മുംബൈ: അധികാരത്തിന്റെ ധാര്‍ഷ്ഠ്യം ജനങ്ങള്‍ക്ക് ഇഷ്ടമല്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. കൂറുമാറ്റം ജനങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.  എന്‍സിപിയില്‍ നിന്ന് ബിജെപിയിലേക്കും ശിവസേനയിലേക്കും കൂറുമാറിയ നേതാക്കളെ ഉന്നംവച്ചായിരുന്നു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമുള്ള പവാറിന്റെ പ്രതികരണം.

"കുറഞ്ഞനാളുകള്‍ക്കിടെ എന്‍സിപിയില്‍ നിന്ന് നിരവധി നേതാക്കളാണ് ബിജെപിയിലേക്കും ശിവസേനയിലേക്കും എത്തിയിരുന്നത്. പുതിയ നേതൃനിരയിലേക്ക് ഉയരുന്നതിനെ കുറിച്ചാണ് ഞങ്ങൾ ചിന്തിക്കുന്നത്. പ്രതിപക്ഷത്ത് ഇരിക്കാനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത് അത് ഞങ്ങള്‍ അംഗീകരിക്കുന്നു"- ശരദ് പവാര്‍ പറഞ്ഞു.

ബിജെപിയെ പുറത്താക്കി ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കോണ്‍ഗ്രസ്സും എന്‍സിപിയും സഹായം വാഗ്ദാനം ചെയ്‌തേക്കുമെന്ന ആരോപണങ്ങളെയും ശരദ് പവാര്‍ തള്ളി. "അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. അങ്ങനൊരു നിര്‍ദേശം ആരും വെച്ചിട്ടുമില്ല", സര്‍ക്കാര്‍ രൂപവത്കരിക്കാനല്ല പ്രതിപക്ഷത്ത് ഇരിക്കാനാണ് തീരുമാനമെന്നും പവാര്‍ പറഞ്ഞു. 

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം കോണ്‍ഗ്രസിന് വലിയ തോല്‍വി പ്രവചിച്ചപ്പോള്‍ കോണ്‍ഗ്രസ് - എന്‍സിപി സഖ്യം അപ്രതീക്ഷിത മുന്നേറ്റമാണ് മഹാരാഷ്ട്രയില്‍ കാഴ്ചവെച്ചത്.  കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച്  എന്‍സിപിക്ക് സീറ്റ് ഉയര്‍ത്താനായി. കഴിഞ്ഞതവണ പ്രതിപക്ഷ സഖ്യം 83 സീറ്റ് നേടിയെങ്കില്‍ ഇത്തവണ 100 ലേക്ക് അടുക്കുന്ന കാഴ്ചയാണ് കാണുന്നത്. 

സത്താറയില്‍ മഴ നനഞ്ഞുകൊണ്ട് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരത് പവാര്‍ നടത്തിയ പ്രസംഗം വോട്ടര്‍മാരെ വന്‍തോതില്‍ സ്വാധീച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം പറയുന്നത്.

content highlights: Maharashtra assembly election Sharad pawar reaction