കൊച്ചി: കനത്ത മഴയും പ്രളയ സമാനമായ സാഹചര്യവും വോട്ടിങ് ശതമാനം കുറച്ച എറണാകുളത്ത് കനത്ത നഷ്ടം യു.ഡി.എഫിന്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും 20,000 വോട്ടാണ് യു.ഡി.എഫിന് നഷ്ടമായത്.

പോളിങില്‍ 14 ശതമാനം കുറവുണ്ടായെങ്കിലും എല്‍.ഡി.എഫിന് നഷ്ടപ്പെട്ടത് 2027 വോട്ടുമാത്രമാണ്. ബി.ജെ.പിക്ക് നഷ്ടമായത് 1619 വോട്ടും. കൃത്യമായി പറഞ്ഞാല്‍ യു.ഡി.എഫിന്റെ നഷ്ടം 20303 വോട്ടാണ്. 

ടി.ജെ വിനോദ് (യു.ഡി.എഫ്) - 37516  (*57819)
മനു റോയ് (എല്‍.ഡി.എഫ്) - 33843  (*35870)
സി.ജി രാജഗോപാല്‍ - 13259  (*14,878)
 *2016 ലെ വോട്ടു നില

ഉപതിരഞ്ഞെടുപ്പിന് പോളിങ് ശതമാനം കൂടുമെന്ന എല്ലാ ധാരണകളും തെറ്റിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. പോളിങ്ങില്‍ ഏറ്റവും കൂടുതല്‍ ഇടിവ് എറണാകുളത്തായിരുന്നു. എറണാകുളത്ത് പോളിങ് തുടങ്ങുമ്പോള്‍ നഗര ഹൃദയത്തില്‍ രൂപപ്പെട്ട കനത്ത വെള്ളക്കെട്ടില്‍ ജനം പരിഭ്രാന്തരായ സാഹചര്യമായിരുന്നു. അതുകൊണ്ടു തന്നെ ഉച്ചക്ക് രണ്ടു മണി വരെ പോള്‍ ചെയ്തത് വെറും 33.79 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു. 57.89 ശതമാനം വോട്ടാണ് ഇവിടെ ആകെ പോള്‍ ചെയ്തത്.

പ്രളയ കാലത്തും അതിന് ശേഷവും കനത്ത വെള്ളക്കെട്ടിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷന്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമാണെങ്കിലും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പലതവണ നേരിട്ടു. വോട്ടു ചോര്‍ച്ചയെ ഈ സാഹചര്യത്തില്‍ വേണം വിലയിരുത്തേണ്ടത്. കോര്‍പ്പറേഷനോടുള്ള പ്രതിഷേധം വോട്ടു ചെയ്യാതിരിക്കുന്നതില്‍ നിന്നും യു.ഡി.എഫിന്റെ ഉറച്ച വോട്ടുകളെ പിന്തിരിപ്പിച്ചു എന്ന് കരുതണം.

കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ മൂന്നു വര്‍ഷം മാത്രമാണ് എറണാകുളം മണ്ഡലം എല്‍.ഡി.എഫ് ഭരിച്ചത്. 1991 മുതല്‍ 1998 വരെ രണ്ട് ടേമുകളിലായി കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ഈഡനായിരുന്നു എം.എല്‍.എ. 1998 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത് എല്‍ ഡി എഫ് സ്വതന്ത്രനായ അഡ്വ. സെബാസ്റ്റ്യന്‍ പോളായിരുന്നു. 2001 ല്‍ കെ.വി തോമസും, 2009 ലെ ഉപതിരഞ്ഞെടുപ്പില്‍ ഡൊമിനിക് പ്രസന്റേഷനും 2011 മുതല്‍ 2019 വരെ ജോര്‍ജ് ഈഡന്റെ മകനായ ഹൈബി ഈഡനുമാണ് ഇവിടെ നിന്നും ജയിച്ച് നിയമസഭയിലെത്തിയത്. 

Content highlights: Ernakulam byelection, UDF lost 20000 votes as heavy rain and waterlogged situation affected