കൊച്ചി: മഴയില്‍ മുങ്ങിയ തിരഞ്ഞെടുപ്പായിരുന്നു അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ തിങ്കളാഴ്ച നടന്നത്. കനത്ത മഴയും വെള്ളക്കെട്ടും വോട്ടര്‍മാരെ പോളിങ് ബൂത്തുകളില്‍ നിന്ന് അകറ്റിയപ്പോഴും മികച്ച പോളിങ് രേഖപ്പെടുത്താറുള്ള അരൂര്‍ മണ്ഡലം പതിവുതെറ്റിച്ചില്ല. 80.47 ശതമാനം വോട്ടു രേഖപ്പെടുത്തിയ അരൂരാണ് തിങ്കളാഴ്ച കേരളത്തില്‍ ഉപതിരഞ്ഞെടുപ്പു നടന്ന അഞ്ചിടങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത്. 2016ലെ പോളിങ് ശതമാനത്തില്‍ (85.82%) നിന്നും കുറവുണ്ടായെങ്കിലും പ്രതികൂല കാലാവസ്ഥയിലും കാര്യമായ ഇടിവുണ്ടാകാതിരുന്ന അരൂരിലെ പോളിങ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പ്രധാന മുന്നണികള്‍.

അരൂര്‍ ഉള്‍പ്പെടുന്ന ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തോറ്റെങ്കിലും ഷാനിമോള്‍ ഉസ്മാനില്‍ തന്നെയാണ് യുഡിഎഫ് ഇത്തവണയും പ്രതീക്ഷയര്‍പ്പിച്ചത്. വികസന പ്രശ്‌നങ്ങളാണ് യുഡിഎഫ് പ്രധാന പ്രചാരണ ആയുധമാക്കിയത്. ഒപ്പം, ജാമ്യമില്ലാ കേസും 'പൂതന' പ്രയോഗവും ഉള്‍പ്പെടെയുള്ള വിവാദങ്ങളും ഷാനിമോളുടെ പ്രചാരണം കൊഴുപ്പിച്ചു. മണ്ഡലത്തിലെ പൊതുകാലാവസ്ഥ തങ്ങള്‍ക്ക് അനുകൂലമാണെന്ന് യുഡിഎഫിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച പി.ടി.തോമസ് എംഎല്‍എ പറയുന്നു.

'അരൂരില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. ചിട്ടയായ പ്രവര്‍ത്തനമാണ് യുഡിഎഫ് മണ്ഡലത്തില്‍ കാഴ്ചവെച്ചത്. മികച്ച വോട്ടിങ് ശതമാനവും അനുകൂല ഘടകമാണ്. എല്‍ഡിഎഫിന്റെ അവകാശവാദങ്ങളെ കൃത്യമായി ചെറുക്കാന്‍ സാധിച്ചിട്ടുണ്ട്. ആരിഫ് 1000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് നോട്ടീസ് അടിച്ചത്. അതില്‍ 500 കോടി ജപ്പാന്‍ കുടിവെള്ള പദ്ധതിയായിരുന്നു. അതിന്റെ ഉപജ്ഞാതാവ് ഏ.കെ.ആന്റണിയാണെന്ന് എല്ലാവര്‍ക്കുമറിയാം. മറ്റൊരു പദ്ധതി കാക്കാത്തുരുത്ത് എന്ന സ്ഥലത്തേക്ക് പാലം പണിതു എന്നതായിരുന്നു. അങ്ങനെയൊരു പാലം തന്നെയില്ല' -പി.ടി.തോമസ് വ്യക്തമാക്കി.

