അരൂര്‍: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പിഡബ്ല്യുഡി എന്‍ജിനീയര്‍ നല്‍കിയ പരാതിയിലാണ് അരൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. 

പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറാണ് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിന് അരൂര്‍ പോലീസിന് പരാതി കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് ഷാനിമോള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്. 

സെപ്റ്റംബര്‍ 27ന് രാത്രി 11 മണിക്ക് ഷാനിമോള്‍ ഉസ്മാനും അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നെത്തി റോഡിന്റെ അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയെന്നാണ് പരാതി. ഉദ്യോഗസ്ഥരെ തടയുകയും പണി നടത്താന്‍ അനുവദിക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ചട്ടം മറികടന്ന് നിര്‍മാണപ്രവര്‍ത്തനം നടത്തിയത് തടയുകയാണ് ഷാനിമോള്‍ ഉസ്മാന്‍ ചെയ്തതെന്നും രാഷ്ട്രീയ പ്രതികാരം മൂലമാണ് കേസെടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂര്‍ പ്രതികരിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പുമുതല്‍ നടന്നുവരുന്ന നിര്‍മാണ പ്രവൃത്തിയാണിതെന്നും ഇതാണ് ഷാനിമോളുടെ നേതൃത്വത്തില്‍ തടഞ്ഞതെന്നും പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ പറയുന്നു.

Content Highlights: case against congress candidate shanimol usman