മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പി-ശിവസേന ചര്‍ച്ചകള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുന്നതിനിടെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്‍.സി.പി തലവന്‍ ശരദ് പവാറിനെ കണ്ട് ചര്‍ച്ച നടത്തി. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബദല്‍ സാധ്യതകള്‍ പരിശോധിക്കുമെന്ന ഭീഷണിക്കിടെ ശിവസേന നടത്തിയ ഈ നീക്കത്തെ ആശങ്കയോടെയാണ് ബി.ജെ.പി ഉറ്റുനോക്കുന്നത്.

എന്നാല്‍ ഇത് ദീപാവലിയുടെ ഭാഗമായുള്ള സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് സഞ്ജയ് റാവത്തിന്റെ നിലപാട്. ഈ ആഴ്ച ആദ്യം പാര്‍ട്ടി നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യറായിയെ സന്ദര്‍ശിച്ചിരുന്നു. ഇതും സൗഹൃദ സന്ദര്‍ശനമാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ ഗവര്‍ണറെ സന്ദര്‍ശിച്ചു. എന്നാല്‍ തന്റെ സന്ദര്‍ശനം കര്‍ഷക പ്രശ്‌നവുമായി ബന്ധപ്പെട്ടാണെന്നും സര്‍ക്കാര്‍ രൂപീകരണവുമായി ഇതിന് ബന്ധമില്ലെന്നും ആദിത്യ പ്രതികരിച്ചു.

തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷിയായ കോണ്‍ഗ്രസിനൊപ്പം പ്രതിപക്ഷത്തിരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് എന്‍.സി.പി വ്യക്തമാക്കിയിരുന്നു. അതേസമയം ബി.ജെ.പിയുമായി സമവായത്തിലെത്താത്ത ശിവസേനയ്ക്കൊപ്പം ചേര്‍ന്ന് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ നടത്താന്‍ എന്‍.സി.പി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബി.ജെ.പിയുമായി ചേര്‍ന്നു മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കൂ എന്ന് നേരത്തെ ശിവസേന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ബി.ജെ.പി പ്രഖ്യാപിച്ചതോടെ ശിവസേനയുടെ നിലപാടുകളില്‍ മാറ്റം പ്രകടമായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച കലഹത്തിനിടയില്‍ ശരദ് പവാര്‍ ശിവസേനയ്ക്ക് ധാര്‍മിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശിവസേനയുടെ ആവശ്യങ്ങളില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. നേരത്തെയും ശിവസേനാ നേതാക്കള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായിട്ടുണ്ടെന്ന് പവാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

21 ന് നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 288 സീറ്റില്‍ 105 സീറ്റാണ് ബി.ജെ.പി നേടിയത്. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബി.ജെ.പിയ്ക്ക് 56 സീറ്റുള്ള ശിവസേനയുടെ പിന്തുണ ആവശ്യമാണ്. ഈ സാഹചര്യം മുതലെടുത്ത് പരമാവധി നേട്ടം ഉണ്ടാക്കാനാണ് ശിവസേനയുടെ ശ്രമം. എന്‍.സി.പിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുമാണ് സംസ്ഥാനത്തുള്ളത്.

content highlights: Shiv Sena's Sanjay Raut Meets Sharad Pawar Amid Tension With Ally BJP