കോഴിക്കോട്: കേരളത്തിലെ  ഇടത്-വലത് മുന്നണികളുടെ വിജയം ജാതി രാഷ്ട്രീയത്തിന്റെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവ് ഒഴികെ ബി.ജെ.പി.ക്ക് എവിടെയും വോട്ടില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും മഞ്ചേശ്വരത്തെ യു.ഡി.എഫ്. വിജയം പിണറായി വിജയന്റെ ഔദാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

കേരളം ജാതിക്കെണിയിലാണ്. കേരളത്തില്‍ ആരും രാഷ്ട്രീയമായി ജയിച്ചിട്ടില്ല,മറിച്ച് ജാതിയും മതവും മാത്രമാണ് വിജയിച്ചത്.

ശബരിമല വിഷയത്തില്‍ വിശ്വാസിസമൂഹം ബി.ജെ.പി. വിരുദ്ധ നിലപാടിനോട് യോജിക്കുന്നില്ലെന്നതാണ് കോന്നിയിലെയും മഞ്ചേശ്വരത്തെയും വോട്ടുകള്‍ കാണിക്കുന്നത്. മഞ്ചേശ്വരത്തെ യു.ഡി.എഫ്. വിജയം പിണറായി വിജയന്റെ ഔദാര്യമാണ്. മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാതെ ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിച്ച സി.പി.എം. വോട്ട് കച്ചവടം നടത്തിയാണ് മഞ്ചേശ്വരത്ത് ലീഗിനെ വിജയിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം. അവിടെ ആദ്യം സ്ഥാനാര്‍ഥിയായി പറഞ്ഞിരുന്ന കുഞ്ഞമ്പുവിനെ എന്തിനാണ് മാറ്റിയതെന്നും ബി.ജെ.പി. നേതാവ് ചോദിച്ചു. 

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തകര്‍ന്ന കോണ്‍ഗ്രസിന്റെ തകര്‍ച്ച കേരളത്തിലും ആരംഭിച്ചെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നതുതന്നെയാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: bjp leader b gopalakrishnan response about kerala byelection results