മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ സതാരയില്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതില്‍ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധൈര്യം കാണിക്കാത്തതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പവാറിനെതിരെ നടത്തിയ പരിഹാസത്തിന് പിന്നാലെയായിരുന്ന അദ്ദേഹത്തിന്റെ തുറന്ന് സമ്മതിക്കല്‍. കശ്മീരിന്റെ പേരില്‍ ഭിന്നിപ്പക്കല്‍ രാഷ്ട്രീയം കളിക്കുന്ന ഒരു നേതാവിന് സ്വന്തം തട്ടകമായ സതാരയില്‍ പോലും മത്സരിക്കാന്‍ ധൈര്യമില്ലെന്നായിരുന്നു മോദിയുടെ പരിഹാസം. 

ഈ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സതാരയില്‍ നിന്ന് എന്‍സിപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ഉദയന്‍രാജെ ഭോസ്ലെ ആഴ്ചകള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഭോസ്ലെയെ തന്നെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കിയിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ഭോസ്ലയെ നിറുത്തിയത് തന്റെ തെറ്റായിരുന്നുവെന്ന് ഏറ്റുപറഞ്ഞിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എനിക്കൊരു തെറ്റുപറ്റി. പരസ്യമായി ഞാന്‍ അത് അംഗീകരിക്കുന്നു. എന്നാല്‍ ആ തെറ്റ് തിരുത്തുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. സതാരയിലെ എല്ലാ യുവജനങ്ങളും പ്രായമായവരും ഒക്ടോബര്‍ 21-നായി കാത്തിരിക്കുകയാണെന്നും പവാര്‍ പറഞ്ഞു. 

കനത്ത മഴയെ അവഗണിച്ചായിരുന്ന സതാരയില്‍ നടന്ന റാലിയില്‍ പവാര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. ഒക്ടോബര്‍ 21 ലെ തിരഞ്ഞെടുപ്പിന് മഴ ദൈവം എന്‍സിപിയെ അനുഗ്രഹിച്ചിരിക്കുകയാണ്. മഴദേവന്റെ അനുഗ്രഹത്താല്‍ സതാര ജില്ല മഹാരാഷ്ട്രയില്‍ ഒരു അത്ഭുതം സൃഷ്ടിക്കും. ആ അത്ഭുതം ഒക്ടോബര്‍ 21 മുതല്‍ ആരംഭിക്കുമെന്നും പവാര്‍ റാലിയില്‍ പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് സതാര ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പും നടക്കുന്നത്. ഒക്ടോബര്‍ 24-നാണ് വോട്ടെണ്ണല്‍.ശ്രീനിവാസ് പാട്ടീലാണ് സതാരയിലെ എന്‍സിപി സ്ഥാനാര്‍ഥി.

Content Highlights: Maharashtra Election 2019: Drenched In Rain At Rally, Sharad Pawar Admits "A Mistake" In Satara