ലാത്തൂര്‍:  മഹാരാഷ്ട്രയില്‍ എന്‍ഡിഎ തുടര്‍ഭരണത്തിലേക്ക് ചുവടുവച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് നോട്ടയാണ്. ലാത്തൂര്‍ റൂറല്‍, പലസ് കദേഗാവ് മണ്ഡലങ്ങളിലാണ് നോട്ട രണ്ടാം സ്ഥാനത്തെത്തിയത്.

ലത്തൂര്‍ റൂറലില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ മകന്‍ ധീരജ് വിലാസ്‌റാവു ദേശ്മുഖ് പോള്‍ ചെയ്ത വോട്ടിന്റെ 67.64 ശതമാനവും നോടിയാണ് ജയിച്ചത്. ദേശ്മുഖിന് 1,35,006 വോട്ട് കിട്ടിയപ്പോള്‍ രണ്ടാമതെത്തിയ നോട്ടയുടെ പെട്ടിയില്‍ വീണത് 27,500 വോട്ടാണ്. ധീരജ് വിലാസ്‌റാവു ദേശ്മുഖിന്റെ മുഖ്യ എതിരാളി ശിവസേനയുടെ രവി രാമരാജ് ദേശ്മുഖിന് ലഭിച്ചത് വെറും 13524 വോട്ട് മാത്രമാണ്.

പലസ് കദേഗാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കദം വിശ്വജിത്ത് പതംഗറാവു പോള്‍ ചെയ്ത വോട്ടിന്റെ 83.04 ശതമാനം വോട്ട്(1,71,497) നേടിയപ്പോള്‍ രണ്ടാമതെത്തിയ നോട്ടയ്ക്ക് കിട്ടിയത് 20631 വോട്ടാണ്. ശിവസേന സ്ഥാനാര്‍ഥിക്ക് കിട്ടിയത് കേവലം 8976 വോട്ട് മാത്രം. ഹരിയാണയിലും ജനവിധി നിശ്ചയിച്ചതില്‍ നോട്ട നിര്‍ണായകമായി.

ഇഞ്ചോടിച്ച് പോരാട്ടം നടന്ന ആറ് സീറ്റിലും നോട്ടയ്ക്ക് കിട്ടിയ വോട്ട് നിര്‍ണായകമായി. തനേസര്‍ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി സുഭാഷ് സുധ കോണ്‍ഗ്രസിന്റെ അശോക് കുമാറിനെ പരാജയപ്പെടുത്തിയത് 842 വോട്ടിനാണ്. ഇവിടെ നോട്ടയ്ക്ക് കിട്ടിയത് 951 വോട്ടാണ്. സിര്‍സയിലും ഹരിയാണ ലോക്ഹിത്‌ പാര്‍ട്ടി സ്ഥാനാര്‍ഥി 602 വോട്ടിന് ജയിച്ചപ്പോള്‍ നോട്ടയില്‍ 579 വോട്ട് വീണു.

നാല് സീറ്റ് ബിജെപിക്ക് അനുകൂലമായതില്‍ ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കൈത്താലില്‍ തോറ്റത് 561 വോട്ടിനാണ്. ഇവിടെയും നോട്ടയില്‍ 1246 വോട്ട് വീണു.

Content Highlights: In Haryana NOTA decides results in 6