നേതാക്കളെല്ലാം തമ്പടിച്ചിട്ടുണ്ടെങ്കിലും എറണാകുളത്തെ ജനങ്ങൾ വളരെ നിസ്സംഗതയോടെയാണ് ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. അവരെ ഉണർത്തിയെടുക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ. കൊച്ചി കോർപ്പറേഷനിലെ 24 ഡിവിഷനുകളും ചേരാനല്ലൂർ പഞ്ചായത്തും ചേരുന്നതാണ്  എറണാകുളം നിയമസഭാ മണ്ഡലം.

സജ്ജമായി മുന്നണികൾ
 കൊച്ചി കോർപ്പറേഷനും ചേരാനല്ലൂർ പഞ്ചായത്തും ഭരിക്കുന്നത് യു.ഡി.എഫാണ്. മണ്ഡലത്തിലെ ഒമ്പത് ഡിവിഷനുകളിൽ മാത്രമാണ് എൽ.ഡി.എഫ്. കൗൺസിലർമാരുള്ളത്. നഗരഹൃദയത്തിലെ ഒരു ഡിവിഷൻ ബി.ജെ.പി.യുടെ കൈയിലാണ്.

 മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ രണ്ടു മുന്നേറ്റങ്ങൾ മാത്രമാണ് ഇടതുമുന്നണി ആകെ നടത്തിയിട്ടുള്ളത്. അതിലൊന്ന് ആദ്യമായി നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നതിനാൽ, ആ പ്രതീക്ഷയിലാണ് ഇടതുപക്ഷം ഇപ്പോൾ ശക്തമായി കളത്തിലിറങ്ങിയിട്ടുള്ളത്. പാർട്ടി സ്ഥാനാർഥി വേണോ, സമുദായ പരിഗണനയിലുള്ള സ്ഥാനാർഥി വേണോ എന്നതായിരുന്നു സി.പി.എമ്മിനെ കുഴക്കിയിരുന്നത്. ആരെ കൊണ്ടുവന്നാൽ ഗുണംചെയ്യുമെന്ന കാര്യത്തിൽ പാർട്ടിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഒടുവിൽ സാമുദായിക പരിഗണനയ്ക്ക് മുൻതുക്കം നൽകാൻതന്നെ തീരുമാനിച്ചു. അങ്ങനെയാണ് ഇടതുസ്വതന്ത്ര സ്ഥാനാർഥിയായി അഡ്വ. മനുറോയ് എത്തുന്നത്.

   എറണാകുളത്ത് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതോടെ, വിജയവും പ്രഖ്യാപിക്കപ്പെടുന്നുവെന്നാണ് യു.ഡി.എഫ്. ക്യാമ്പിന്റെ ആത്മവിശ്വാസം. രാഷ്ട്രീയവും സാമുദായികവുമായ ഘടന യു.ഡി.എഫിന്റെ ഒരു മാതൃകാ മണ്ഡലമായി എറണാകുളത്തെ മാറ്റിയിരിക്കുന്നു. ഉപതിരഞ്ഞെടുപ്പ് ഉറപ്പായിരുന്നതിനാൽ കോൺഗ്രസിൽ സ്ഥാനാർഥികളാവാൻ താത്‌പര്യമുള്ളവർ നേരത്തേതന്നെ ഒരുങ്ങിയിരുന്നു. സീറ്റ് ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിലായതിനാൽ, ഡി.സി.സി. പ്രസിഡന്റ്, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദിന് വലിയ പ്രയത്നമൊന്നുംകൂടാതെ അത് നേടിയെടുക്കാനായി. മുൻ എം.പി. കെ.വി. തോമസ് അവസാനനിമിഷംവരെ ശ്രമിച്ചെങ്കിലും ഒടുവിൽ നേതാക്കൾ ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിച്ചു. സ്ഥാനാർഥി രംഗത്തിറങ്ങിയതോടെ ഇനിയൊന്നും നോക്കാനില്ലെന്ന മട്ടിലാണ് യു.ഡി.എഫ്. ക്യാമ്പിലെ പ്രവർത്തനങ്ങൾ.

