പൂച്ചാക്കൽ: അരൂർ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പുപോരാട്ടം അവസാന ലാപ്പിലെത്തിയതോടെ ഏറെ ആവേശത്തിലാണ് സ്ഥാനാർഥികൾ. യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്‌മാൻ ബുധനാഴ്ച രാവിലെ പൂച്ചാക്കൽ മേഖലയിൽ പര്യടനം നടത്തി. പൂച്ചാക്കലിലെ വ്യാപാരസ്ഥാപനങ്ങളിലും മീൻവിൽപ്പന കേന്ദ്രങ്ങളിലുമെത്തി വോട്ടഭ്യർഥിച്ചു. ഓട്ടോത്തൊഴിലാളികളെയും ചുമട്ടുതൊഴിലാളികളെയും കണ്ടു.
വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും സന്ദർശിച്ചു. പൂച്ചാക്കലിലെ വ്യവസായസ്ഥാപനങ്ങളിലെ തൊഴിലാളികളെ കണ്ട് വോട്ട് ചോദിച്ചു. ഉച്ചകഴിഞ്ഞ് ഷാനിമോൾ ഉസ്‌മാൻ വളമംഗലം, കുത്തിയതോട് വെസ്റ്റ്, പള്ളിത്തോട്, നാലുകുളങ്ങര, കരുമാഞ്ചേരി, എഴുപുന്ന, കുമ്പളങ്ങിഫെറി തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. എഴുപുന്ന വെസ്റ്റ് മേഖലയിലെ വാടക്കാത്ത് മേഖലയിലായിരുന്നു പര്യടനം സമാപിച്ചത്.

എൽ.ഡി.എഫ്. സ്ഥാനാർഥി മനു സി.പുളിക്കൽ തുറവൂർ ഭാഗത്തുനിന്നാണ് മണ്ഡലപര്യടനം തുടങ്ങിയത്. മനക്കോടം, കുത്തിയതോട്, ചാവടി, നാലുകുളങ്ങര, വല്ലേത്തോട്, എരമല്ലൂർ പ്രദേശങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. സ്വീകരണകേന്ദ്രങ്ങളിൽ വിവിധ കലാപരിപാടികളും അരങ്ങേറി. കാക്കത്തുരുത്തിലാണ് സമാപിച്ചത്. എൽ.ഡി.എഫ്. നേതാക്കളെത്തിയ കുടുംബയോഗങ്ങളിലും പങ്കെടുത്തു.

എൻ.ഡി.എ. സ്ഥാനാർഥി കെ.പി.പ്രകാശ്ബാബു പള്ളിപ്പുറം പഞ്ചായത്തിലെ കുട്ടൻചാലിൽനിന്നാണ് പര്യടനം തുടങ്ങിയത്. പള്ളിപ്പുറം പഞ്ചായത്ത് പ്രദേശത്ത് റോഡ്ഷോയിൽ പങ്കെടുത്തു. വ്യാപാര, വ്യവസായസ്ഥാപനങ്ങളിലും ആരാധാനാലയങ്ങളിലുമെത്തി. പള്ളിപ്പുറം കടവിൽ ഭാഗം, അരൂർ പഞ്ചായത്ത് മേഖലയിൽ വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ചന്തിരൂരിൽ പര്യടനം സമാപിച്ചു.
Content Highlights: Kerala Byelection 2019 Aroor