ചേർത്തല: പെരുമ്പളം മാർക്കറ്റ് ജെട്ടിയിൽ പതിവില്ലാത്ത തിരക്ക്. ബോട്ടിലും ജങ്കാറിലും കയറാനുള്ള ആളുകളെക്കാളേറെ കാത്തിരിക്കുന്നവരാണ്. പെരുമ്പളത്തുകാർക്ക് ഇത്തരം കാത്തിരിപ്പുകൾ അപൂർവം. രാവിലെ 9.40 ആയപ്പോഴേക്കും ജെട്ടിയിലേക്ക് ജങ്കാർ അടുത്തു. അതിൽനിന്ന്‌ നിറഞ്ഞചിരിയോടെ സി.പി.എമ്മിന്റെ സംസ്ഥാനത്തെ അമരക്കാരൻ, കോടിയേരി ബാലകൃഷ്ണൻ ദ്വീപിലേക്കെത്തി.

‌ജില്ലാ സെക്രട്ടറി ആർ.നാസർ, സി.ബി.ചന്ദ്രബാബു, എൻ.ആർ.ബാബുരാജ് എന്നിവർക്കൊപ്പമായിരുന്നു വരവ്.

കുറച്ചകലെ അരയങ്കാവിലാണ് ആദ്യസമ്മേളനം. പ്രതീക്ഷിച്ചതിലും നേരത്തെയെത്തിയ സഖാവിനെ എവിടെയിരുത്തുമെന്ന ചോദ്യങ്ങളുയരുന്നതിനുമുൻപേ കോടിയേരി സമീപത്തെ ലോക്കൽകമ്മിറ്റി ഓഫീസിലെ ചെറിയ ബെഞ്ചിൽ സ്ഥാനമുറപ്പിച്ചിരുന്നു. അരമണിക്കൂറോളം അവിടെ ചെലവഴിച്ചപ്പോഴാണ് സമ്മേളനം തുടങ്ങിയത്.

രാഷ്ട്രീയവിഷയങ്ങളിലേക്ക്‌ കടക്കുംമുന്നേ ആദ്യമായാണ് ഈ മനോഹരമായ അദ്ഭുതദ്വീപിലെത്തുന്നതെന്ന്‌ കോടിയേരി പറഞ്ഞപ്പോൾ നിറഞ്ഞ കൈയടി. ഇനിയെത്തുമ്പോൾ ജങ്കാറിനായി കാക്കാതെ പാലമിറങ്ങിവരാനാകുമെന്ന്‌ പറഞ്ഞതോടെ ആവേശം ഇരട്ടിച്ചു.

ദ്വീപിന്റെ വിശേഷണങ്ങൾ കടന്ന് സമകാലീന രാഷ്ട്രീയവിഷയങ്ങളിലെത്തുമ്പോൾ കോടിയേരി പവർഫുള്ളായി. ഹാസ്യത്തിന്റെ തരികളിട്ട്‌ കൂർപ്പിച്ച വാക്കുകളുമായാണ് കോൺഗ്രസിനും ബി.ജെ.പി.ക്കുമെതിരേ ആഞ്ഞടിച്ചത്. തിരികെ ദ്വീപിറങ്ങുമ്പോഴും ജെട്ടിയിലെ ജങ്കാറിനായുള്ള കാത്തിരിപ്പിനിടയിൽ ദ്വീപുകാരോടൊപ്പം കൂടി. കരകടന്ന്‌ വിശ്രമത്തിനും ഉച്ചഭക്ഷണത്തിനുംശേഷം പൂച്ചാക്കലിൽ മാധ്യമപ്രവർത്തകരെ കണ്ടശേഷം പള്ളിച്ചന്തയിലായിരുന്നു അടുത്തസമ്മേളനം.

മഴയിൽ കുതിർന്നെങ്കിലും കോടിയേരിയുടെ സാന്നിധ്യത്തിൽ പന്തൽ നിറഞ്ഞായിരുന്നു ആളുകൾ. ഇവിടെയും പതിഞ്ഞ കാലത്തിൽ തുടങ്ങി ഉച്ചസ്ഥായിയിലേക്ക്. അടുത്ത സമ്മേളനം തൈക്കാട്ടുശ്ശേരിയിൽ.

5.35 ഓടെ കോടിയേരിയുടെ കാർ സമീപത്തെത്തി. മഴയിൽ ആളുകൾ പലയിടത്തായി ചിതറി നിൽക്കുന്നു. ആർ.രാജേഷ് എം.എൽ.എ.യാണ് പ്രസംഗിക്കുന്നത്. സംസ്ഥാന സെക്രട്ടറി എത്തിയതറിഞ്ഞതോടെ ചിതറിനിന്ന ജനം സമ്മേളനസ്ഥലത്തെത്തി. മിനിറ്റുകൾക്കകം സമ്മേളനസ്ഥലം നിറഞ്ഞു. തുടർന്നായിരുന്നു കോടിയേരി വേദിയിലേക്കെത്തിയത്.

സജിചെറിയാൻ, സി.എസ്.സുജാത തുടങ്ങിയവരോട്‌ കാര്യങ്ങൾ ചോദിച്ചു. വൈകാതെ പ്രസംഗത്തിലേക്കുകടന്നു. മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങളും തുടങ്ങിവെച്ച വികസനങ്ങളും പറഞ്ഞു. പാലാരിവട്ടം പാലമെത്തിയപ്പോൾ കൈയടികൾ ആവേശത്തിലായി.

ഒരിക്കലും ജയിക്കാതിരുന്ന പാലായിൽ ജയിച്ചപ്പോൾ പലപ്പോഴും ജയിച്ചിട്ടുള്ള അഞ്ചിടങ്ങളിലും നമ്മൾക്കുതന്നെയാണ് മേധാവിത്വം എന്ന്‌ പ്രഖ്യാപിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. വോട്ടുചെയ്താൽമാത്രം പോര നമ്മുടെ രാഷ്ട്രീയം പറഞ്ഞ് മറ്റുള്ളവരെക്കൊണ്ട് വോട്ട്‌ ചെയ്യിക്കണമെന്നും പറഞ്ഞു. രാത്രിയിൽ ചന്തിരൂരിലെ സമ്മേളനത്തിൽ പങ്കെടുത്തായിരുന്നു മടക്കം.

 

Content Highights: Kodiyeri in Aroor, Kerala Byelection 2019