  യു.ഡി.എഫിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് വി.ഡി. സതീശൻ എം.എൽ.എ.യും ഹൈബി ഈഡൻ എം.പി.യുമാണ്. പ്രവർത്തകരുടെ അമിത ആത്മവിശ്വാസം ഒഴിവാക്കാനാണ് നേതാക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആത്മവിശ്വാസം കൂടിയാൽ ഭൂരിപക്ഷം കുറയുമെന്നാണ് അവരുടെ പേടി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹൈബി ഈഡന് മികച്ച വിജയം കാഴ്ചവെക്കാൻ അണിയറയിൽ ചുക്കാൻ പിടിച്ചവരുടെ നേതൃത്വത്തിൽത്തന്നെ കാര്യങ്ങൾ പോകുന്നതിനാൽ അടുക്കും ചിട്ടയുമായാണ് പ്രവർത്തനങ്ങൾ നീങ്ങുന്നത്.

 ഇടതുമുന്നണിക്ക് സി.പി.എമ്മിന്റെ പരമ്പരാഗത തിരഞ്ഞെടുപ്പ് പ്രവർത്തന സംവിധാനം ഉണ്ട്. അത് ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ പ്രവർത്തന സജ്ജമാണ്. ഉപതിരഞ്ഞെടുപ്പായതിനാൽ മന്ത്രിമാരടക്കം മുകളിൽനിന്നുള്ള നേതാക്കൾ കൂടി അതിൽ പങ്കാളികളായിരിക്കുകയാണ്. ഇതോടെ പ്രവർത്തനം കൂടുതൽ ഉഷാറിലാണ്.
എൻ.ഡി.എ. സ്ഥാനാർഥി സി.ജി. രാജഗോപാൽ എറണാകുളം നഗരവാസികൾക്ക് സുപരിചിതനാണ്. രാഷ്ട്രീയം നോക്കാതെ എല്ലാകാര്യങ്ങളിലും ഇടപെടുന്ന ഒരാളായിട്ടാണ് അദ്ദേഹത്തെ നഗരവാസികൾ കാണുന്നത്. എറണാകുളം ബി.ജെ.പി.ക്ക് അത്ര പ്രതീക്ഷയുള്ള മണ്ഡലമല്ല. എന്നാൽ, ഓരോ ഘട്ടത്തിലും വോട്ട് ഉയർത്തിക്കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ശബരിമല സമരങ്ങളുടെ പശ്ചാത്തലവും സ്ഥാനാർഥിയുടെ രാഷ്ട്രീയാതീതമായ മുഖവും ഇക്കുറി മാറ്റമുണ്ടാക്കുമെന്നാണ് ബി.ജെ.പി. നേതൃത്വം കരുതുന്നത്.

രാഷ്ട്രീയവും ഭൂമിശാസ്ത്രവും
 എറണാകുളം മണ്ഡലത്തിൽ  ആദ്യമായി ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് 1998-ലാണ്. അന്ന് യു.ഡി.എഫ്. സ്ഥാനാർഥി ലിനോ ജേക്കബിനെ ഇടതുസ്വതന്ത്രനായ ഡോ. സെബാസ്റ്റ്യൻ പോൾ 3940 വോട്ടിന് പരാജയപ്പെടുത്തിയത് കോൺഗ്രസിന് കനത്ത തിരിച്ചടിയുമായിരുന്നു. കോൺഗ്രസിനുള്ളിലെ കാലുവാരലാണ് അന്ന് തോൽവി സമ്മാനിച്ചത്. അതിനുമുമ്പ് 1987-ൽ പ്രൊഫ. എം.കെ. സാനുവിനെ ഇടതുമുന്നണി സ്വതന്ത്രനായി പരീക്ഷിച്ചപ്പോൾ 10,032 വോട്ടിന്റെ വിജയം നേടാനായി.
മൂന്നു ദശാബ്ദക്കാലം എറണാകുളത്തെ യു.ഡി.എഫ്. കോട്ടയ്ക്ക് കാവൽനിന്ന് എ.എൽ. ജേക്കബിനായിരുന്നു അന്ന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. കോൺഗ്രസ് റിബലായി എവറസ്റ്റ് ചമ്മിണി മത്സരിച്ചതാണ് അന്ന് ഇടതുമുന്നണിക്ക് ഗുണം ചെയ്തത്. പിന്നെ ഒരിക്കലും എറണാകുളത്ത് മുന്നേറ്റം നടത്താൻ ഇടതുമുന്നണിക്ക് സാധിച്ചിട്ടില്ല. ഇതിനിടയിൽ എറണാകുളം മണ്ഡലത്തിന്റെ ഭൂമിശാസ്ത്രത്തിലും ചില മാറ്റങ്ങൾ ഉണ്ടായി. കോൺഗ്രസ് ഭൂരിപക്ഷ പ്രദേശമായ ചേരാനല്ലൂർ പഞ്ചായത്തും തേവരമേഖലയും മണ്ഡലത്തോട് ചേരുകയും സി.പി.എമ്മിന്  സ്വാധീനമുള്ള മുളവുകാട്, ചളിക്കവട്ടം പ്രദേശങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്തു. തുടർന്ന് നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം വലിയഭൂരിപക്ഷത്തിനാണ് യു.ഡി.എഫ്.ഇവിടെ വിജയിച്ചിട്ടുള്ളത്.