aroor
പൂച്ചാക്കല്‍ ലിസിയം കവലയില്‍ യു.ഡി.എഫിന്റെ കലാശക്കൊട്ട്‌

സ്ഥാനാര്‍ഥി തന്നെയാണ് തങ്ങളുടെ ഏറ്റവും വലിയ പ്ലസെന്നും ഷാനിമോള്‍ക്ക് എതിരായ വ്യക്തിപരമായ അധിക്ഷേപം സ്ത്രീ വോട്ടര്‍മാരില്‍ അനുകൂല തരംഗം സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ സിപിഎമ്മിനകത്തുണ്ടായ പടലപ്പിണക്കങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അരൂര്‍ മണ്ഡലത്തില്‍ ഷാനിമോള്‍ക്ക് ഭൂരിപക്ഷം നേടാനായതും തങ്ങള്‍ക്ക് അനുകൂല ഘടകങ്ങളാണെന്ന് യുഡിഎഫ് കരുതുന്നു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാന് 648 വോട്ടുകളുടെ മേല്‍ക്കൈ നേടാനായിരുന്നു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരൂരില്‍ എ.എം.ആരിഫിന്റെ 2016ലെ വന്‍ ഭൂരിപക്ഷം ഷാനിമോള്‍ മറികടന്നത് വോട്ടിങ് പാറ്റേണിന്റെ പ്രത്യേകത കൊണ്ട് മാത്രമാണെന്ന് അരൂരിലെ എല്‍ഡിഎഫിന്റെ പ്രചാരണ ചുമതല വഹിച്ചിരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു ചൂണ്ടിക്കാണിക്കുന്നു. 'ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയാന്തരീക്ഷമല്ല നിയമസഭാ തിരഞ്ഞെടുപ്പില്‍. അത് അരൂരിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. 2014 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൊള്ളായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് 38,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 2009 ലോക്‌സഭയില്‍ യുഡിഎഫ് 16,000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയപ്പോള്‍ 2011 നിയമസഭയില്‍ എല്‍ഡിഎഫ് 19,000 വോട്ടുകളുടെ ഭൂരിപക്ഷം നേടി. നിയസഭാ തിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തിന് ഇങ്ങനെ വ്യക്തമായ വോട്ടിങ് പാറ്റേണുണ്ട്. ആ പാറ്റേണ്‍ നിലനിര്‍ത്താനും വിപുലീകരിക്കാനും ഇത്തവണയും ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കായിട്ടുണ്ട്.'

aroor
എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥി മനു സി. പുളിക്കലിനൊപ്പം പ്രചാരണ കൊട്ടിക്കലാശത്തില്‍

അരൂര്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ള മണ്ഡലമാണെന്നും മഴയെ അതിജീവിച്ചും തങ്ങളുടെ വോട്ടര്‍മാരില്‍ ഭൂരിപക്ഷത്തെയും പോളിങ് ബൂത്തുകളില്‍ എത്തിക്കാനായിട്ടുണ്ടെന്നും സി.ബി.ചന്ദ്രബാബു പറഞ്ഞു. ഭൂരിപക്ഷം എത്രയെന്ന് പ്രവചിക്കാനില്ലെന്നും എന്നാല്‍ വ്യക്തമായ ഭൂരിപക്ഷം അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു.സി.പുളിക്കലിന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന പോരാട്ടം ഇടത്-വലത് മുന്നണികള്‍ തമ്മിലാണെങ്കിലും അരൂരില്‍ ശുഭ പ്രതീക്ഷയിലാണ് എന്‍ഡിഎ നേതൃത്വവും. ഫലം വരുമ്പോള്‍ മുന്നണി ശക്തമായ സാന്നിധ്യം അറിയിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍ പറഞ്ഞു. 'ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്ന രണ്ടു മുന്നണികള്‍ക്ക് എതിരായ പോരാട്ടം, ബിഡിജെഎസിന്റെ ശക്തമായ പിന്തുണ തുടങ്ങിയ ഘടകങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമാണ്. ഇതുവരെ അരൂര്‍ മണ്ഡലത്തില്‍ ബിജെപിയ്ക്ക് ലഭിച്ചതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വോട്ടുകളാകും ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ്ബാബു സമാഹരിക്കുക.' ബിഡിജെഎസ് മാറിനിന്നു എന്നത് വെറും പ്രചാരണം മാത്രമാണെന്നും മുന്നണി സംവിധാനം ശക്തമാണെന്നും എന്‍.ശിവരാജന്‍ പറഞ്ഞു.

Content Highlights: Kerala byelection 2019 aroor byelection