c g rajagopal with mammootty
സി.ജി. രാജഗോപാൽ നടൻ മമ്മൂട്ടിയെ പനമ്പിള്ളി നഗറിലെ വസതിയിൽ എത്തി സന്ദർശിച്ചപ്പോൾ

കൊച്ചി: എറണാകുളം നിയോജക മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി സി.ജി. രാജഗോപാൽ നടൻ മമ്മൂട്ടിയെ സന്ദർശിച്ചു. സി.ജി. രാജഗോപാലുമായി ആത്മബന്ധമുണ്ടെന്നും മുത്തുവെന്ന പേരാണ് പലപ്പോഴും തന്റെ ഓർമയിൽ വരുന്നതെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി സ്ഥാനാർഥിക്ക് വിജയാശംസകൾ നേർന്നു. ആര് ജയിക്കുമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തേവരയിൽ ബി.ഡി.ജെ.എസ്. കുടുംബസംഗമത്തിൽ സ്ഥാനാർഥി പങ്കെടുത്തു.

തേവരയിലെ ഗുരുദ്വാരയിൽ എത്തിയ സ്ഥാനാർഥിയെ കൊച്ചിൻ ഗുരുസിങ് സഭയുടെ നേതൃത്വത്തിൽ സുരേന്ദ്രപാൽ സിങ്, ഹർഷവീർസിങ് എന്നിവർ ചേർന്നു സ്വീകരിച്ചു. ഭാസ്കരീയത്തിൽ നടക്കുന്ന ക്ഷേത്ര സംരക്ഷണ സമിതി പ്രവർത്തന സമ്മേളനത്തിലും സ്ഥാനാർഥി പങ്കെടുത്തു. രാജഗോപാലിന്റെ വിജയത്തിനായി ജ്വാലയുടെ നേതൃത്വത്തിൽ എളമക്കര മുതൽ കലൂർ വരെ കാൽനട പ്രചാരണവും നടന്നു.

രാജഗോപാലിന്റെ തുറന്ന വാഹന പ്രചാരണ യാത്രയുടെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് കടവന്ത്ര ജി.സി.ഡി.എ.യ്ക്കു സമീപം നടക്കും. വൈകിട്ട് അഞ്ചിന് പൂർവ സൈനിക പരിഷത്ത്‌, എക്സ്‌സർവീസ്‌മെൻ ബി.ജെ.പി. സെൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന 'എക്സ്‌സർവീസ്‌മാൻ ഫോർ മുത്തു' എന്ന പരിപാടി ചലച്ചിത്ര താരം സുരേഷ്‌ ഗോപി ഉദ്ഘാടനം ചെയ്യും.

 

Content Highlights: Ernakulam BJP Candidate C G Rajagopal meets Mammootty, Kerala ByElection