മുംബൈ: ഏറെ നാള്‍ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മൂത്ത മകന്‍ ആദിത്യ താക്കറയെ മഹാരാഷ്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ തീരുമാനം. മുംബൈയിലെ വോര്‍ളി മണ്ഡലത്തിലാകും ആദിത്യ മത്സരിക്കുകയെന്ന് ശിവസേന അറിയിച്ചു.
താക്കറെ കുടുംബത്തില്‍ നിന്ന് ഇതാദ്യമായാണ് ഒരാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ശിവസേനയുടെ സുരക്ഷിതമായ മണ്ഡലമാണ് വോര്‍ളി. ഉദ്ധവ് താക്കറെയുടെ വിശ്വസ്താനായ സുനില്‍ ഷിന്‍ഡെയാണ് ഇവിടുത്തെ സിറ്റിങ് എംഎല്‍എ. 2014-ല്‍ ഷിന്‍ഡെയുടെ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എന്‍സിപി നേതാവ് സച്ചിന്‍ അഹിര്‍ അടുത്തിടെ ശിവസേനയില്‍ ചേര്‍ന്നിരുന്നു. ഇതുകൂടി ആയതോടെ ആദിത്യ താക്കറെക്ക് മണ്ഡലത്തില്‍ അനായാസ ജയം ഉറപ്പാണ്.
എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദം ലക്ഷ്യമാക്കിയാണ് ആദിത്യ താക്കറയെ മത്സരിപ്പിക്കുന്നത്. ശിവസേനയില്‍ നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പിതാവ് ബാല്‍ താക്കറെക്ക് നല്‍കിയ വാഗ്ദാനം കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ ഓര്‍മിപ്പിച്ചിരുന്നു.
ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ തന്നെ പുതിയ സര്‍ക്കാര്‍ വരുമെന്ന് ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് ശിവസേന മുഖ്യമന്ത്രി പദത്തിനുള്ള നീക്കങ്ങള്‍ നടത്തുന്നത്.
മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ജൂലായില്‍ ആദിത്യ താക്കറെ സംസ്ഥാനത്ത് 'ജന്‍ ആശിര്‍വാദ് യാത്ര' സംഘടിപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനാണ് യാത്രയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ശേഷമാണ് ആദിത്യയെ മുഖ്യമന്ത്രിയാക്കാനുള്ള ശിവസേനയുടെ നീക്കങ്ങള്‍ ഊര്‍ജിതമായത്.
താക്കറെ കുടുംബാംഗവും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷനുമായ രാജ് താക്കറെ 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റിയിരുന്നു.
Content Highlights: Maharashtra elections: Aaditya Thackeray set to make poll debut from Worli