കൊച്ചി: എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയിക്ക് തിരിച്ചടിയായി അപരസാന്നിധ്യം. യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ.വിനോദ് 3750 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ മനു റോയിയുടെ അപരന്‍ മനു കെ.എം പിടിച്ചത് 2572 വോട്ടുകള്‍. നോട്ടയ്ക്ക് ലഭിച്ച 1309 വോട്ടുകള്‍ കൂടി ചേര്‍ത്താല്‍ വോട്ടുകളുടെ എണ്ണം 3881 ആകും. അതായത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തേക്കാള്‍ 131 വോട്ടുകള്‍ കൂടുതല്‍!

പോളിങ് ദിനത്തിലെ കനത്ത മഴയും വെള്ളക്കെട്ടും എറണാകുളത്തെ വോട്ടിങ് ശതമാനത്തെ കാര്യമായി ബാധിച്ചിരിച്ചു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ 71.72 ശതമാനവും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 73.29 ശതമാനവും പോളിങ് ഉണ്ടായിരുന്ന മണ്ഡലത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത് വെറും 57.89 ശതമാനം മാത്രം.

യുഡിഎഫിന് മേല്‍ക്കൈ ഉള്ള മണ്ഡലത്തില്‍ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞത് എല്‍ഡിഎഫിന് അനുകൂല ഘടകമാകുമെന്നായിരുന്നു എൽഡിഎഫ് കണക്കുകൂട്ടിയത്. ഒപ്പം യുഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ പോളിങ് ദിനത്തിലുണ്ടായ വെള്ളക്കെട്ടും ഗതാഗത സ്തംഭനവും വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും എല്‍ഡിഎഫ് വിലയിരുത്തലുണ്ടായിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയാണ് സ്ഥാനാര്‍ഥി ടി.ജെ.വിനോദ് എന്നത് യുഡിഎഫിന് പ്രതികൂല ഘടകമാവുമെന്നും എൽഡിഎഫ് കരുതി. എന്നാല്‍, അതിനെ മറികടന്ന് യുഡിഎഫ് വിജയം നേടുമ്പോഴാണ് അപരനും നോട്ടയും ചിത്രത്തില്‍ വരുന്നത്.

ernakulam by election result

വോട്ടിങ് യന്ത്രത്തില്‍ ഏഴാമത്തെ പേരുകാരനായിരുന്നു എല്‍ഡിഎഫ് അപരനായ മനു കെ.എം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയിയാകട്ടെ തൊട്ടുതാഴെ എട്ടാംസ്ഥാനത്തും. അപരന്‍ മുകളിലും സ്ഥാനാര്‍ഥി തൊട്ടുതാഴെയും വന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് എറണാകുളത്തെ എല്‍ഡിഎഫ് വൃത്തങ്ങള്‍ പറയുന്നു.

അതേസമയം, അപരസാന്നിധ്യമാണ് തന്റെ വിജയത്തിന് കാരണമെന്ന വാദം യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ.വിനോദ് നിഷേധിച്ചു. തനിയ്ക്കും അപരനുണ്ടായിരുന്നെന്നും ഇത് മണ്ഡലത്തിലെ ജനങ്ങള്‍ നല്‍കിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു നേടിയ 3750 വോട്ടുകളുടെ ഭൂരിപക്ഷം അമ്പതിനായിരം വോട്ടുകള്‍ക്ക് ജയിച്ചതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെട്രോ നഗരത്തിലെ നോട്ടയുടെ മുന്നേറ്റവും ശ്രദ്ധേയമാണ്. എറണാകുളത്ത് പോള്‍ ചെയ്ത വോട്ടുകളില്‍ 1.46 ശതമാനം വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ഒപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റു നാലിടങ്ങളില്‍ ഒരിടത്തു പോലും നോട്ട ഒരു ശതമാനം പിന്നിട്ടിട്ടില്ല.

ernakulam by election result

കൗണ്ടിങ് തുടങ്ങിയ 13 പോസ്റ്റല്‍ വോട്ടുകളില്‍ തന്നെ എല്ലാ സ്ഥാനാര്‍ഥികളെയും നിഷേധിക്കുന്ന നോട്ട സാന്നിധ്യമറിയിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി സി.ജി.രാജഗോപാല്‍ ആറും ടി.ജെ.വിനോദ് മൂന്നും പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ മനു റോയിയും നോട്ടയും രണ്ടുവീതം പോസ്റ്റല്‍ വോട്ടുകള്‍ പങ്കിട്ടു. വട്ടിയൂര്‍ക്കാവ് മാത്രമാണ് എറണാകുളമല്ലാതെ പോസ്റ്റല്‍ വോട്ട് വഴി നോട്ടയ്ക്ക് വോട്ട് ലഭിച്ചയിടം. ഇവിടത്തെ 103 പോസ്റ്റല്‍ വോട്ടുകളില്‍ നാലെണ്ണമാണ് നോട്ടയ്ക്ക് ലഭിച്ചത്.

content highlights: Ernakulam by election result NOTA and namesake candidate Manu