ചേർത്തല: ഭാവം സാത്വികമാണ്. പക്ഷേ ഒരു ചിരിയുണ്ട്. ആത്മാർഥതുടേതാണ്. അതുകൊണ്ടുതന്നെ കുമ്മനം രാജശേഖരൻ എത്തുമ്പോൾ ഔപചാരികതകളില്ല. വീട്ടിലെ ഒരാൾ എത്തിയതുപോലെ മാത്രം.

ചൊവ്വാഴ്ച രാവിലെ പൂച്ചാക്കൽ ശ്രീകണ്‌ഠേശ്വരം ചക്കിത്തറ രവീന്ദ്രന്റെ വീട്ടിലേക്ക് കുമ്മനം എത്തുമ്പോൾ സ്ത്രീകളുൾപ്പെടെ എല്ലാവരും എഴുന്നേറ്റു. വിടർന്ന ചിരിയിൽ എല്ലാം വെളിപ്പെടുത്തി അദ്ദേഹം നിന്നപ്പോൾ അവർ ഇരുന്നു. സ്വീകരണം പൂക്കളും ഷാളും വന്നുവീഴുമ്പോൾ അദ്ദേഹം വിനയാന്വിതനായി. ഒരുനിമിഷം പരിസരമെല്ലാം നോക്കി. വെള്ളംകെട്ടി നിൽക്കുന്ന നിലം. കായലോരമാണ്. തന്റെ വികാരം മറച്ചുവയ്ക്കാതെ അദ്ദേഹം ആരംഭിച്ചു. ‘അമ്മമാരെ, സഹോദരിമാരെ, ഗുരുജനങ്ങളെ’ സംബോധനതന്നെ എല്ലാവരെയും നിശ്ശബ്ദരാക്കി. നിങ്ങൾ എൻ.ഡി.എ. സ്ഥാനാർഥി പ്രകാശ് ബാബുവിന് എന്തിന് വോട്ടുചെയ്യണം എന്ന്‌ ഞാൻ പറയേണ്ടതില്ല.

രാവിലെ കോടംതുരുത്ത് പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകളിലെ കോളനികളിലുള്ളവരുടെ ദുരിതം കണ്ടാണ് ഞാൻ വരുന്നത്. ഇവിടെ എന്താണ് വികസനമെന്ന് അറിയാനായി. മേൽക്കൂരയില്ലാത്ത വീടുകൾ. ശൗചാലയങ്ങളില്ല. മലംകലർന്ന വെള്ളം കെട്ടിക്കിടക്കുന്നു. കുടിവെള്ളമില്ല. റോഡില്ല. ഇതാണ് എൽ.ഡി.എഫ്, യു.ഡി.എഫ്. മുന്നണികൾ മാറിമാറി ഭരിച്ചിട്ടും നിങ്ങൾക്കുവന്ന വികസനം.

2000 കോടിയുടെ വികസനം നടത്തിയെന്ന് വീമ്പിളക്കുന്നവരുടെ വികസനം. ഈ രാജ്യത്ത് പറഞ്ഞതുചെയ്യുന്ന ഒരു പ്രധാനമന്ത്രിയുണ്ട്. വീട്, ശൗചാലയം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ ജനങ്ങൾക്ക്‌ നൽകാൻ പ്രതിജ്ഞാബദ്ധമായ അദ്ദേഹം നടപ്പിലാക്കുന്നതുപോലും കേരളത്തിൽ നടപ്പിലാക്കുന്നില്ല. ഇതിനൊരു മാറ്റം അനിവാര്യമാണ്. ചുരുങ്ങിയവാക്കുകളിൽ കാര്യങ്ങൾ പറഞ്ഞ് പ്രസംഗം നിർത്തി.

തിരക്കിട്ട് പോകാനൊരുങ്ങുമ്പോൾ ഗൃഹനാഥന്റെ സ്നേഹപൂർണമായ ക്ഷണം. ചായകുടിക്കണം. അവിടെ നേതാവിന്റെ ഗൗരവം വെടിഞ്ഞ് ആ സ്നേഹത്തിനുമുന്നിൽ വഴങ്ങി. പഴവും ബിസ്‌കറ്റും കഴിച്ച് വീട്ടുകാർക്കൊപ്പം സന്തോഷം പങ്കുവച്ച് അദ്ദേഹം ഇറങ്ങി. പെട്ടെന്ന് ഒരു യുവാവ് ഓടിവന്നു. അങ്ങ് ഞങ്ങളുടെ ക്ഷേത്രത്തിൽ ഒന്നുവരണം. സമയം അതിക്രമിച്ചതിന്റെ അസ്വസ്ഥത പ്രവർത്തകർ പ്രകടമാക്കിയെങ്കിലും പണിതീരാത്ത ആ സുബ്രഹ്മണ്യ ചിന്നക്കോവിലിൽ അദ്ദേഹം കയറി തൊഴുതു. പ്രസാദംവാങ്ങി. നെറ്റിയിൽ തൊട്ട് വീണ്ടും വാഹനത്തിലേക്ക്.

വീണ്ടും കുടുംബസംഗമം. സംഘം പ്രവർത്തകരുടെ സ്നേഹവേദിയിൽ വീണ്ടും. പള്ളിപ്പുറം പനച്ചിക്കൽ ഭഗവതീക്ഷേത്രത്തിനുസമീപം സുനിൽ കുമാറിന്റെ വീട്ടിലായിരുന്നു. പ്രവർത്തകരുടെ തോളിൽ തട്ടി ഇറങ്ങുമ്പോൾ ‘ഉഷാറല്ലേ’ എന്ന ചോദ്യം മതിയായിരുന്നു സ്നേഹത്തിന്റെ ആഴം അളക്കാൻ. പിന്നെ പത്രസമ്മേളനം മിഥില ഹോട്ടലിൽ. മണ്ഡലത്തിന്റെ വികസനം പൊളിച്ചുകാട്ടലായിരുന്നു പ്രധാനം.

ഭാവവ്യത്യാസമില്ലാതെ മറുപടികൾ. കൂടുതലും അറിയാവുന്ന കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ടുതന്നെയായിരുന്നു. ആർക്കും പരിഭവമില്ല. എല്ലാ മാധ്യമപ്രവർത്തകരെയും കണ്ട് കുശലാന്വേഷണം കഴിഞ്ഞായിരുന്നു മടക്കം.

 

Content Highlights: Kummanam Rajasekharan in Aroor, Kerala Byelection 2019