ചന്തിരൂർ: ജനപക്ഷപ്രവർത്തനങ്ങളിലൂടെ ബി.ജെ.പി.ക്ക് യഥാർഥ ബദലൊരുക്കുകയാണ് കേരള സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളിൽ നിന്നകലുന്ന യു.ഡി.എഫിനെ എല്ലാവിഭാഗം ജനങ്ങളും കൈവെടിയുകയാണെന്നും പാലാ വരെയുള്ള ഉപതിരഞ്ഞെടുപ്പുകളിൽ തെളിയുന്നത് ആ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
അരൂർ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പു കൺവെൻഷൻ ചന്തിരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലം കൈവെള്ളയിൽ സൂക്ഷിച്ച പാലാ പോലും നഷ്ടമായതോടെ അങ്കലാപ്പിലാണ് യു.ഡി.എഫ്. മുഖംരക്ഷിക്കാൻ പടലപിണക്കനാടകങ്ങളടക്കം പ്രചരിപ്പിക്കുകയാണ്.
പാലായിൽ മാത്രമല്ല അഞ്ചിടത്തും ഇതുതന്നെ പ്രതിഫലിക്കുമെന്നാണ് ജനം സൂചിപ്പിക്കുന്നത്. ജനങ്ങളെ വെല്ലുവിളിക്കുന്ന ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസിനാകുന്നില്ല.കശ്മീർ വിഷയത്തിലടക്കം മുഖം നഷ്ടപ്പെട്ട കോൺഗ്രസ് സാമ്പത്തിക വിഷയങ്ങളിലടക്കം നാവനക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.
ദളിത് ന്യൂനപക്ഷങ്ങൾക്കു സംരക്ഷണമൊരുക്കി ജനപക്ഷ വികസനമാണ് സർക്കാർ നടപ്പാക്കുന്നത്.പ്രഖ്യാപിച്ചിരുന്ന 600 വാഗ്ദാനങ്ങളിൽ 542 എണ്ണവും നടപ്പാക്കിയാണ് ജനങ്ങളോടുള്ള കടപ്പാടു നടപ്പാക്കിയത്.
നാലുവർഷം പൂർത്തിയാകുമ്പോൾ എല്ലാ വാഗ്ദാനങ്ങളും പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അധ്യക്ഷനായി.മന്ത്രിമാരായ ടി.എം.തോമസ് ഐസക്,ജി.സുധാകരൻ,പി.തിലോത്തമൻ,എ.കെ.ശശീന്ദ്രൻ,രാമചന്ദ്രൻ കടന്നപ്പള്ളി,എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക്.പി.ഹാരിസ്,ജനതാദൾ എസ്. സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു എം.എൽ.എ,എ.എം.ആരിഫ് എം.പി,മാണി.സി.കാപ്പൻ എം.എൽ.എ,കെ.സി.ജോസഫ്,കണ്ടല്ലൂർ ശങ്കരനാരായണൻ,ഐ.എൻ.എൽ. സെക്രട്ടറി എ.പി.അമീർ,ജെ.എസ്.എസ്. ജില്ലാ പ്രസിഡന്റ് എ.അനിൽകുമാർ,ആർ.നാസർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Pinarayai Vijayan at Aroor constituency bypoll