പല്‍ഗാര്‍: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ പല്‍ഗാര്‍ ജില്ലയില്‍ 50 ശിവസേന പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. ജില്ലയിലെ അംബേസരി, നാഗ്സരി പ്രദേശങ്ങളിലെ നിന്നുള്ള പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. ദഹാനു മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ഥി വിനോദ് നിക്കോളെയെ വിജയിപ്പിക്കാനായി പ്രവര്‍ത്തിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി.

അംബേസരിയില്‍ നടന്ന സി.പി.എം പൊതുയോഗത്തില്‍ രാജിവെച്ചെത്തിയവര്‍ക്ക് സ്വീകരണം നല്‍കി. മഹാരാഷ്ട്രയിലെ സി.പി.എം നേതാക്കളായ അഷോക് ധാവ്‌ളെ, മറിയം ധാവ്‌ളെ, സ്ഥാനാര്‍ഥി വിനോദ് നിക്കോളെ എന്നിവരും പൊതുയോഗത്തില്‍ സംസാരിച്ചു. 

ദഹാനു മണ്ഡലത്തില്‍ കോണ്‍ഗ്രസ്, എന്‍.സി.പി, വി.ബി.ഐ എന്നീ പാര്‍ട്ടികളുടെ പിന്തുണയും വിനോദ് നിക്കോളെയ്ക്കാണ്. അതിനാല്‍ ഈ സീറ്റില്‍ വിജയിച്ചു കയറാനാകുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. നിലവില്‍ ബി.ജെ.പിയുടെ സിറ്റിങ്‌ സീറ്റാണ് ദഹാനു. നിലവില്‍ എട്ട് മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്.

മുതിര്‍ന്ന നേതാവും ഏഴ് തവണ എം.എല്‍.എയുമായ ജെ.പി ഗാവിത് മത്സരിക്കുന്ന കല്‍വാന്‍ മണ്ഡലമാണ് സിപിഎം പ്രതീക്ഷ വച്ചിട്ടുള്ള മറ്റൊരു സീറ്റ്‌.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്.

content highlights: Maharashtra: 50 Shiv Sainiks in Palghar join CPM