മുംബൈ: പടയാളികളെ നഷ്ടപ്പെട്ടിട്ടും ഒറ്റയ്ക്കുനിന്ന് പോരാടി നേടിയ വിജയമാണ് മഹാരാഷ്ട്രയില്‍ ശരദ് പവാറിന്. എംഎല്‍എമാരടക്കം ഒട്ടേറെ നേതാക്കള്‍ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി പാളയത്തിലെത്തിയെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ 2014-നേക്കാള്‍ 13 സീറ്റുകള്‍ കൂടുതല്‍ നേടിയാണ് എന്‍സിപി മറുപടി നല്‍കിയത്. അക്ഷരാര്‍ഥത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന് കൂടി അവകാശപ്പെടാനുള്ളതാണ് ഈ വിജയം. 

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായ ശരദ് പവാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അടുത്തിടെ നേരിട്ട വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. ഓരോ ദിവസവും ബിജെപി തങ്ങളുടെ നേതാക്കളെ ചാക്കിട്ടുപിടിച്ചപ്പോള്‍ നോക്കിനില്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. പക്ഷേ എന്തുസംഭവിച്ചാലും നിലപാടില്‍ മാറ്റമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ശരദ് പവാറും സംഘവും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. ഒടുവില്‍ ഫലം പുറത്തുവന്നപ്പോള്‍ അമ്പതിലേറെ സീറ്റുകളില്‍ വിജയക്കൊടി നാട്ടി. 

എന്‍സിപി നേതാക്കളെ ബിജെപിയില്‍ എത്തിച്ചതിന് പിന്നില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ തന്ത്രങ്ങളായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എന്‍സിപിയുടെ ഒട്ടേറേ നേതാക്കളാണ് മഹാരാഷ്ട്രയില്‍ ബിജെപി പാളയത്തിലെത്തിയത്. എന്‍സിപി എംഎല്‍എമാരും ശരദ് പവാറുമായി അടുപ്പമുള്ളവരും ഇതില്‍ ഉള്‍പ്പെടും. ഉദാഹരണത്തിന് എന്‍സിപി നേതാവും മുന്‍ എംഎല്‍എയുമായ നിരഞ്ജന്‍ ഡാവ്കറെ 2017-ന്റെ അവസാനത്തോടെയാണ് ബിജെപിയുമായി അടുക്കുന്നത്. ശരദ് പവാറുമായി അടുത്തബന്ധമുണ്ടായിരുന്ന വസന്ത് ഡാവ്കറെയുടെ മകന്‍ കൂടിയാണ് അദ്ദേഹം. ബിജെപിയില്‍ ചേര്‍ന്നാല്‍ എംഎല്‍എ സീറ്റായിരുന്നു നിരഞ്ജന് ലഭിച്ച വാഗ്ദാനം. ഇക്കാര്യമറിഞ്ഞ ശരദ് പവാര്‍ ബിജെപി വാഗ്ദാനം നിരസിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നിരഞ്ജന്‍ വഴങ്ങിയില്ല.

നിരഞ്ജന്‍ എത്തിയതിന് പിന്നാലെയാണ് ദേവേന്ദ്ര ഫഡ്നാവിസ് കൂടുതല്‍ എന്‍സിപി നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കുന്നത്. രഹസ്യയോഗങ്ങള്‍ നടത്തി നിരഞ്ജന്‍ കളത്തില്‍ സജീവമായപ്പോള്‍ പിന്നില്‍ ദേവേന്ദ്ര ഫഡ്നാവിസുമുണ്ടായിരുന്നു. അങ്ങനെ ശരദ് പവാറിനെ പോലും വിലകല്‍പ്പിക്കാതെ ഒട്ടേറെ എന്‍സിപി നേതാക്കള്‍ ബിജെപിയിലെത്തി.

സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ശരദ് പവാറിനും എന്‍സിപിക്കുമുണ്ടായിരുന്ന സ്വാധീനമായിരുന്നു പാര്‍ട്ടിയില്‍ നിലനില്‍ക്കാന്‍ പലരെയും പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍ വ്യവസായ രംഗത്തും കാര്‍ഷിക രംഗത്തും പ്രത്യേകിച്ച് പഞ്ചസാര ഫാക്ടറി ഉടമകള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ ബിജെപി അവിടെയും ശക്തിതെളിയിച്ചു. ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ മുഖേന ഇവര്‍ക്ക് അനായസം വായ്പകള്‍ അനുവദിച്ചു. ഈ സഹായത്തിന് പരസഹായമെന്നോളം മിക്ക എന്‍സിപി നേതാക്കളും ബിജെപിയില്‍ ചേരുകയും ചെയ്തു.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പും എന്‍സിപിയില്‍നിന്ന് ബിജെപിയിലേക്ക് ചേക്കേറുന്നത് തുടര്‍ന്നു. കൈജ് മണ്ഡലത്തില്‍ ശരദ് പവാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നമിത മുന്ദഡ ഒരു സുപ്രഭാതത്തില്‍ ബിജെപിയിലെത്തി. എന്നാല്‍ ആ സമയത്തൊന്നും സംയമനം കൈവിടാതെ പവാര്‍ തന്റേതായ രീതിയില്‍ തിരഞ്ഞെടുപ്പിനെ നേരിടാനുറപ്പിച്ചു. 

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ സത്താറയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധനേടിയിരുന്നു. കനത്തമഴയെ അവഗണിച്ച് മഴനനഞ്ഞ് പ്രസംഗിച്ച ശരദ് പവാര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തനിക്ക് തെറ്റുപറ്റിയെന്നും ഏറ്റുപറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഉദയന്‍രാജെ ഭോസ്ലെ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഭോസ്ലെ തന്നെയായിരുന്നു സത്താറയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനിറങ്ങിയത്. ഈ സാഹചര്യത്തിലാണ് തന്റെ നേരത്തെയുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തെറ്റുപറ്റിയെന്ന് പവാര്‍ ഏറ്റുപറഞ്ഞത്. ഏറെ വികാരനിര്‍ഭരമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഒടുവില്‍ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആ വാക്കുകള്‍ ജനങ്ങളുടെ മനസില്‍ കൊണ്ടെന്നുവേണം പറയാന്‍.

Content Highlights: sharad pawar and ncp got a decent victory in maharashtra assembly election 2019