കോഴിക്കോട്: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ  51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണല്‍ ആരംഭിച്ചു. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണലും കൃത്യം എട്ട് മണിയോടെ തന്നെ ആരംഭിച്ചു. 

വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറുമ്പോള്‍ അരൂരിലും, എറണാകളുത്തും, മഞ്ചേശ്വരത്തും യുഡിഎഫ് ലീഡ് ചെയ്യുകയാണ്.  മഞ്ചേശ്വരത്ത് എം.സി.കമറുദ്ദീന്‍ ഏകപക്ഷീയമായ മുന്നേറ്റമാണ് നടത്തുന്നത്. ഇവിടെ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റേ മൂന്നാം സ്ഥാനത്താണ്. വട്ടിയൂര്‍ക്കാവില്‍ തുടക്കം മുതല്‍ തന്നെ എല്‍ഡിഎഫിന്റെ വി.കെ.പ്രശാന്ത് മുന്നേറുന്നുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് മൂന്ന് വോട്ടിന്റെ ലീഡ് നേടാനായത് ഒഴിച്ചാല്‍ മറ്റെവിടെയും ബിജെപിക്ക് മുന്നേറാനായിട്ടില്ല.

മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗര്‍, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരില്‍ ചേര്‍ത്തല പള്ളിപ്പുറം എന്‍.എസ്.എസ്. കോളേജ്, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂര്‍ക്കാവില്‍ പട്ടം സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണല്‍.

 ശുഭപ്രതീക്ഷയുണ്ടെന്ന് എല്ലാ മുന്നണി സ്ഥാനാര്‍ഥികളും ഇന്ന് രാവിലെ പ്രതികരിച്ചു. മഞ്ചേശ്വരം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവടങ്ങളില്‍ കന്ന ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. എറണാകുളത്തും അരൂരിലും ഇടത് വലത് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. വോട്ടെടുപ്പ് ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്ത് പോളിങ് ശതമാനം കുറഞ്ഞത് മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. അതേ സമയം ഹരിയാനയില്‍ തൂക്കുസഭക്കുള്ള സാധ്യതകളും ചില എക്സ്റ്റ്‌പോളുകള്‍ പ്രവചിച്ചിരുന്നു.  മഹരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലെ ഓരോ ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്. 21-നാണ് എല്ലായിടങ്ങളിലും വോട്ടെടുപ്പ് നടന്നത്. 

content highlights: election result kerala, by election kerala