ഉപ തിരഞ്ഞെടുപ്പില്‍ അരൂരില്‍ നിന്നും ഷാനിമോള്‍ ഉസ്മാന്‍ നിയമസഭയിലേക്കെത്തുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ എഴുതപ്പെടുന്നത് പുതിയ ചരിത്രം കൂടിയാണ്. തീര്‍ത്തും നിര്‍ഭാഗ്യം നിറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് പലരും പലപ്പോഴും പറയാതെ പറഞ്ഞ ഷാനിമോള്‍ ഇത്തവണ അരൂര്‍ തുഴഞ്ഞുകയറിയത് സ്വന്തം വ്യക്തിപ്രഭാവം കൊണ്ടുതന്നെയാണെന്ന് പറയാതെ വയ്യ.
കേരളത്തിലെ മഹിളാ കോണ്‍ഗ്രസിന്റെ മുഖമാണ് ഷാനിമോള്‍. എ.ഐ.സി.സി സെക്രട്ടറിയായ ഷാനിമോള്‍കഴിവും പ്രതിച്ഛായയും ജനകീയതയും വേണ്ടുവോളമുള്ള നേതാവാണ്. എന്നാല്‍ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പരാജയമായിരുന്നു അന്തിമഫലം. ദൗര്‍ഭാഗ്യം നിറഞ്ഞ നേതാവെന്ന് അണികള്‍ തന്നെ പരിഹസിച്ചു. തോല്‍വിയുടെ ചരിത്രമുണ്ടെങ്കിലും അരൂര്‍ ഷാനിമോളെ തുണച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ അരൂര്‍ ഷാനിമോളിലൂടെ യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തു.
2006ല്‍ പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചു, എല്‍ഡിഎഫിന്റെ സാജു പോളിനോട് പരാജയപ്പെട്ടു, 2016ല്‍ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു, എല്‍ഡിഎഫിന്റെ പി ഉണ്ണിയോട് തോറ്റു, 2019ല്‍ ആലപ്പുഴ ലോക്‌സഭ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയെങ്കിലും 10000ല്‍പ്പരം വോട്ടിന് എല്‍ഡിഎഫിന്റെ എഎം ആരിഫിനോട് തോറ്റു, ഒടുവിലാണ് അരൂരില്‍ നിന്നുള്ള വിജയം.
എല്‍ഡിഎഫിന്റെ മനു സി പുളിക്കലിനോടായിരുന്നു ഷാനിമോളുടെ മത്സരം. തുടക്കത്തില്‍ മനു സി പുളിക്കലായിരുന്നു ലീഡ് പിടിച്ചിരുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ ഷാനിമോളുടെ ലീഡ് നില കൂടി. ഇഞ്ചോടിച്ച് പോരാട്ടമായിരുന്നു ഇരു സ്ഥാനാര്‍ഥികളും തമ്മില്‍ ഉണ്ടായിരുന്നതെങ്കിലും ഒരു ഘട്ടത്തിലും ഷാനിമോളുടെ ലീഡ് കുറഞ്ഞില്ല. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തിയതോടെ 1921 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാനിമോള്‍ വിജയം സ്വന്തമാക്കിയത്. അരൂരിലേക്ക് ഷാനിമോള്‍ അല്ലാതൊര സ്ഥാനാര്‍ഥിയെ ആണ് യുഡിഎഫ് രംഗത്തിറക്കിയിരുന്നതെങ്കില്‍ ഈ വിജയം നേടാന്‍ ചിലപ്പോള്‍ സാധിക്കില്ലെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
എക്കാലവും ഇടതിനോട് കൂറുകാണിച്ച മേഖലയാണ് ആലപ്പുഴ. ഇടത് സ്ഥാനാര്‍ഥികളുടെ വിജയം എക്കാലവും പ്രവചിക്കപ്പെട്ടിട്ടുമുണ്ട്. ഇടതുടിക്കറ്റില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ മനു സി പുളിക്കലിനെ എല്‍ഡിഎഫ് രംഗത്തിറക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ഷാനിമോളെ കൈവിട്ടെങ്കിലും അരൂര്‍ മണ്ഡലത്തില്‍ നിന്നും ഷാനിമോള്‍ക്ക് ലഭിച്ച 648 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ മണ്ഡലത്തില്‍ ഷാനിമോളെ തന്നെ രംഗത്തിറക്കാന്‍ കാരണമായത്. കണക്കുകൂട്ടലുകള്‍ പോലെ ഇത് യുഡിഎഫിന് ഗുണം ചെയ്തു.
പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടുകൂടി അഞ്ച് മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ടിങ് രേഖപ്പെടുത്തിയ മണ്ഡലമാണ് അരൂര്‍. 80.74 ശതമാനം. സ്ത്രീ വോട്ടുകളുടെ എണ്ണവും താരതമ്യേനെ കൂടിയിരുന്നു.
അരൂര്‍ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 15 തിരഞ്ഞെടുപ്പുകളിൽ പത്തിലും ഇടതിനായിരുന്നു വിജയം. മണ്ഡലത്തില്‍ നിന്നും ആകെ നാലു പേര്‍ മാത്രമേ നിയമസഭയിലേക്കെത്തിയിട്ടുള്ളു. കോണ്‍ഗ്രസിന്റെ പി.എസ്.കാര്‍ത്തികേയന്‍ (2), കെ.ആര്‍.ഗൗരിയമ്മ (9), സിപിഐയില്‍ നിന്നു പി.എസ്.ശ്രീനിവാസന്‍ (1) , എ.എം.ആരിഫ് (3). അഞ്ചാമത്തെയാളാണ് ഷാനിമോള്‍ ഉസ്മാന്‍.