പഞ്ചഗുസ്തി

ശക്തി
 യു.ഡി.എഫ്.: രാഷ്ട്രീയമായി കോൺഗ്രസിന് മുൻതൂക്കമുള്ള സ്ഥലം. മണ്ഡലത്തിന് പരിചയമുള്ള സ്ഥാനാർഥി
 എൽ.ഡി.എഫ്. : മന്ത്രിമാർ അടക്കമുള്ളവർ താഴെത്തട്ടിൽ നടത്തുന്ന ഇളക്കിമറിക്കൽ. പാർട്ടിവോട്ടിനപ്പുറം പ്രതീക്ഷിക്കുന്ന സാമുദായിക വോട്ട്
 എൻ.ഡി.എ.: മണ്ഡലത്തിൽ ചിരപരിചിതനായ സ്ഥാനാർഥി.
ശബരിമല സമരം ഉണ്ടാക്കിയ ഉണർവ്

ദൗർബല്യം
 യു.ഡി.എഫ്.: പ്രവർത്തകരിലെ അമിത ആത്മവിശ്വാസം. ഉപതിരഞ്ഞെടുപ്പിനോട് വോട്ടർമാർക്കുള്ള താത്‌പര്യക്കുറവ്
 എൽ.ഡി.എഫ്. : രാഷ്ട്രീയത്തിൽ പുതുമുഖമായ സ്ഥാനാർഥി.
മണ്ഡലത്തിന്റെ പ്രതികൂലമായ രാഷ്ട്രീയഘടന  എൻ.ഡി.എ.: പാർട്ടി വേണ്ടത്ര ഉണർന്നു പ്രവർത്തിക്കാത്തത് ദുർബലമായ എൻ.ഡി.എ. സംവിധാനം

 തിരഞ്ഞെടുപ്പുഫലം

2019 ലോക്‌സഭ
ഹൈബി ഈഡൻ (യു.ഡി.എഫ്.)     61,920
പി. രാജീവ് (എൽ.ഡി.എഫ്.)             30,742
അൽഫോൺസ് കണ്ണന്താനം
(എൻ.ഡി.എ.)     17,769

2016 നിയമസഭ
ഹൈബി ഈഡൻ (യു.ഡി.എഫ്.)     57,819
എം. അനിൽകുമാർ
(എൽ.ഡി.എഫ്.)        35,870
എൻ.കെ. മോഹൻദാസ്
(എൻ.ഡി.എ.)     14, 878


2014 ലോക്‌സഭ
കെ.വി. തോമസ് (യു.ഡി.എഫ്.)       43,516
ക്രിസ്റ്റി ഫെർണാണ്ടസ്
(ഇടതു.സ്വത.)     26,623
എ.എൻ. രാധാകൃഷ്ണൻ
(എൻ.ഡി.എ.)     14,375
ആകെ വോട്ടർമാർ                     1,55,306