെ.വി.തോമസിനൊപ്പം ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദിനെ കൂടി ലക്ഷ്യമിട്ടാണ് പോസ്റ്റര്‍. ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് പുറമേ കൊച്ചി നഗരസഭാ മേയര്‍ സ്ഥാനം കൂടി വഹിക്കുന്നുണ്ട് ടി.ജെ.വിനോദ്. ഇത്തവണ സ്ഥാനാര്‍ഥിയായി സജീവ ചര്‍ച്ചയിലുള്ള ആളാണ് വിനോദ്. ഇവരെ കൂടാതെ ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കായി എ ഗ്രൂപ്പും രംഗത്തുണ്ട്.

എ-ഐ ഗ്രൂപ്പുകളുടെ വടംവലിയാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് ആരോപണമുണ്ടെങ്കിലും തുടര്‍ച്ചയായി ഒരേ ആളുകള്‍ക്ക് തന്നെ സ്ഥാനം ലഭിക്കുന്നതിന് എതിരെയാണ് തങ്ങളുടെ നീക്കമെന്ന് യൂത്ത് കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കൊച്ചിയുടെ വളര്‍ച്ചയ്ക്ക് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, പോസ്റ്റര്‍ പതിച്ചതിനോട് പ്രതികരിക്കാന്‍ ഡിസിസി നേതൃത്വം തയ്യാറായില്ല.

 

Content Highlights: Youth demands seat for youth leaders