മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടാമെന്ന ഉറപ്പ് നല്‍കണമെന്ന ആവശ്യം കടുപ്പിച്ച് ശിവസേന. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുമായി തീരുമാനിച്ച 50:50 കരാര്‍(രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദവി) നടപ്പാക്കുമെന്ന ഉറപ്പ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍നിന്ന് എഴുതിവാങ്ങണമെന്നാണ് ശിവസേന എം.എല്‍.എമാരുടെ അഭിപ്രായം.

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ വസതിയില്‍  56 എം.എല്‍.എമാരും പങ്കെടുത്ത നിയമസഭാകക്ഷി യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. 

ബി.ജെ.പി.യുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ മുതിര്‍ന്ന നേതാക്കള്‍ ധാരണ അംഗീകരിച്ച് ഒപ്പിട്ട്‌ നല്‍കണമെന്നാണ് ശിവസേന എം.എല്‍.എമാരുടെ ആവശ്യം. ഉദ്ധവ് താക്കറെ ഈ കത്ത് എഴുതിവാങ്ങുന്നത് ഉറപ്പുവരുത്തണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന്‌ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ ഉറപ്പുനല്‍കിയതാണ്. അങ്ങനെയാണെങ്കില്‍ ബി.ജെ.പി.ക്കും ശിവസേനയ്ക്കും രണ്ടരവര്‍ഷം വീതം ഭരണംനടത്താം. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം ലഭിക്കുകയും ചെയ്യും.ഇക്കാര്യത്തില്‍ ഉദ്ധവ് താക്കറെ ബി.ജെ.പി.യില്‍നിന്ന് ഉറപ്പുവാങ്ങിക്കണം- ശിവസേന എം.എല്‍.എയായ പ്രതാപ് സര്‍നായിക്ക് പ്രതികരിച്ചു. 

ഫോര്‍മുലയില്‍നിന്ന് പിന്നോട്ടില്ലെന്ന് ശിവസേന ഉറപ്പിച്ചുപറയുമ്പോഴും ബി.ജെ.പി. ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ആശയക്കുഴപ്പമില്ലെന്നും ബി.ജെ.പി.യും ശിവസേനയും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കില്‍ തങ്ങള്‍ തന്നെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബി.ജെ.പി. നേതാവ് ആശിഷ് ഷേലാര്‍ പറഞ്ഞു. 

നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ നേരത്തെ തീരുമാനിച്ച ഫോര്‍മുലയെക്കുറിച്ച് ബി.ജെ.പി.യെ ഓര്‍മ്മിപ്പിച്ചിരുന്നു. അമിത് ഷായുമായി തീരുമാനിച്ചുറപ്പിച്ച ഫോര്‍മുല നടപ്പാക്കാനുള്ള സമയമായെന്നായിരുന്നു അദ്ദേഹം വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. 

ഉദ്ധവ് താക്കറെയുടെ മകനും കന്നിയങ്കത്തില്‍തന്നെ എം.എല്‍.എയുമായ ആദിത്യ താക്കറെയെ ആദ്യം മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. ഭാവി മുഖ്യമന്ത്രി ആദിത്യ താക്കറെയാണെന്നുള്ള പോസ്റ്ററുകളും ഇതിനോടകം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ ഫോര്‍മുല നടപ്പാക്കുകയാണെങ്കില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ ആദ്യം മുഖ്യമന്ത്രിയാകണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി,അമിത് ഷാ തുടങ്ങിയ നേതാക്കളുടെ ആഗ്രഹം. ഇതിനിടെ, ശിവസേനയില്‍നിന്ന് വിട്ട് വിമതരായി മത്സരിച്ച എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ബി.ജെ.പി. അവകാശപ്പെട്ടിരുന്നു. 

Content Highlights: shiv sena mlas decided to get assurance letter from bjp and wants aaditya thackeray as cm